നിർമിതബുദ്ധി; പ്രവാസജീവിതവും തൊഴിലിടങ്ങളും മാറുമ്പോൾ കേരളം ഭയപ്പെടേണ്ടത്…

ദുബായിലെ ഒരു പ്രമുഖ കമ്പനിയിലെ സീനിയർ അക്കൗണ്ടന്റായ മലയാളി, ഇരുപതുവർഷത്തെ സേവനത്തിനുശേഷം നാട്ടിലേക്കുമടങ്ങാൻ ഒരുങ്ങുന്നു. പതിവുപോലെ ആ ഒഴിവിലേക്ക് നാട്ടിലുള്ള, യോഗ്യനായ ഒരു ഉദ്യോഗാർഥിയെ കൊണ്ടുവരാൻ അദ്ദേഹം ശുപാർശ ചെയ്യുന്നു. എന്നാൽ, കമ്പനി ആ ശുപാർശ നിരസിച്ചു. പുതിയ വിസ അനുവദിക്കുന്നില്ലെന്നുമാത്രമല്ല, പകരം ആളെ തിരയുന്നുമില്ല. ശമ്പളമോ വിസയോ ടിക്കറ്റോ ആവശ്യമില്ലാത്ത ഒരു 'എ.ഐ. ഏജന്റ്' ആ ജോലി ഏറ്റെടുത്തുകഴിഞ്ഞു.
റോബോട്ടുകൾ ലോകം കീഴടക്കും എന്ന സിനിമാക്കഥകളെക്കാൾ കേരളം ഭയപ്പെടേണ്ടത് ഗൾഫിലെ ഈ ഒഴിഞ്ഞ കസേരകളെയാണ്. വരും വർഷങ്ങളിൽ നമ്മൾ അഭിമുഖീകരിക്കാൻ പോകുന്നത് വലിയ ഒച്ചപ്പാടുകളില്ലാത്ത, എന്നാൽ, കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ കടപുഴക്കിയെറിയാൻ ശേഷിയുള്ള ഒരു തൊഴിൽ ധ്രുവീകരണത്തെയാണ്.
സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ
വർക്ക്ഫ്‌ലോ ഓട്ടോമേഷനും ജനറേറ്റീവ് എ.ഐ.യും വ്യാപകമാകുമ്പോൾ, ഇതിന്റെ ആഘാതം ഏറ്റവുമധികം നേരിടേണ്ടി വരുന്നത് സ്ത്രീകളാണ്. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ (ILO) കണക്കുകൾ പ്രകാരം, ആഗോളതലത്തിൽത്തന്നെ ക്ലറിക്കൽ, അഡ്മിനിസ്ട്രേറ്റീവ് ജോലികളുടെ 60 ശതമാനത്തോളം കൈകാര്യം ചെയ്യുന്നത് സ്ത്രീകളാണ്. പേറോൾ എക്‌സിക്യുട്ടീവുകൾ, എച്ച്.ആർ. കോഡിനേറ്റർമാർ, ഡോക്യുമെന്റേഷൻ ഓഫീസർമാർ, ബാക്ക്-ഓഫീസ് സപ്പോർട്ട് സ്റ്റാഫ് എന്നിവർ ഇതിൽപ്പെടുന്നു. എന്തുകൊണ്ടാണ് ഇവർ ആദ്യം പുറത്താകുന്നത്? തീർച്ചയായും സാങ്കേതികവിദ്യയിലും നേതൃത്വപാടവത്തിലും മുന്നിൽനിൽക്കുന്ന സ്ത്രീകൾക്ക് ഈ ഭീഷണിയില്ല. എന്നാൽ, ഗൾഫിലെ ഭൂരിഭാഗം വരുന്ന സാധാരണക്കാരായ വനിതാ ജീവനക്കാരുടെയും സ്ഥിതി അതല്ല. നിയമങ്ങളും ചട്ടങ്ങളും അടിസ്ഥാനമാക്കിയുള്ളതും ആവർത്തനസ്വഭാവമുള്ളതുമായ ഈ ജോലികളാണ് എ.ഐ.യ്ക്ക് ഏറ്റവും എളുപ്പത്തിൽ പഠിച്ചെടുക്കാവുന്നത്. അതിനാൽ, എ.ഐ. ഓട്ടോമേഷന്റെ ആദ്യത്തെ ഇരകൾ പുരുഷന്മാരെക്കാൾ ഉപരി സ്ത്രീകളായിരിക്കും എന്നത് യാദൃച്ഛികമല്ല.
പുരുഷന്മാരെപ്പോലെ വേഗത്തിൽ പുതിയ സാങ്കേതികവിദ്യകളിലേക്ക് മാറാൻ സ്ത്രീകൾക്ക് സാധിച്ചെന്നു വരില്ല. വീട്ടുജോലികളുടെയും കുട്ടികളുടെ പരിപാലനത്തിന്റെയും ഭാരം പേറുന്ന സ്ത്രീകൾക്ക്, ജോലിക്കുശേഷം പുതിയൊരു സ്‌കിൽ പഠിച്ചെടുക്കാനുള്ള സമയം സമൂഹം അനുവദിക്കുന്നില്ല എന്നതാണ് യാഥാർഥ്യം.
'വെയ്റ്റ്ഹുഡ്' തലമുറ പ്രതിസന്ധിയിൽ
ഇതുകൂടാതെ, കേരളത്തിലെ യുവതലമുറയ്ക്ക് വലിയൊരു ആശ്വാസമായിരുന്ന 'ഗിഗ് ഇക്കോണമി'യിലും വിള്ളലുകൾ വീണുതുടങ്ങിയിരിക്കുന്നു. ഇതൊരു ചെറിയ വിഭാഗത്തെ ബാധിക്കുന്ന വിഷയമല്ല; നിതി ആയോഗിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഒന്നരക്കോടിയിലധികം ആളുകൾ ഗിഗ് ഇക്കോണമിയെ ആശ്രയിച്ചാണ് ഉപജീവനം നടത്തുന്നത്. ഇതിൽ വലിയൊരു പങ്കും കേരളംപോലുള്ള സംസ്ഥാനങ്ങളിലെ 35 വയസ്സിനു താഴെയുള്ള അഭ്യസ്തവിദ്യരായ യുവാക്കളാണ്. ഫ്രീലാൻസ് ഗ്രാഫിക് ഡിസൈൻ, കണ്ടന്റ് റൈറ്റിങ്, വിവർത്തനം എന്നിവയിലൂടെ വരുമാനം കണ്ടെത്തിയിരുന്ന ഇവർക്ക് എ.ഐ. ഇന്ന് വലിയൊരു ഭീഷണിയാണ്.
ജനറേറ്റീവ് എ.ഐ. വ്യാപകമായതോടെ, പ്രാഥമിക തലത്തിലുള്ള ജോലികളുടെ ഫ്രീലാൻസ് നിരക്കുകളിൽ പല പ്രമുഖ പ്ലാറ്റ്‌ഫോമുകളിലും 30 മുതൽ 50 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു സാധാരണ ലോഗോ ഡിസൈനോ, എസ്.ഇ.ഒ. (SEO) ലേഖനമോ ഇന്ന് മനുഷ്യസഹായമില്ലാതെ നിമിഷങ്ങൾക്കുള്ളിൽ നിർമിക്കാം. ക്ലയന്റുകൾക്ക് വേണ്ടത് വേഗവും കുറഞ്ഞചെലവും സ്ഥിരതയുമാണ്. അതുകൊണ്ടുതന്നെ, മനുഷ്യരെക്കാൾ വേഗത്തിൽ ഫലംനൽകുന്ന എ.ഐ.-അധിഷ്ഠിത സേവനങ്ങൾക്ക് പ്ലാറ്റ്‌ഫോമുകൾ സ്വാഭാവികമായും മുൻഗണന നൽകുന്നു.
ഇവിടെ സംഭവിക്കുന്നത് കേവലമൊരു തൊഴിൽ നഷ്ടമല്ല, മറിച്ച് 'ടാസ്‌ക്' എ.ഐ. ഏറ്റെടുക്കുമ്പോൾ 'റോൾ' മാത്രം മനുഷ്യന് അവശേഷിക്കുന്ന അവസ്ഥയാണ്. ഉദാഹരണത്തിന്, 'എഴുതുക' എന്ന ജോലി എ.ഐ. ചെയ്യുമ്പോൾ, 'എഡിറ്റ് ചെയ്യുക' എന്ന റോൾ മാത്രമായി മനുഷ്യന്റെ പങ്ക് ചുരുങ്ങുന്നു.
ചുരുക്കത്തിൽ, ഒരുകാലത്ത് എല്ലാവർക്കും അവസരമായി തോന്നിയ ഗിഗ് ഇക്കോണമി ഇന്ന് ഒരു 'ഫിൽറ്റർ' ആയി മാറുകയാണ്; ഏറ്റവും മുകളിൽ നിൽക്കുന്ന അതിവിദഗ്ധരായ കുറച്ചുപേർമാത്രം കടന്നുപോകുന്ന, ബാക്കിയുള്ളവരെ പുറത്താക്കുന്ന ഒരു കർക്കശക്കാരനായ ഫിൽറ്റർ. ഈ പ്രതിസന്ധി ഏറ്റവും ആഴത്തിൽ ബാധിക്കുന്നത് കേരളത്തിലെ 'വെയ്റ്റ്ഹുഡ് ജനറേഷൻ' (waithood) എന്ന് വിശേഷിപ്പിക്കാവുന്ന യുവത്വത്തെയാണ്. സാമ്പത്തിക സ്വാശ്രയത്വം ലഭിക്കാത്തതുകൊണ്ട് വിവാഹം കഴിക്കാനോ, പൂർണമായൊരു ജീവിതം തുടങ്ങാനോ കഴിയാതെ, 'കാത്തിരിപ്പിൽ' കുടുങ്ങിപ്പോകുന്ന അവസ്ഥയാണിത്.
'റീ-സ്‌കില്ലിങ്' എന്ന പുതിയ മന്ത്രം
എ.ഐ. ഉയർത്തുന്ന വെല്ലുവിളികളെ അതിജീവിക്കാൻ 'പഠനം' എന്ന സങ്കല്പത്തെ പൊളിച്ചെഴുതേണ്ടതുണ്ട്. എന്നാൽ, 'മൈൻഡ്സെറ്റ് മാറ്റിയാൽ എല്ലാം ശരിയാകും' എന്നുപറയുന്നത് കേൾക്കാൻ സുഖമുള്ള കാര്യമാണെങ്കിലും പ്രായോഗികമായി 'റീ-സ്‌കില്ലിങ്' പരാജയപ്പെടാൻ സാധ്യതയേറെയാണ്. തൊഴിൽ വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് മാറാത്ത, വെറും സർട്ടിഫിക്കറ്റുകൾമാത്രം നൽകുന്ന കോഴ്സുകൾകൊണ്ട് ഒരു പ്രയോജനവുമില്ല. വിവരങ്ങൾ മനഃപാഠമാക്കുന്നതിൽ ഇനി അർഥമില്ല; അത് എ.ഐ. നമ്മളെക്കാൾ നന്നായിചെയ്യും. പകരം, എ.ഐ.ക്ക് എളുപ്പത്തിൽ അനുകരിക്കാൻ കഴിയാത്ത വിമർശനാത്മക ചിന്തയും സങ്കീർണമായ പ്രശ്‌നപരിഹാര ശേഷിയുമാണ് നമ്മുടെ വിദ്യാഭ്യാസസ്ഥാപനങ്ങൾ പകർന്നുനൽകേണ്ടത്.
ഇതിനായി അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ നാം മാറേണ്ടതുണ്ട്. 'ജനറലിസ്റ്റ്' അഡ്മിനിസ്ട്രേറ്റർ എന്ന കുപ്പായം അഴിച്ച് 'സ്‌പെഷ്യലിസ്റ്റ്' ആവുക എന്നതാണ് ആദ്യപടി. എ.ഐ.ക്ക് കണക്കുകൾ കൂട്ടാം, എന്നാൽ, നിയമപരമായ ഉത്തരവാദിത്വം ഏറ്റെടുക്കാൻ മനുഷ്യൻതന്നെ വേണം. അതിനാൽ, എ.ഐ.ക്ക് പെട്ടെന്ന് പകരക്കാരനാവാൻ കഴിയാത്ത കംപ്ലയൻസ്, ഇ.എസ്.ജി. (ESG) റിപ്പോർട്ടിങ്, റിസ്‌ക് മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ പ്രവാസികൾ വൈദഗ്ധ്യം നേടണം. ഗൾഫ് രാജ്യങ്ങൾ നിയമങ്ങൾ കർശനമാക്കുന്ന സാഹചര്യത്തിൽ, ഈ വിവേചനാധികാരം ആവശ്യമുള്ള തസ്തികകൾ സുരക്ഷിതമായിരിക്കും.
അതുപോലെ, ആളുകൾ വിമാനം കയറിപ്പോയി പണം അയക്കുന്ന പഴയ രീതിക്കുപകരം, കേരളത്തിലിരുന്ന് ഡിജിറ്റലായി സേവനങ്ങൾ നൽകുന്ന 'ഓഫ്‌ഷോർ ഹബ്ബായി' കേരളം മാറണം. എന്നാൽ, ഇതൊരു എളുപ്പവഴിയല്ല; ഫിലിപ്പീൻസുമായും വിയറ്റ്നാമുമായും കടുത്തമത്സരം നേരിട്ടുവേണം ഇത് നടപ്പാക്കാൻ. കുറഞ്ഞ ചെലവിനെക്കാൾ ഉപരി, 'ഡേറ്റാ സുരക്ഷ'യിലും വിശ്വസ്തതയിലും ഗാരന്റി നൽകിയാൽ മാത്രമേ ഗൾഫ് കമ്പനികൾ അവരുടെ അക്കൗണ്ടിങ്ങും എച്ച്.ആർ. വർക്കുകളും നമ്മളെ ഏൽപ്പിക്കുകയുള്ളൂ.
പുതിയ സമീപനം വേണം
മനുഷ്യവിഭവശേഷിയുടെ കാര്യത്തിലും പുതിയ സമീപനം ആവശ്യമാണ്. 40-55 വയസ്സുള്ള, തിരിച്ചുവരുന്ന പ്രവാസികളെ തൊഴിൽരഹിതരായല്ല, മറിച്ച് ജൂനിയർ ജീവനക്കാർക്ക് ലഭ്യമല്ലാത്ത അനുഭവസമ്പത്ത് ഉള്ളവരായി കാണണം. ഗൾഫിലെ ബിസിനസ് രീതികളും സാംസ്‌കാരികമായ ഇടപഴകലും ഇവർക്ക് മനഃപാഠമാണ്. ഈ അറിവുകൾ എ.ഐ. ടൂളുകൾ ഉപയോഗിക്കാൻ അറിയാവുന്ന യുവതലമുറയ്ക്ക് പകർന്നുനൽകുന്ന 'മെന്റർ' റോളുകളിൽ ഇവരെ ഉപയോഗപ്പെടുത്തണം. സ്ത്രീകളുടെ കാര്യത്തിൽ, അവർക്ക് വേണ്ടത് സാധാരണ ക്ലാസ്‌റൂം പഠനമല്ല; മറിച്ച്, സമയത്തിനും സൗകര്യത്തിനും അനുസരിച്ച് പഠിക്കാൻ കഴിയുന്ന, ചെറിയ മൊഡ്യൂളുകളായിത്തിരിച്ചുള്ള ഓൺലൈൻ പരിശീലനമാണ് ആവശ്യം.
ഇക്കാര്യത്തിൽ സർക്കാരിന് കൃത്യമായ അതിരുകളുണ്ട്. എല്ലാവർക്കും എ.ഐ. സർട്ടിഫിക്കറ്റ് നൽകുന്ന, ഗുണനിലവാരമില്ലാത്ത 'മാസ് സ്‌കില്ലിങ് പരിപാടികൾ സർക്കാർ ഒഴിവാക്കണം. മറിച്ച്, വരാനിരിക്കുന്ന തൊഴിൽ മാറ്റങ്ങളെക്കുറിച്ച് കൃത്യമായ ഡേറ്റ നൽകുന്ന, വ്യവസായ മേഖലയുമായിച്ചേർന്ന് പ്രവർത്തിക്കുന്ന സംവിധാനങ്ങൾ ഒരുക്കുകയാണുവേണ്ടത്.
എ.ഐ. എജുക്കേഷൻ സ്ട്രാറ്റജിസ്റ്റ് ആണ് ലേഖിക
Content Highlights: Will an AI Agent Take Your Gulf Job? Why Kerala Should Worry More About Empty Chairs in Dubai.