ഒരു ഡേറ്റാ സെന്ററിന് വേണ്ടത് ഒരു ചെറുനഗരത്തിന് ആവശ്യമായ ജലം; പ്രതിഷേധങ്ങൾക്ക് പിന്നിലെന്ത്?

ഡിജിറ്റൽ ലോകത്തിന്റെ തലച്ചോറായ ഡേറ്റാ സെന്ററുകൾ നിലവിലെ തടസ്സങ്ങളെ മറികടക്കാൻ ആഴിയിലും ആകാശത്തുമെത്തുമോ? നിർമിതബുദ്ധി നിമിഷാർധനേരംകൊണ്ട് വികസിക്കുന്ന കാലത്ത്, ആയിരക്കണക്കിന് കംപ്യൂട്ടർ സെർവറുകളും നെറ്റ്വർക്കിങ് സംവിധാനങ്ങളും വിവരശേഖരണ ഉപകരണങ്ങളും ഒന്നിച്ചൊരിടത്ത് സൂക്ഷിക്കുന്നതിന്റെ പ്രതിസന്ധികളെ മറികടക്കാൻ സൂര്യപ്രകാശത്തെയും ആകാശത്തിലെയും കടൽവെള്ളത്തിലെയും തണുപ്പിനെയും ഡേറ്റാ സെന്ററുകൾക്കായി ഉപയോഗപ്പെടുത്താനുള്ള പരീക്ഷണങ്ങളാണ് നടക്കുന്നത്. അടുത്തൊരു കാൽനൂറ്റാണ്ടുകൂടിയാകുമ്പോൾ രാജ്യങ്ങൾ മൊത്തം ഉപയോഗിക്കുന്ന വൈദ്യുതിയുടെ തോതിനെക്കാൾ കൂടുതലാകും ഡേറ്റാ സെന്ററുകൾക്ക് ആവശ്യമായിവരുകയെന്നതും ഉപയോഗിക്കപ്പെടുന്ന വെള്ളത്തിന്റെ അളവ് ഭീഷണിയുണ്ടാക്കുന്നതാണെന്നുമുള്ള പ്രതിഷേധങ്ങൾ മറികടക്കാൻകൂടിയാണ് ഡേറ്റാ സെന്ററുകൾ കൂടുമാറാനൊരുങ്ങുന്നത്. ഇതിന്റെ ആദ്യഘട്ട പരീക്ഷണങ്ങൾ ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളും സ്വകാര്യസംരംഭകരും ആരംഭിച്ചുകഴിഞ്ഞിട്ടുമുണ്ട്.
വിവരങ്ങൾ ശേഖരിക്കാനും സൂക്ഷിക്കാനും അവ വിതരണം ചെയ്യാനുമുള്ള അടിസ്ഥാനസംവിധാനമെന്ന് ഏറ്റവും ലളിതമായി പറയാമെങ്കിലും അതിസങ്കീർണമായ സംവിധാനമാണ് ഡേറ്റാ സെന്ററുകളുടേത്. മാറുന്ന ലോകത്ത് ഡേറ്റാ സെന്ററുകളുടെ പ്രാധാന്യം വലിയതോതിൽ വർധിക്കുന്നതിനാൽ അവയുടെ സ്ഥാപനവും അവയ്ക്കുനേരേയുള്ള പ്രക്ഷോഭങ്ങളും പ്രാധാന്യം നേടുന്നുണ്ട്. ചെറുതും വലുതുമായ ഡേറ്റാ സെന്ററുകൾ ഊർജപ്രതിസന്ധിക്കും ജലദൗർലഭ്യത്തിനും വഴിയൊരുക്കുമെന്നും പാരിസ്ഥിതികപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നുമുള്ള വാദങ്ങൾ ശക്തവുമാണ്. ഇതിനെ മറികടന്ന്, ഓരോ നിമിഷവും മാറുന്ന ഡിജിറ്റൽ ലോകത്തിന് ഉപയുക്തമായ രീതിയിൽ ആഴക്കടലിലും ബഹിരാകാശത്തും ഡേറ്റാ സെന്ററുകളെന്ന ആശയത്തിന് ലോകം വഴിതുറക്കുകയാണ്.
വെള്ളവും വൈദ്യുതിയും
കരയിൽ സ്ഥാപിക്കുന്ന വൻകിട ഡേറ്റാ സെന്ററുകൾക്ക് പ്രവർത്തിക്കാൻ വൻതോതിൽ വൈദ്യുതിയും വെള്ളവും ആവശ്യമാണ്. സെർവറുകൾ 24 മണിക്കൂറും പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന അമിതമായ ചൂട് കുറയ്ക്കാൻ, അതായത് ശീതീകരണ സംവിധാനമൊരുക്കാൻ കോടിക്കണക്കിന് ലിറ്റർ ശുദ്ധജലം ആവശ്യമാണ്. പലപ്പോഴും ഒരു ചെറുനഗരത്തിന് ആവശ്യമായത്രയും വെള്ളം ഒരു ഡേറ്റാ സെന്റർ ഉപയോഗിക്കുന്നെന്നാണ് അനുമാനം. ഇത് സമീപത്തെ ജലക്ഷാമം വർധിപ്പിക്കുകയും ഭൂജലനിരപ്പിൽ കാര്യമായ വ്യതിയാനമുണ്ടാക്കുകയും ചെയ്യുന്നെന്നാണ് വാദം. ഉപയോഗിക്കപ്പെടുന്ന വൈദ്യുതിയുടെ അളവാകട്ടെ വളരെ കൂടുതലുമാണ്. ഇത് വൈദ്യുതിപ്രസിസന്ധിക്കും കാരണമാകുന്നു.
നിർമിതബുദ്ധിയുടെ അനുദിനമുള്ള വികാസം ഡിജിറ്റൽ ഉപയോഗം വർധിപ്പിക്കുന്നതിന് അനുസൃതമായി ഊർജ ഉപഭോഗവും വർധിക്കുന്നു. മുഴുവൻസമയവും തടസ്സമില്ലാത്ത വൈദ്യുതി ആവശ്യമാണെന്നതിനാൽ ഇത് പൊതു ഉപയോഗത്തിനുള്ള വൈദ്യുതിയുമായി ബന്ധപ്പെട്ട സമ്മർദമുണ്ടാക്കുന്നു. കൂടാതെ, ശബ്ദമലിനീകരണം ഉൾപ്പെടെയുള്ളവ ഡേറ്റാസെന്ററുകൾക്കടുത്ത് ജനവാസം സാധ്യമല്ലാതാക്കുന്നെന്ന പ്രശ്നങ്ങളുമുണ്ട്. ഇതിനെല്ലാമുപരി, ഡേറ്റാ സെന്ററുകളുടെ സ്ഥാപനത്തിനായി ഭൂമി വൻതോതിൽ ഉപയോഗിക്കുന്നു. ഇത്തരത്തിൽ ഭൂമി ഉപയോഗിക്കുന്നത് പാരിസ്ഥിതികപ്രശ്നങ്ങൾക്കും വഴിയൊരുക്കുന്നു.
വ്യാപിക്കുന്ന പ്രതിഷേധം
ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടും ഡേറ്റാ സെന്ററുകളുടെ നിർമാണം പ്രതിഷേധങ്ങൾക്ക് വഴിവെക്കുകയാണ്. അയർലൻഡിൽ രാജ്യത്തെ ആകമാന വൈദ്യുതിയുടെ വലിയൊരു ശതമാനവും ഡേറ്റാ സെന്ററുകൾ ഉപയോഗിക്കുന്നെന്നതിൽ പ്രതിഷേധങ്ങളുണ്ട്. നെതർലൻഡ്സിൽ മെറ്റയുടെ കൂറ്റൻ ഡേറ്റാ സെന്റർ പദ്ധതി പ്രാദേശികപ്രതിഷേധത്തെത്തുടർന്ന് റദ്ദാക്കേണ്ടിവന്നു. ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും ഇത്തരം പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. ഗൂഗിളിന്റെ ഡേറ്റാ സെന്റർ പദ്ധതിക്കുനേരേ ചിലിയിലും യുറഗ്വായിലും വലിയ പ്രതിഷേധങ്ങളും നിയമനടപടികളും നടക്കുന്നുണ്ട്.
ഇന്ത്യയിൽ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിർദിഷ്ട ഗൂഗിൾ-അദാനി ഡേറ്റാ സെന്ററിനായി കൃഷിഭൂമിയും തീരദേശമേഖലകളും ഉപയോഗിക്കുന്നതിലും അവയ്ക്ക് നൽകുന്ന വലിയ വൈദ്യുതി-വെള്ള സബ്സിഡികൾക്കുനേരേയും പ്രതിഷേധങ്ങൾ ഉയർന്നിട്ടുണ്ട്. 'ഞങ്ങൾക്ക് ഡേറ്റാ കുടിക്കാൻപറ്റില്ല' എന്ന പ്ലക്കാർഡുയർത്തിയാണ് പ്രതിഷേധം. കമ്പളക്കൊണ്ട വന്യജീവിസങ്കേതത്തെയും ഇത് ബാധിക്കാമെന്നും പ്രതിഷേധക്കാർ വിലയിരുത്തിയിരുന്നു. താനെയിലും സമാനമാണ് സ്ഥിതി. ആമസോൺ ഉൾപ്പെടെയുള്ളവയുടെ ഡേറ്റാ സെന്റർ പദ്ധതികൾക്കുനേരേയാണ് പ്രതിഷേധം. പ്രതിഷേധങ്ങൾ രൂക്ഷമായതോടെ ഗൂഗിൾ, ആമസോൺ തുടങ്ങിയ കമ്പനികൾ തങ്ങളുടെ പുതിയ കേന്ദ്രങ്ങളിൽ കുടിവെള്ളം ഉപയോഗിക്കാത്ത സാങ്കേതികവിദ്യകൾമാത്രമാണ് ഉപയോഗിക്കുകയെന്നും ശബ്ദം പുറത്തുവരാത്ത രീതിയിലാണ് നിർമാണമെന്നും ജനങ്ങൾക്ക് ഉറപ്പുനൽകുകയാണ്.
എന്തുകൊണ്ട് ശുദ്ധജലം
ഡേറ്റാ സെന്ററുകൾ കാര്യക്ഷമമായി പ്രവർത്തിക്കാൻ കൂളിങ് സംവിധാനങ്ങളിൽ പ്രധാനമായും ശുദ്ധജലമാണ് ഉപയോഗിക്കുന്നത്. ആയിരക്കണക്കിന് സെർവറുകൾ തുടർച്ചയായി പ്രവർത്തിക്കുമ്പോൾ വൻതോതിൽ ചൂട് ഉത്പാദിപ്പിക്കപ്പെടുന്നു. ഈ ചൂട് കുറയ്ക്കാൻ വെള്ളം ആവിയാക്കി തണുപ്പിക്കുന്ന രീതിയാണ് ഉപയോഗിക്കുന്നത്. ഇത് വായുമാത്രം ഉപയോഗിച്ചുള്ള കൂളിങ്ങിനേക്കാൾ വളരെ വേഗത്തിലും കാര്യക്ഷമമായും ചൂട് കുറയ്ക്കാൻ ഉപകരിക്കുന്നു.
സാധാരണ വെള്ളത്തിൽ അടങ്ങിയിരിക്കുന്ന മണൽ, ചെളി, മറ്റു ധാതുക്കൾ എന്നിവ പൈപ്പുകൾക്കുള്ളിലും കൂളിങ് ടവറുകളിലും അടിഞ്ഞുകൂടാനും പൈപ്പുകളും മറ്റും കേടാകാനും ഇടയാക്കുന്നു. കൂടാതെ, വെള്ളം കെട്ടിക്കിടക്കുമ്പോൾ ഉണ്ടാകുന്ന അണുബാധകൾ ഇല്ലാതാക്കാനും ശുദ്ധീകരിച്ച വെള്ളം ഉപയോഗിക്കുന്നത് നല്ലതാണ്. എയർ കണ്ടീഷണറുകൾ മാത്രം ഉപയോഗിക്കുന്നതിനേക്കാൾ വളരെ കുറഞ്ഞ വൈദ്യുതി മാത്രമാണ് വാട്ടർ കൂളിങ് സംവിധാനങ്ങൾക്ക് ആവശ്യമായിവരുന്നത്. അതുകൊണ്ടുതന്നെ ഡേറ്റാ സെന്ററുകളിലെ വിലകൂടിയ ഉപകരണങ്ങൾ കേടുകൂടാതെ സൂക്ഷിക്കാനും കാര്യക്ഷമമായി ശീതീകരിക്കാനുമാണ് ശുദ്ധജലം ഉപയോഗിക്കുന്നത്.
ചെന്നായകൾ കൂട്ടത്തോടെ, അരുവികളുടെ നിറംമാറി
ഫിൻലൻഡിൽ 1300 ഏക്കറിൽ നിർമാണം ആരംഭിച്ച ഡേറ്റാസെന്റർ സമീപത്തെ ഗ്രാമവാസികളുടെ ഉറക്കം കെടുത്തുന്നുവെന്നാണ് മാധ്യമറിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഗ്രാമാതിർത്തിയിലെ വനം ഡേറ്റാ സെന്ററുകൾക്കായി വെട്ടിത്തെളിച്ചതോടെ വന്യമൃഗങ്ങളുടെ ആവാസസ്ഥലം ഇല്ലാതായിത്തുടങ്ങി. ഈ ഭാഗത്ത് ധാരാളമുണ്ടായിരുന്ന ചെന്നായകൾ ഇരതേടിയും മറ്റും കൂട്ടത്തോടെ ഗ്രാമത്തിലേക്ക് എത്താൻതുടങ്ങി. ഇത് പ്രദേശവാസികളുടെ ഉറക്കം കെടുത്തിത്തുടങ്ങിയതോടെ പ്രതിഷേധങ്ങളുയർന്നു. കൂടാതെ, വനത്തിലൂടെ ഒഴുകിയെത്തിയിരുന്ന അരുവിയിലെ വെള്ളത്തിന്റെ നിറം ചുവപ്പായി. ഇതും അവരുടെ ജീവിതം ബുദ്ധിമുട്ടിച്ചതോടെ ഫിന്നിഷ് റഗുലേറ്റർമാർ ഇടപെട്ടു. ഡേറ്റാ സെന്റർ നിർമാണം നിർത്തിവെക്കാനും ഉത്തരവിട്ടു.
ഫിൻലൻഡിലെ ഓട്ടാൻമാക്കി എന്ന ഗ്രാമത്തിനു സമീപത്തെ വനം ഇപ്പോൾ ഇല്ലാതായി. കുറ്റിക്കാടായി മാറിയ അവിടെ ചെളിനിറഞ്ഞു. ഭാരമേറിയ യന്ത്രങ്ങളുടെ ശബ്ദം ജനങ്ങളുടെ സ്വച്ഛതയും ഇല്ലാതാക്കി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് 586 ഏക്കർ ഭൂമിയിലാണ് ഡേറ്റാ സെന്റർ നിർമാണം. ഇവിടെയും വനം വെട്ടിത്തെളിക്കുന്നതായി ആരോപണമുണ്ട്. വന്യജീവിസങ്കേതത്തിനും ജലസംഭരണിക്കും അടുത്താണ് പദ്ധതി വരുന്നത് എന്നതിനാൽ പരിസ്ഥിതിപ്രവർത്തകർ എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. 1.5 ലക്ഷം കോടിയോളം രൂപ ചെലവഴിച്ചുള്ള എ.ഐ. ഹബ്ബാണ് വരാൻപോകുന്നത്.
മഹാരാഷ്ട്രയിലും പ്രതിഷേധങ്ങൾ അരങ്ങേറുന്നു. ഉജാനി അണക്കെട്ടിനു സമീപത്തായി വരുന്ന ഡേറ്റാ സെന്ററിനുനേരെയാണ് പ്രതിഷേധം. ഡേറ്റാ സെന്റർ തണുപ്പിക്കാനായി വേണ്ടിവരുന്ന വെള്ളം അണക്കെട്ടിനെത്തന്നെ വറ്റിക്കുമെന്നാണ് പരിസ്ഥിതിപ്രവർത്തകരുടെ വാദം. ഇൻഡൊനീഷ്യയിലെ സ്ഥിതി മറ്റൊന്നാണ്. അവിടെ കുടിവെള്ളം ഇല്ലാതാകുന്ന സ്ഥിതിവിശേഷമാണുണ്ടായത്. അതേസമയം, ഡേറ്റാ സെന്ററുകൾക്ക് ആവശ്യമായത്ര വെള്ളം ലഭിക്കുന്നുമുണ്ട്. തടസ്സമില്ലാത്ത വെള്ളം ലഭിച്ചിരുന്ന ഗാർഹിക ടാപ്പുകൾ നിശ്ചലമായതോടെ ജനം ടാങ്കർലോറികളെ കുടിവെള്ളത്തിനായി ആശ്രയിക്കേണ്ടിവന്നു. പ്രതിഷേധം കനത്തതിനുപിന്നാലെ ജനങ്ങൾ ഡേറ്റാ സെന്റർ ആക്രമിക്കുന്ന സംഭവവുമുണ്ടായി.
പ്രതിവർഷം 415 ടെറാവാട്ട്-അവർ വൈദ്യുതി
ഇന്റർനാഷണൽ എനർജി ഏജൻസിയുടെ കണക്കുകൾപ്രകാരം, ലോകമെമ്പാടുമുള്ള ഡേറ്റാ സെന്ററുകൾ നിലവിൽ പ്രതിവർഷം ഏകദേശം 415 ടെറാവാട്ട്-അവർ (TWh) വൈദ്യുതി ഉപയോഗിക്കുന്നു. ഇത് ലോകത്തെ മൊത്തം വൈദ്യുതി ഉപഭോഗത്തിന്റെ 1.5 ശതമാനം വരും. നിർമിതബുദ്ധി, ക്ലൗഡ് കംപ്യൂട്ടിങ് എന്നിവയുടെ വേഗത്തിലുള്ള വളർച്ചകാരണം 2030-ഓടെ ഉപഭോഗം ഇരട്ടിയിലധികമായി, 1000 TWhവരെ എത്താൻ സാധ്യതയുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ആഗോള ഡേറ്റാ സെന്റർ വൈദ്യുതി ഉപഭോഗത്തിന്റെ 44 ശതമാനവും അമേരിക്കയിലാണ്. ചൈന ഉപയോഗിക്കുന്നത് 25 ശതമാനമാണ്. യൂറോപ്യൻ രാജ്യങ്ങൾ പത്തുശതമാനവും ഉപയോഗിക്കുന്നു. പരമ്പരാഗത ഗൂഗിൾ സെർച്ചിനെക്കാൾ അഞ്ചുമുതൽ 10 വരെ മടങ്ങ് വൈദ്യുതി ഒരു എ.ഐ. ചോദ്യത്തിന് മറുപടി തയ്യാറാക്കാൻ ആവശ്യമാണെന്നാണ് കണക്കുകൾ.
(തുടരും)
Content Highlights: Data centers consume massive amounts of electricity and fresh water, causing global protests., AI growth is exponentially increasing the demand for server cooling and power., Proposed solutions include relocating data centers to deep oceans and outer space., Tech giants like Google and Amazon are facing local backlash in India, Ireland, and Latin America.