വ്യാജവാർത്തകൾക്കൊപ്പം പരസ്യം നൽകുന്ന കമ്പനികൾക്ക് സംഭവിക്കുന്നത് എന്ത്? ഡിജിറ്റൽ പരസ്യരംഗത്തെ കള്ളക്കളികൾ

Representational Image | Photo: AI Generated
Representational Image | Photo: AI Generated

ഡിജിറ്റൽ വിപ്ലവം മനുഷ്യർ വിവരങ്ങൾ, വിനോദം, വാർത്തകൾ എന്നിവ ഉപയോഗിക്കുന്ന രീതിയിൽ വലിയ മാറ്റങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ആശയവിനിമയം, വിനോദം, ബിസിനസ് പ്രചാരണം, പൊതുജനസമ്പർക്കം എന്നിവയ്ക്കുള്ള പ്രധാന വേദികളായി സാമൂഹികമാധ്യമങ്ങളും വീഡിയോ ഷെയറിങ് പ്ലാറ്റ്‌ഫോമുകളും മാറിക്കഴിഞ്ഞു. എന്നാൽ ഗൗരവമായി പരിഗണിക്കേണ്ട ഒരു പുതിയ ആശങ്കയും ഇതോടൊപ്പം വളരുന്നുണ്ട്. നിലവാരമില്ലാത്ത ഡിജിറ്റൽ ഉള്ളടക്കങ്ങളുടെ വർധന, ഹ്രസ്വസ്വഭാവവീഡിയോകളുടെ അമിതമായ കടന്നുവരവ്, ചില ഓൺലൈൻ വിവരസ്രോതസ്സുകളുടെ വിശ്വാസ്യതയിലുണ്ടാകുന്ന ഇടിവ് എന്നിവയാണവ.

ഇൻസ്റ്റഗ്രാം റീൽസ്, യുട്യൂബ് ഷോർട്സ്, ഫെയ്സ്ബുക്ക് വീഡിയോകൾ, സ്നാപ്പ്ചാറ്റ് സ്റ്റോറീസ്, ടിക്‌ടോക് മാതൃകയിലുള്ള ഹ്രസ്വവീഡിയോകൾ, വെർട്ടിക്കൽ മൈക്രോ ഡ്രാമകൾ, ഹ്രസ്വ വെബ് സീരീസുകൾ, ലൈവ് സ്ട്രീമുകൾ, ഗെയിമിങ് സ്ട്രീമുകൾ, ഇൻഫ്ലുവൻസർ പരിപാടികൾ, റിയാക്ഷൻ വീഡിയോകൾ, മീം ഉള്ളടക്കങ്ങൾ, തുടർച്ചയായി സ്ക്രോൾ ചെയ്യാവുന്ന വിനോദ ഫീഡുകൾ തുടങ്ങിയവ ഡിജിറ്റൽ ഉപഭോഗരീതിയെ അടിസ്ഥാനപരമായി മാറ്റിയിരിക്കുന്നു. ഓട്ടോപ്ലേ, അൽഗോരിതം അധിഷ്ഠിത ശുപാർശകൾ, വ്യക്തിഗത താൽപ്പര്യങ്ങൾക്കനുസരിച്ചുള്ള ഫീഡുകൾ, അനന്തമായ സ്ക്രോളിങ് എന്നിവയുടെ സംയോജനം ഉപയോക്താക്കളെ തുടർച്ചയായി കൂടുതൽ സമയം ഇത്തരം പ്ലാറ്റ്‌ഫോമുകളിൽ ചെലവഴിക്കാൻ പ്രേരിപ്പിക്കുന്നു.

ഈ സംവിധാനങ്ങൾ സ്വതന്ത്രമായി ഉള്ളടക്കം സൃഷ്ടിക്കുന്നവർക്ക് വലിയ അവസരങ്ങൾ നൽകിയിട്ടുണ്ട് എന്നത് നിഷേധിക്കാനാവില്ല. എന്നാൽ മനുഷ്യന്റെ ശ്രദ്ധയ്ക്കുവേണ്ടിയുള്ള മത്സരവും ഇതോടൊപ്പം വർധിച്ചിട്ടുണ്ട്. ഉപയോക്താക്കളുടെ ഇടപെടൽ, വീഡിയോ കാണുന്ന സമയം, ഷെയറുകൾ, പ്രതികരണങ്ങൾ, ആവർത്തിച്ചുള്ള സന്ദർശനങ്ങൾ എന്നിവ പ്ലാറ്റ്‌ഫോമുകളുടെ പ്രധാന പ്രകടനസൂചികകളാകുമ്പോൾ, യഥാർഥ മൂല്യമുള്ള ഇടപെടലും കേവലം ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയേണ്ടതുണ്ട്.

എല്ലാ ഹ്രസ്വവീഡിയോകളും സാമൂഹികമാധ്യമ ഇടപെടലുകളും ദോഷകരമാണെന്നല്ല ഇതിന്റെ അർഥം. വിദ്യാഭ്യാസപരമായ വീഡിയോകൾ, സർഗാത്മകമായ അവതരണങ്ങൾ, വിജ്ഞാനപ്രദമായ വിവരങ്ങൾ, ഉത്തരവാദിത്തമുള്ള ഡിജിറ്റൽ മാധ്യമപ്രവർത്തനം എന്നിവയ്ക്ക് വലിയ സാമൂഹിക പ്രസക്തിയുണ്ട്. എന്നാൽ വിവരപരമായോ സാമൂഹികമായോ കാര്യമായ മൂല്യം നൽകാതെ ഉപയോക്താക്കളുടെ ശ്രദ്ധയ്ക്കായി മത്സരിക്കുന്ന ആവർത്തന സ്വഭാവമുള്ളതും തെറ്റിദ്ധരിപ്പിക്കുന്നതും അതിരുകടന്നതുമായ ഉള്ളടക്കങ്ങളുടെ വർധന ആശങ്കാജനകം തന്നെയാണ്.

സാമ്പത്തികലാഭത്തിനുവേണ്ടി ശ്രദ്ധ പിടിച്ചുപറ്റാനുള്ള തന്ത്രങ്ങൾ

ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ പ്രധാനമായും ശ്രദ്ധ പിടിച്ചുപറ്റാനുള്ള ഇടങ്ങളായാണ് വർത്തിക്കുന്നത്. തദ്വാരാ സാമ്പത്തികലാഭം തന്നെയാണ് മുഖ്യലക്ഷ്യം. ഉപയോക്താക്കളുടെ പെരുമാറ്റം, താൽപ്പര്യങ്ങൾ, കാഴ്ചചരിത്രം (View Histrory), പ്രതികരണങ്ങൾ എന്നിവ നിരന്തരം വിശകലനം ചെയ്ത് അൽഗോരിതങ്ങൾ പുതിയ ഉള്ളടക്കങ്ങൾ ശുപാർശ ചെയ്യുന്നു.

ഇതിന്റെ ഫലമായി, കൂടുതൽ പ്രതികരണങ്ങൾ സൃഷ്ടിക്കുന്ന ഉള്ളടക്കങ്ങൾക്ക് വലിയ പ്രചാരം ലഭിക്കാം. എന്നാൽ അത്തരം ഉള്ളടക്കം യഥാർഥത്തിൽ വിജ്ഞാനപ്രദമാണോ, കാഴ്ചക്കാർക്കു പ്രയോജനമുള്ളതാണോ എന്നത് എല്ലായ്പ്പോഴും പരിഗണിക്കപ്പെടണമെന്നില്ല. അതിശയോക്തി നിറഞ്ഞ തലക്കെട്ടുകൾ, വൈകാരികമായി പ്രകോപിപ്പിക്കുന്ന സന്ദേശങ്ങൾ, ആവർത്തന സ്വഭാവമുള്ള വിനോദങ്ങൾ, വിവാദപരമായ ഉള്ളടക്കങ്ങൾ എന്നിവ കൂടുതൽ ഉപയോക്തൃ ഇടപെടലുകൾ സൃഷ്ടിക്കുന്നതിനുള്ള മാർഗങ്ങളായി മാറുന്നു.

2025-ൽ Psychological Bulletin പ്രസിദ്ധീകരിച്ച ഒരു സമഗ്ര പഠനവും മെറ്റാ അനാലിസിസും 98,299 പേരെ ഉൾപ്പെടുത്തിയ 71 പഠനങ്ങൾ വിലയിരുത്തി. ഹ്രസ്വവീഡിയോകളുടെ അമിത ഉപഭോഗം, ശ്രദ്ധ തുടങ്ങിയവ മനുഷ്യനിലെ ചില ബൗദ്ധികപ്രവർത്തനങ്ങളുമായി ബന്ധമുണ്ടെന്ന് പഠനം കണ്ടെത്തി. എന്നാൽ എല്ലാ ഹ്രസ്വവീഡിയോകളും ബൗദ്ധികശേഷിയെ ബാധിക്കുന്നു എന്നോ എല്ലാ ഉപയോക്താക്കളിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നു എന്നോ ഈ പഠനം തെളിയിക്കുന്നില്ല.

ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ രൂപകല്പന നിരന്തരം മനുഷ്യന്റെ ശ്രദ്ധയ്ക്കുവേണ്ടി മത്സരിക്കുന്ന തരത്തിലേക്ക് മാറുന്നു എന്നതാണ് പ്രധാന പ്രശ്നം. ഉപഭോഗം നിയന്ത്രിക്കാൻ പ്രയാസമാകുമ്പോൾ, അറിവിലോ ഉത്പാദനക്ഷമതയിലോ കാര്യമായ വർധനയില്ലാതെ ഉപയോക്താക്കൾ വലിയൊരു സമയം ഇത്തരം ഉള്ളടക്കങ്ങൾ കാണുന്നതിനായി ചെലവഴിച്ചേക്കാം.

ഇതിന്റെ പ്രത്യാഘാതങ്ങൾ വ്യക്തികളുടെ ജീവിതത്തിൽ മാത്രം ഒതുങ്ങുന്നില്ല. വിവരങ്ങൾ കണ്ടെത്തുന്ന രീതി, പൊതുജനാഭിപ്രായത്തിന്റെ രൂപീകരണം, വാർത്തകളുടെ ഉപഭോഗം, ഉപയോക്താക്കളുമായി ബിസിനസുകൾ ആശയവിനിമയം നടത്തുന്ന രീതി എന്നിവയെയും ഇത് സ്വാധീനിക്കുന്നു.

Representational image | Photo: AI Generated

ഡിജിറ്റൽ പരസ്യങ്ങളുടെ റീച്ച് ആണോ ഗുണനിലവാരമാണോ പ്രധാനം?

സാമൂഹികമാധ്യമങ്ങളുടെയും ഓൺലൈൻ വീഡിയോ പ്ലാറ്റ്‌ഫോമുകളുടെയും വളർച്ച ബിസിനസ് സ്ഥാപനങ്ങളെ അവരുടെ വിപണന ബജറ്റിന്റെ വലിയൊരു ഭാഗം ഡിജിറ്റൽ പരസ്യങ്ങളിലേക്ക് മാറ്റാൻ പ്രേരിപ്പിക്കുന്നു. നിർമിത ബുദ്ധി അധിഷ്ഠിത കാംപെയ്ൻ മാനേജ്‌മെന്റ്, ഓട്ടോമേറ്റഡ് ബിഡ്ഡിങ്, ഉപഭോക്തൃവിഭാഗങ്ങളെ തിരിച്ചറിയൽ, കൺവേർഷൻ ഒപ്റ്റിമൈസേഷൻ, പ്രോഗ്രാമാറ്റിക് അഡ്വർടൈസിങ് എന്നിവ പരസ്യപ്രചാരണങ്ങൾ കൂടുതൽ വേഗത്തിലും എളുപ്പത്തിലും നടപ്പാക്കാൻ സഹായിച്ചിട്ടുണ്ട്.

എന്നാൽ ഒരു പ്രധാന ചോദ്യം അവശേഷിക്കുന്നു: പരസ്യദാതാക്കൾക്ക് അവരുടെ നിക്ഷേപത്തിന് ആനുപാതികമായ ഗുണമേന്മയുള്ള പ്രചാരണവും യഥാർഥ ഉപഭോക്തൃശ്രദ്ധയും ലഭിക്കുന്നുണ്ടോ?

പരമ്പരാഗതമായി പരസ്യദാതാക്കൾ വിലയിരുത്തിയിരുന്നത് എത്രപേരിലേക്ക് പരസ്യം എത്തുന്നു എന്നത് മാത്രമായിരുന്നില്ല. പ്രസിദ്ധീകരണത്തിന്റെ വിശ്വാസ്യത, വായനക്കാരുടെ പ്രസക്തി, പരസ്യം പ്രത്യക്ഷപ്പെടുന്ന സാഹചര്യങ്ങൾ, മാധ്യമത്തിന്റെ സൽപ്പേര് എന്നിവയ്ക്കും വലിയ പ്രാധാന്യമുണ്ടായിരുന്നു.

എന്നാൽ ഡിജിറ്റൽ പരസ്യരംഗത്ത്, ഈ ഘടകങ്ങൾ ചിലപ്പോൾ ഓട്ടോമേറ്റഡ് പരസ്യവിതരണം, ഇംപ്രഷനുകൾ (Impressions), ക്ലിക്കുകൾ, കൺവേർഷൻ നിരക്കുകൾ തുടങ്ങിയ സൂചികകൾക്ക് പിന്നിലാകുന്നു.

ഒരു പരസ്യം ലക്ഷ്യമിട്ട ഉപഭോക്തൃവിഭാഗത്തിലേക്ക് സാങ്കേതികമായി എത്തിച്ചേരുന്നുണ്ടാകാം. എന്നാൽ അതുകൊണ്ട് മാത്രം ആ ഉപഭോക്താവ് പരസ്യം ശ്രദ്ധിച്ചു, വിശ്വസിച്ചു, പരസ്യപ്പെടുത്തിയ ഉത്പന്നത്തിലോ സേവനത്തിലോ താൽപ്പര്യം പ്രകടിപ്പിച്ചു എന്ന് ഉറപ്പാക്കാനാവില്ല.

അതിലും പ്രധാനമായി, തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ, വ്യാജവാർത്തകൾ, അതിരുകടന്ന വീഡിയോകൾ, അപമാനകരമായ ഉള്ളടക്കങ്ങൾ, അനുചിതമായ വിനോദങ്ങൾ തുടങ്ങിയവയ്ക്കൊപ്പം പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്നത് പരസ്യദാതാവിന് പ്രതികൂലമായ പ്രതിച്ഛായ സൃഷ്ടിച്ചേക്കാം.

ഇതാണ് പരസ്യത്തിന്റെ എത്തിച്ചേരലും (Reach) പരസ്യത്തിന്റെ ഗുണനിലവാരവും തമ്മിലുള്ള വ്യത്യാസം.

ഒരു പരസ്യദാതാവ് തന്റെ ബ്രാൻഡിന്റെ സൽപ്പേര് സംരക്ഷിക്കുന്ന അന്തരീക്ഷത്തിലാണ് പരസ്യം പ്രത്യക്ഷപ്പെടേണ്ടതെന്ന് പ്രതീക്ഷിക്കുന്നു. പരസ്യം വിശ്വാസ്യതയില്ലാത്തതോ അനുചിതമോ ആയ ഉള്ളടക്കങ്ങൾക്കിടയിൽ പ്രത്യക്ഷപ്പെടുമ്പോൾ, ഉടനടിയുള്ള പരസ്യനിക്ഷേപ നഷ്ടം മാത്രമല്ല, ബ്രാൻഡിന്റെ വിശ്വാസ്യതയ്ക്കും കോട്ടമുണ്ടാകാം.

നിലവാരമില്ലാത്ത പരസ്യവിന്യാസങ്ങളുടെ മറഞ്ഞിരിക്കുന്ന ചെലവ്

പ്രശ്നം സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ മാത്രം ഒതുങ്ങുന്നില്ല. പ്രോഗ്രാമാറ്റിക് പരസ്യ ശൃംഖലകൾ, മൂന്നാം കക്ഷി വീഡിയോ ഇൻവെന്ററികൾ (Inventry), മൊബൈൽ ആപ്ലിക്കേഷനുകൾ, വെബ്‌സൈറ്റുകൾ എന്നിവയിലൂടെയും അനുയോജ്യമല്ലാത്ത ഉള്ളടക്ക സാഹചര്യങ്ങളിൽ പരസ്യങ്ങൾ പ്രത്യക്ഷപ്പെടാം.

പരസ്യവരുമാനം മാത്രം ലക്ഷ്യമിട്ടു സൃഷ്ടിക്കുന്ന വെബ്‌സൈറ്റുകൾ, കൃത്രിമ ട്രാഫിക്, അസാധുവായ ക്ലിക്കുകൾ, വ്യാജ ഇടപെടലുകൾ, അമിതമായ പരസ്യസാന്ദ്രത, കുറഞ്ഞ മൂല്യമുള്ള ഉള്ളടക്ക ശൃംഖലകൾ എന്നിവ ഡിജിറ്റൽ പരസ്യരംഗം നേരിടുന്ന പ്രധാന വെല്ലുവിളികളാണ്.

2025 ഫെബ്രുവരിയിൽ eMarketer പ്രസിദ്ധീകരിച്ച, Pixalate ഗവേഷണത്തെ അടിസ്ഥാനമാക്കിയുള്ള വിശകലനം അനുസരിച്ച്, 2024-ലെ മൂന്നാം പാദത്തിൽ ആഗോള വെബ്‌സൈറ്റ് പരസ്യച്ചെലവിന്റെ ഏകദേശം 11 ശതമാനം Made-for-Advertising (MFA) വെബ്‌സൈറ്റുകളിലേക്കാണ് പോയത്. യഥാർഥമായ എഡിറ്റോറിയൽ അല്ലെങ്കിൽ വിജ്ഞാനപരമായ മൂല്യം നൽകുന്നതിനേക്കാൾ പരസ്യവരുമാനം സൃഷ്ടിക്കുന്നതിന് മുൻഗണന നൽകുന്ന വെബ്‌സൈറ്റുകളെയാണ് പൊതുവെ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത്.

Association of National Advertisers (ANA) ഉൾപ്പെടെയുള്ള വ്യവസായ സംഘടനകളും പ്രോഗ്രാമാറ്റിക് പരസ്യവിതരണ ശൃംഖലയിലെ സുതാര്യതക്കുറവ്, ഇടനിലക്കാരുടെ വർധന, അസാധുവായ ട്രാഫിക്, നിലവാരമില്ലാത്ത പരസ്യ ഇൻവെന്ററി എന്നിവ മൂലമുണ്ടാകുന്ന നഷ്ടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Representational Image | Photo: AI Generated

ഇതിന്റെ പ്രത്യാഘാതങ്ങൾ ഗൗരവമുള്ളതാണ്:

  • ഉത്പന്നവുമായി ബന്ധപ്പെട്ട പരസ്യങ്ങൾ യഥാർഥത്തിൽ അതിനോടു താൽപ്പര്യമില്ലാത്ത പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിനായി സ്ഥാപനങ്ങൾക്ക് വൃഥാ പണം ചെലവഴിക്കേണ്ടിവരുന്നു.

  • വിശ്വാസ്യതയുള്ളതും പ്രൊഫഷണലായി തയ്യാറാക്കുന്നതുമായ ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങൾക്ക് ഉയർന്ന അളവിൽ ഉള്ളടക്കം സൃഷ്ടിക്കുന്നവരുമായി മത്സരിക്കാൻ പ്രയാസമാകുന്നു.

  • യഥാർഥ ബിസിനസ് മൂല്യം നൽകാത്ത ഇംപ്രഷനുകൾക്കും ക്ലിക്കുകൾക്കും വേണ്ടി പരസ്യബജറ്റ് ചെലവഴിക്കപ്പെടുന്നു.

  • അനുയോജ്യമല്ലാത്ത ഉള്ളടക്കങ്ങൾക്കൊപ്പം ആവർത്തിച്ച് പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്നത് ബ്രാൻഡിന്റെ പ്രതിച്ഛായയെ ബാധിക്കുന്നു.

  • പ്രതീക്ഷിച്ച ഫലം ലഭിക്കാത്ത കാംപെയ്‌നുകളുടെ കാരണങ്ങൾ കണ്ടെത്തുന്നതിനായി വിപണനവിദഗ്ധർ അധികസമയവും പണവും ചെലവഴിക്കേണ്ടിവരുന്നു.

    അതിനാൽ, ഡിജിറ്റൽ പരസ്യങ്ങളുടെ മോശം പ്രകടനത്തെ കേവലം പരസ്യത്തിന്റെ രൂപകല്പനയിലോ കാംപെയ്ൻ മാനേജ്‌മെന്റിലോ ഉള്ള പിഴവായി മാത്രം കാണാനാവില്ല. പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്ന മാധ്യമാന്തരീക്ഷത്തിന്റെ ഗുണനിലവാരവും പരിശോധിക്കപ്പെടേണ്ടതുണ്ട്.

ഗുണനിലവാരം, വിശ്വാസ്യത അടിസ്ഥാനമാക്കിയുള്ള 2026-ലെ ആഗോള വിപണന പ്രവണതകൾ

2026-ലെ ആഗോള വിപണനരംഗം വലിയൊരു പരിവർത്തനത്തിലൂടെയാണ് കടന്നുപോകുന്നത്. നിർമിത ബുദ്ധി, ഓട്ടോമേഷൻ, ജനറേറ്റീവ് എഐ, കണക്റ്റഡ് ടെലിവിഷൻ, റീട്ടെയിൽ മീഡിയ, ക്രിയേറ്റർ അധിഷ്ഠിത വിപണനം, എഐ അധിഷ്ഠിത സെർച്ച് എന്നിവ ഉപഭോക്താക്കൾ ബ്രാൻഡുകളെ കണ്ടെത്തുകയും വിലയിരുത്തുകയും ചെയ്യുന്ന രീതിയിൽ മാറ്റം വരുത്തുന്നു.

അതോടൊപ്പം തന്നെ, അളക്കാവുന്ന പ്രകടനം, ബ്രാൻഡ് വിശ്വാസ്യത, സുതാര്യത, മാധ്യമങ്ങളുടെ ഗുണനിലവാരം എന്നിവയ്ക്കും കൂടുതൽ പ്രാധാന്യം ലഭിക്കുന്നു.

Deloitte Digital-ന്റെ Marketing Trends 2026 റിപ്പോർട്ട് പ്രധാനമായും ചൂണ്ടിക്കാണിക്കുന്ന അഞ്ച് പ്രവണതകൾ ഇവയാണ്:

  • വിപണനപ്രവർത്തനങ്ങളുടെ അവിഭാജ്യ ഘടകമായി എഐ മാറുന്നു.

  • നിക്ഷേപത്തിൽ നിന്നുള്ള വരുമാനം (ROI), പ്രകടനം, ഉത്തരവാദിത്തമുള്ള ചെലവഴിക്കൽ എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുന്നു.

  • വിശ്വാസ്യത, ബ്രാൻഡിന്റെ പ്രതിച്ഛായ, സാമൂഹിക ഉത്തരവാദിത്തം എന്നിവ സാമ്പത്തിക മൂല്യമുള്ള ഘടകങ്ങളാകുന്നു.

  • എഐ സെർച്ച്, റീട്ടെയിൽ മീഡിയ, ക്രിയേറ്റർ ശൃംഖലകൾ എന്നിവയിലൂടെ ബ്രാൻഡ് കണ്ടെത്തൽ കൂടുതൽ വിഭജിക്കപ്പെടുന്നു.

  • എഐ അധിഷ്ഠിത വിപണനപ്രവർത്തനങ്ങൾക്ക് അനുയോജ്യമായ രീതിയിൽ സ്ഥാപനങ്ങൾ തങ്ങളുടെ പ്രവർത്തനരീതികൾ പുനഃസംഘടിപ്പിക്കുന്നു.

    വിപുലമായ പ്രചാരണം മാത്രം ആശ്രയിച്ച് വിപണനവിജയം നേടാനാവില്ലെന്ന് ഈ പ്രവണതകൾ വ്യക്തമാക്കുന്നു. വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള ഉപഭോക്തൃയാത്ര മനസ്സിലാക്കുകയും യഥാർഥ ഇടപെടലുകളും ഫലങ്ങളും നൽകുന്ന മാധ്യമങ്ങൾ തിരിച്ചറിയുകയും വേണം.

    Integral Ad Science (IAS)-ന്റെ ഏകദേശം 300 അമേരിക്കൻ മാധ്യമപ്രവർത്തകരെയും പരസ്യരംഗത്തെ വിദഗ്ധരെയും ഉൾപ്പെടുത്തി തയ്യാറാക്കിയ 2026 Industry Pulse Report-ലും ഡിജിറ്റൽ വീഡിയോയുടെ പ്രാധാന്യം ചൂണ്ടിക്കാണിക്കുന്നുണ്ട്. സർവേയിൽ പങ്കെടുത്തവരിൽ 88 ശതമാനം ഡിജിറ്റൽ വീഡിയോയെ പ്രധാന മുൻഗണനയായി കണക്കാക്കിയപ്പോൾ, 87 ശതമാനം ക്രിയേറ്റർ ഉള്ളടക്കങ്ങളിലെ ബ്രാൻഡ് സുരക്ഷയും അനുയോജ്യതയും നിർണായകമാണെന്ന് അഭിപ്രായപ്പെട്ടു. സാമൂഹികമാധ്യമ പരസ്യങ്ങളുടെ പ്രകടനം വിലയിരുത്തുന്നതിൽ Viewability, Attention എന്നീ ഘടകങ്ങൾക്കും റിപ്പോർട്ട് പ്രാധാന്യം നൽകുന്നു.

    ഇന്ത്യയിലും ഈ മാറ്റം വ്യക്തമാണ്. 2026-ലെ Dentsu പരസ്യവിപണി കണക്കുകൾ പ്രകാരം ഇന്ത്യയിലെ ഡിജിറ്റൽ പരസ്യച്ചെലവ് ഏകദേശം ₹84,977 കോടി വരെയെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിൽ സാമൂഹികമാധ്യമങ്ങൾക്ക് ഏകദേശം 29 ശതമാനവും ഓൺലൈൻ വീഡിയോയ്ക്ക് ഏകദേശം 28 ശതമാനവും പങ്കുണ്ട്.

    ഈ കണക്കുകൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ സാമ്പത്തിക പ്രാധാന്യമാണ് വ്യക്തമാക്കുന്നത്. അതോടൊപ്പം, അവിടെയുള്ള പരസ്യ ഇൻവെന്ററിയുടെയും ഉള്ളടക്ക സാഹചര്യങ്ങളുടെയും ഗുണനിലവാരം പരിശോധിക്കേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറയുന്നു.

    കൂടുതൽ നിക്ഷേപം നടത്തുന്ന ഡിജിറ്റൽ പരസ്യരംഗം, പരസ്യവിതരണത്തിന്റെ ഗുണനിലവാരത്തിലും കൂടുതൽ ഉത്തരവാദിത്തം പുലർത്തേണ്ട ആവശ്യകത ഇവിടെ എടുത്തു പറയുന്നുണ്ട്.

Representational Image | Photo: AI Generated

എഐ അധിഷ്ഠിത പരസ്യമേഖലയിൽ ഓട്ടോമേഷനെ ആശ്രയിക്കുക എന്നതു മാത്രം പരിഹാരമാർഗമല്ല.

ആധുനിക പരസ്യ പ്ലാറ്റ്‌ഫോമുകൾ സാധ്യതയുള്ള ഉപഭോക്താക്കളെ തിരിച്ചറിയുന്നതിനും പരസ്യബജറ്റ് ക്രമീകരിക്കുന്നതിനും ഓട്ടോമേറ്റഡ് ബിഡ്ഡിങ് നടപ്പാക്കുന്നതിനും കൺവേർഷൻ സാധ്യത പ്രവചിക്കുന്നതിനും പ്രേക്ഷകവിഭാഗങ്ങളെ ലക്ഷ്യമിടുന്നതിനും അത്യാധുനിക എഐ സംവിധാനങ്ങൾ ഉപയോഗിക്കുന്നു.

ഇവ വിലപ്പെട്ട സാങ്കേതിക മുന്നേറ്റങ്ങളാണ്. എന്നാൽ സാധ്യതയുള്ള ഉപഭോക്താവിനെ തിരിച്ചറിയുന്നതും ആ ഉപഭോക്താവുമായി ആശയവിനിമയം നടത്താൻ അനുയോജ്യമായ മാധ്യമാന്തരീക്ഷം തിരിച്ചറിയുന്നതും രണ്ട് വ്യത്യസ്ത കാര്യങ്ങളാണ്.

ഒരു എഐ സംവിധാനം ക്ലിക്കുകൾ, ഇംപ്രഷനുകൾ, കൺവേർഷനുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ പരസ്യപ്രചാരണം വിജയകരമായി ഒപ്റ്റിമൈസ് ചെയ്തേക്കാം. എന്നാൽ അതിനൊപ്പം പ്രത്യക്ഷപ്പെടുന്ന ഉള്ളടക്കത്തിന്റെ ആധികാരികത, എഡിറ്റോറിയൽ നിലവാരം, തെറ്റായ വിവരങ്ങൾ, ബ്രാൻഡ് അനുയോജ്യത, പ്രസാധകന്റെ വിശ്വാസ്യത തുടങ്ങിയ വിശാലമായ ഘടകങ്ങൾ അതിന് എല്ലായ്പ്പോഴും വിലയിരുത്താനാവണമെന്നില്ല.

ഉദാഹരണത്തിന്, ഒരു പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിന്റെയോ ആരോഗ്യസേവനത്തിന്റെയോ ധനകാര്യ സ്ഥാപനത്തിന്റെയോ പരസ്യം തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾക്കൊപ്പം പ്രത്യക്ഷപ്പെടുന്നത് ആ സ്ഥാപനം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന വിശ്വാസ്യതയെ തന്നെ ബാധിച്ചേക്കാം.

പ്രശ്നം പരസ്യവിതരണ അൽഗോരിതത്തിന്റെ സാങ്കേതിക ശേഷിയിൽ മാത്രം ഒതുങ്ങുന്നില്ല. പരസ്യവിതരണ സംവിധാനങ്ങൾക്ക് ലഭിക്കുന്ന വിവരസൂചനകൾ, ഉള്ളടക്കങ്ങളുടെ വർഗീകരണം (Content Catagorisation), അനുയോജ്യത ഉറപ്പാക്കുന്നതിനുള്ള സുരക്ഷാസംവിധാനങ്ങൾ എന്നിവയുടെ ഗുണനിലവാരവും നിർണായകമാണ്.

എഐ അധിഷ്ഠിത പരസ്യസംവിധാനങ്ങൾ ഉപഭോക്തൃലക്ഷ്യനിർണയത്തിനും കൺവേർഷൻ ഒപ്റ്റിമൈസേഷനും അപ്പുറത്തേക്ക് വളരേണ്ട ആവശ്യകത ഇവിടെ എടുത്തുപറയപ്പെടേണ്ടതുണ്ട്. ഉള്ളടക്കത്തിന്റെ ഗുണനിലവാരം, സന്ദർഭോചിതമായ പ്രസക്തി, സ്രോതസ്സിന്റെ വിശ്വാസ്യത, പ്രസാധകന്റെ പ്രതിച്ഛായ, ബ്രാൻഡ് അനുയോജ്യത എന്നിവയും പരസ്യവിന്യാസ തീരുമാനങ്ങളിൽ ഉൾപ്പെടുത്തണം.

പരസ്യങ്ങൾ എവിടെയാണ് പ്രത്യക്ഷപ്പെടുന്നത്, അവ കാംപെയ്‌നിന്റെ ഫലങ്ങളിൽ എങ്ങനെ സ്വാധീനം ചെലുത്തുന്നു തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ സുതാര്യതയും പ്ലാറ്റ്‌ഫോമുകൾ പരസ്യദാതാക്കൾക്ക് ഉറപ്പാക്കണം.