‘AI ഇരുതലമൂർച്ചയുള്ള വാൾ, കണ്ണടച്ച് വിശ്വസിക്കരുത്, ആവശ്യമെങ്കില്‍ തര്‍ക്കവുമാകാം’

നിര്‍മ്മിതബുദ്ധിയെ ആശ്രയിക്കുന്ന ലാര്‍ജ് ലാംഗ്വേജ് മോഡലുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ച് പ്രമുഖ ഡിജിറ്റല്‍ ഇന്നവേറ്ററും നിര്‍മിതബുദ്ധി വിദഗ്ധനുമായ റോബിന്‍ ടോമി സംസാരിക്കുന്നു. കേരള ഡെവലപ്‌മെന്റ് ആന്‍ഡ് സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെഡിസ്‌ക്) എക്‌സിക്യൂട്ടീവ് ഡയറക്ടറാണ്.
കണക്കും ശാസ്ത്രവും പോലെ നൂറുശതമാനം വസ്തുനിഷ്ഠമായ ഉത്തരങ്ങള്‍ മാനവികവിഷയങ്ങളില്‍ ബുദ്ധിമുട്ടാണല്ലോ. ഇവിടെ ചോദ്യകര്‍ത്താവ് ആഗ്രഹിക്കുന്ന തരത്തിലുള്ള ഉത്തരം എഐ നിരത്തുന്ന സാഹചര്യമുണ്ടോ? എങ്കില്‍ അത് കുട്ടികളുടെ ലോകവീക്ഷണത്തെ ദോഷകരമായി ബാധിക്കില്ലേ?
ഉറപ്പായും. പക്ഷേ, അത് നിര്‍മിതബുദ്ധി കൊണ്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്താണ് എന്നതിനെക്കൂടി ആശ്രയിച്ചിരിക്കും. എഐ മോഡലുകളുടെ കാഴ്ചപ്പാടിന്റെ വിശാലത സുപ്രധാനമാണ്. എല്‍എല്‍എമ്മിന് മൂന്നുനാല് അടിസ്ഥാന ഘടകങ്ങള്‍ ഉണ്ടാവണം-. ക്രിട്ടിക്കല്‍ തിങ്കിംഗ്, സഹാനുഭൂതി, കാര്യങ്ങള്‍ വേര്‍തിരിച്ചറിയാനുള്ള ശേഷി തുടങ്ങിയവ. ചാറ്റ് ജിപിടിയെക്കൊണ്ട് പ്രബന്ധം എഴുതിക്കുമ്പോഴൊക്കെ അവബോധപരമായ റീസണിങ് വളരെ കുറയും, അത് ഓര്‍മ്മയുടെ രൂപീകരണത്തെ ബാധിക്കും. മാനവികമേഖലയില്‍ വളരെ അധികം വേണ്ട കഴിവുകളിലൊന്നാണ് സര്‍ഗപരമായ യുക്തിചിന്ത (ക്രിയേറ്റീവ് റീസണിങ്). നൈതികമായ തീരുമാനമെടുക്കുന്നതും ആവശ്യമാണ്. മാനുഷികസിദ്ധികള്‍ ഏറ്റവും അധികം വേണ്ട ഈ മേഖലയില്‍ ജനറേറ്റീവ് എഐ ഉപയോഗിച്ചാല്‍ അതൊക്കെ അപകടത്തിലാവും.
നിര്‍മ്മിത ബുദ്ധി, വിവരങ്ങള്‍ സംസ്‌കരിക്കാനും കൈമാറ്റം ചെയ്യാനുമൊക്കെ ഉപയോഗിക്കണം. നേതൃത്വം പോലുള്ള ഗുണങ്ങളും ആത്മപ്രകാശനവും നൈതികമായ കാര്യങ്ങളുമൊക്കെ വരുമ്പോഴാണ് എഐ ഇരുതലമൂര്‍ച്ചയുള്ള വാളാകുന്നത്. അത് നമ്മുടെ പഠനത്തെ സഹായിക്കുന്നു, നമ്മുടെ സമ്മര്‍ദ്ദം കുറയ്ക്കുന്നു. നമ്മുടെ ബുദ്ധിക്കും അറിവിനും അതീതമായ ചില കാര്യങ്ങള്‍ പറഞ്ഞുതരാന്‍ അതിനാവും. പക്ഷേ, അത് വലിയതോതില്‍ ആശ്രിതത്വം സൃഷ്ടിക്കും. വായിച്ചുനോക്കാതെ കോപ്പിയടിച്ചും വേണ്ട രീതിയില്‍ എഐയ്ക്ക് വിവരങ്ങളും സന്ദര്‍ഭവും പറഞ്ഞു കൊടുക്കാതെയും കിട്ടുന്ന വിവരങ്ങള്‍ അതേപടി വിശ്വസിച്ചും വലിയ അവബോധപ്രശ്‌നത്തിലേക്ക് പോവുകയാണ് നമ്മള്‍. അത് നമ്മുടെ നാഡീബന്ധങ്ങളും ഓര്‍മ്മയുമായി ബന്ധപ്പെട്ട കാര്യങ്ങളും പോലെ സുപ്രധാനമായ എല്ലാ കാര്യങ്ങളെയും ബാധിക്കും.
Content Highlights: AI expert Robin Tomy discusses Large Language Model challenges, critical thinking, empathy, and ethical AI use for students and society. Learn about generative AI`s impact.