32 വയസ് വരെ നീളുന്ന കൗമാരം, 66-ൽ തുടങ്ങുന്ന വാർധക്യം; തലച്ചോറിന്റെ പരിണാമനിശ്ചയം അട്ടിമറിക്കപ്പെട്ടത് എങ്ങനെ?

SCI-TALKS
#എതിരൻ കതിരവൻ
പ്രതീകാത്മക ചിത്രം | എഐ നിർമിതം
പ്രതീകാത്മക ചിത്രം | എഐ നിർമിതം

ബാല്യം, കൗമാരം. യൗവനം, വാർധക്യം എന്ന ജീവിതഘട്ട വേർതിരിവ് ശരീരപ്രകൃതിയിലുള്ള മാറ്റങ്ങളും സ്വഭാവ/പെരുമാറ്റങ്ങളിലെ വ്യത്യാസങ്ങളും ആധാരപ്പെടുത്തിയാണ് നിശ്ചയിക്കപ്പെടാറ്. ഇവ അത്ര കൃത്യമായി നിജപ്പെടുത്തിയിട്ടുണ്ട് എല്ലാവരിലും എന്ന് തീരുമാനിക്കാനും വയ്യാ. ചിലപ്പോൾ ‘യൗവനം വന്നുദിച്ചിട്ടും ചെറുതായില്ല ചെറുപ്പം’ എന്ന് നിരീക്ഷിക്കപ്പെടാനും വകുപ്പുണ്ട്. ബാല്യത്തിൽനിന്ന് കൗമാരത്തിലേക്ക് കടക്കുന്നതിന്റെ സൂചനകൾ ശരീര ഫിസിയോളജിയിലുള്ള മാറ്റങ്ങളാൽ പ്രകടിതമാണ്.

പെൺകുട്ടികൾ ഋതുമതിയാവുന്നതും ആൺകുട്ടികളിൽ പേശീബലം വർധിക്കുന്നതും മീശമുളയ്ക്കുന്നതും ലിംഗോദ്ധാരണം സംഭവിച്ചുതുടങ്ങുന്നതും എളുപ്പ ലക്ഷണങ്ങളാണ്. ഇവയൊക്കെ തലച്ചോറിന്റെ കളികളിൽ ആരംഭിക്കുന്നതാണ്, ‘ഹൈപോതാലമസ്’ എന്ന സൂക്ഷ്മഭാഗത്തിന്റെ ചില വ്യത്യസ്തതീരുമാനങ്ങളാണ് ആധാരം. തലച്ചോറിലെ ന്യൂറോണുകളുടെ ‘വയറിങ്ങി’ൽ മാറ്റങ്ങൾ ഒൻപതുമുതൽ പന്ത്രണ്ടു വയസ്സിനുള്ളിൽ സംഭവിക്കുന്നു എന്നത് കണ്ടുപിടിച്ചിട്ടുമുണ്ട്.

മാറുന്ന മസ്തിഷ്കം

ജീവിതകാലഘട്ടങ്ങളിൽ ഏറ്റവും കൂടുതൽ മാറ്റങ്ങൾ സംഭവിക്കുന്ന ഒരേയൊരു അവയവമാണ് നമ്മുടെ മസ്തിഷ്കം. മറ്റ് അവയവങ്ങൾ ഒരേതരത്തിലുള്ള പ്രവർത്തനം എന്നും തുടരുന്നു. ന്യൂറോണുകൾ എന്ന വൈദ്യുതികേബിളുകളുടെ ‘വയറിങ്’ പലതരത്തിൽ മാറ്റുകയും മറിക്കുകയും കണക്ഷൻ വിച്ഛേദിക്കപ്പെടുകയും ഒക്കെ പ്രവർത്തനത്തിന്റെ ഭാഗമായി ഉൾച്ചേർന്നിട്ടുണ്ട്, തലച്ചോറിൽ. ഇണചേർന്ന് സന്തതികളെ ഉത്പാദിപ്പിച്ചതിനുശേഷം ‘വാർധക്യം’ എന്ന വേള സാവധാനം മരണത്തിലേക്കു നയിച്ച് സ്വയം ഇല്ലാതായി അടുത്ത തലമുറയ്ക്ക് വിഭവങ്ങൾ ലഭ്യമാക്കി സ്ഥലംവിടുക എന്നതാണ് പരിണാമനിശ്ചയം, എല്ലാ ജീവികളിലും.

ഇതിന്റെ നിയന്ത്രണങ്ങളാകട്ടെ, ജന്തുക്കളിൽ തലച്ചോറിന്റെ തീരുമാനങ്ങൾക്ക് വിട്ടുകൊടുത്തിരിക്കയാണ്. ബാല്യത്തിൽനിന്ന് കൗമാരത്തിലേക്ക് കടക്കുമ്പോഴുള്ള തലച്ചോർമാറ്റങ്ങളെക്കുറിച്ചു മാത്രമല്ല, മൊത്തം ജീവിതകാലത്തെ മാറ്റങ്ങളെക്കുറിച്ച് ഇന്ന് കൂടുതൽ അറിവുകൾ ലഭിച്ചിട്ടുണ്ട്. രേഖീയമായ മാറ്റങ്ങളല്ല സംഭവിക്കുന്നത്. കൗമാരം, യൗവനം, വാർധക്യം എന്നിവയ്ക്കുള്ള നിശ്ചിതമാറ്റങ്ങൾ കൃത്യമായി നിജപ്പെടുത്തിയിരിക്കുന്നു, ഈയിടെ യൂണിവേഴ്‌സിറ്റി ഓഫ് കേംബ്രിജിലെ ഡോ. മൗസ് ലിയും കൂട്ടരുടെയും വിശദപഠനങ്ങൾ.

60 വയസ്സ് ആകുന്നത് എന്തോ വൻസംഭവമാണെന്ന ധാരണ തിരുത്തപ്പെടുന്നു. കൗമാരം, യൗവനം എന്നിവ കാല്പനികമായ ധാരണകളാണ് എന്ന മട്ടിലാണ് തലച്ചോറ് വയറിങ് സത്യങ്ങൾ നമ്മെ ആശ്ചര്യപ്പെടുത്തുന്നത്. കൃത്യമായ മാറ്റങ്ങളാണ് ഒൻപതുവയസ്സ്, 32 വയസ്സ്, 66, 83 വയസ്സുകളിൽ സംഭവിക്കുന്നത്. ഒൻപതു മുതൽ 32 വയസ്സുവരെ കൗമാരക്കാലമായി (adolescence) കണക്കാക്കാമത്രേ. ഇന്നത്തെ നമ്മുടെ നിർവചനമനുസരിച്ച് 20 വയസ്സിനടുത്ത് മാറിപ്പോകുന്നതാണിത്. യൗവനമാകട്ടെ (adulthood), 66 വയസ്സുവരെ നീട്ടപ്പെടുന്നു, തലച്ചോർഘടനയും പ്രവർത്തനരീതിയും അനുസരിച്ച്.

4000-ത്തോളം ആളുകളുടെ വിശദമായ തലച്ചോർപഠനങ്ങളാണ് ഈ പുതിയ അറിവുകൾ പ്രദാനംചെയ്യുന്നത്. നൂതന സ്കാനിങ് വിദ്യകളും തലച്ചോർപ്രവർത്തനപഠനങ്ങളും ആഴത്തിലുള്ള സ്റ്റാറ്റിസ്റ്റിക് വിശകലനങ്ങളും ഉൾപ്പെടുത്തി, ഇന്ന് ലോകത്തെ പല ലാബുകളിൽനിന്നും ആകമാനം ലഭ്യമായ വിവരങ്ങളും ചേർത്താണ് തലച്ചോർമാറ്റങ്ങളുടെ കൃത്യത ഉറപ്പിച്ചെടുത്തത്. ന്യൂറോണുകൾ തമ്മിലുള്ള ബന്ധങ്ങൾ (connectivity), പ്രവർത്തനകാര്യക്ഷമത (efficiency), മാറ്റങ്ങൾക്ക് വശംവദമാകാനുള്ള സാധ്യതകൾ (modularity) ഇവയൊക്കെ ഓരോരോ പ്രായത്തിൽ എങ്ങനെ മാറുന്നു എന്നത് പഠിച്ചെടുത്തപ്പോഴാണ് കൃത്യമായി 9, 32, 66, 83 വയസ്സുകളിൽ കാണപ്പെടുന്ന പരിവർത്തനങ്ങളും സ്ഥാനാന്തരീകരണങ്ങളും ജീവിതഘട്ടങ്ങൾക്ക് പുതിയ നിർവചനങ്ങൾ ചമയ്ക്കുന്നു എന്നത് തീർച്ചയായത്.

Related News: കൗമാരം നീളും 32 വയസ്സുവരെ; തലച്ചോർ അഞ്ച്‌ കാലഘട്ടത്തിലൂടെ കടന്നുപോകുമെന്ന് കണ്ടെത്തൽ

ഒൻപതുവയസ്സുവരെ തലച്ചോറിലെ ഇടങ്ങൾ-ഘടനാപരമായും പ്രവർത്തനപരമായും ഉള്ളവ-തമ്മിൽ സമഗ്രമായ ഏകീകരണം കാണപ്പെടുന്നില്ല. പിന്നീട് ഒൻപതുമുതൽ 32 വയസ്സുവരെയുള്ള കാലഘട്ടത്തിൽ ന്യൂറോൺ നെറ്റ്‌വർക്കുകൾ മൊത്തം ഏകീകരിക്കപ്പെട്ട് ആഴത്തിലുള്ള ബന്ധങ്ങൾ ദൃഢമാക്കുന്നു. അതേസമയം, ചെറിയചെറിയ ‘ലോകങ്ങൾ’ (small-worldness) അവിടവിടെയായി സൃഷ്ടിക്കപ്പെട്ട് പ്രവർത്തനനിരതമാകുകയാണ്, അവയ്ക്ക് നിശ്ചിതധർമങ്ങൾ ഏർപ്പാടാക്കുന്നു, മെച്ചപ്പെട്ട രീതിയിൽ ഇവ നിർവഹിക്കപ്പെടുന്നു. എന്നാൽ, പരസ്പരബന്ധങ്ങൾ ഊർജ്ജസ്വലമാകയാൽ തലച്ചോർ ആകെ ഒരു യൂണിറ്റായി പ്രയോഗക്ഷമമാകുകയാണ്.

യൗവനം അറുപത്താറാം വയസ്സിലും

32 വയസ്സുകഴിയുമ്പോൾ മേൽപ്പറഞ്ഞ സംവിധാനങ്ങൾ മാറുകയാണ്. 66 വയസ്സുവരെ നിലനിൽക്കുന്ന മാറ്റങ്ങൾ. 32 വരെ കൗമാരം എന്ന് നിജപ്പെടുത്തുകയാണെങ്കിൽ ഇത് യൗവനകാലമല്ലേ? ആലോചിക്കേണ്ടതാണ്. 34 വർഷം, ഏറ്റവുംനീണ്ട ജീവിതഘട്ടം. മസ്തിഷ്കത്തിന്റെ ആഗോളഘടന വലിയ മാറ്റങ്ങളില്ലാത്ത രീതിയിൽ നിജപ്പെടുകയാണ് ഇക്കാലത്ത്. നെറ്റ്‌വർക്ക് നിർമിതികൾക്ക് വേഗം കുറയുന്നു. തലച്ചോറിലെ ചെറിയ ലോകങ്ങൾ ദൃഢപ്പെടുകയാണ്, തമ്മിലുള്ള കൊടുക്കൽവാങ്ങലുകൾ ഏറ്റപ്പെടുന്നു, പക്ഷേ, സമഗ്രതാനിർമിതി (integration) സ്വല്പം അയയുന്നുണ്ട്. ബുദ്ധിയും വ്യക്തിത്വവികാസവും ഇനിയും മെച്ചപ്പെടാനില്ലാത്തരീതിയിൽ ഉറപ്പിക്കപ്പെട്ടുകഴിഞ്ഞു,.

അറുപത്താറിനുശേഷം ആദ്യവാർധക്യകാലം

തലച്ചോറിന്റെ സമഗ്രതയിൽ വ്യതിയാനങ്ങൾ സംഭവിച്ചുതുടങ്ങുകയാണ് ഇക്കാലത്ത്, ദൃഢമായി നിജപ്പെടുത്തിയത് അഴിച്ചുപണിഞ്ഞുതുടങ്ങുന്ന കാലം. ന്യൂറോണുകളുടെ പരസ്പരസമ്പർക്കങ്ങളിൽ അയവ് സംഭവിക്കുന്ന, സങ്കീർണത മാറി ലാഘവമിയന്നതാകുന്ന കാലം. അസുഖങ്ങൾ പലതും വന്നുഭവിക്കുന്നതിനാൽ അത് തലച്ചോറിനെ ബാധിക്കുന്ന കാലവുമാണിത്. തലച്ചോറിന്റെ മാറ്റങ്ങളാൽ ചില അസുഖങ്ങൾ വന്നുഭവിക്കുന്നുമുണ്ട്. അറിവ്, ബോധജ്ഞാനം എന്നിവയൊക്കെ മന്ദഗതിയിൽ പ്രാവർത്തികമാകുന്നു, മറവി എന്നത് സ്ഥിരപ്പെടുന്നു. ഇത് 83 വയസ്സുവരെ തുടരും. അതിനുശേഷം 90 വരെ വാർധക്യത്തിന്റെ രണ്ടാം ഭാഗമാണ്. മേൽപ്പറഞ്ഞ ചെറിയ ലോകങ്ങൾ/നെറ്റ്‌വർക്കുകൾ തീരേക്കുറഞ്ഞ് അവയുടെ പരസ്പരസമ്പർക്കങ്ങൾ മന്ദീഭവിക്കുന്നുണ്ട്. പക്ഷേ, തലച്ചോർ ഒരു യൂണിറ്റ് എന്ന സമഗ്രത നഷ്ടപ്പെടുന്നുമുണ്ട്.

എന്തുകൊണ്ട് മാനസികാസുഖങ്ങൾ 25 വയസ്സിനു മുൻപേതന്നെ തുടങ്ങുന്നു, മറവിയും മറ്റ് ജഡിലതകളും എന്തുകൊണ്ട് 65 വയസ്സിനുശേഷം സംഭവിച്ചുതുടങ്ങുന്നു, 80-നുശേഷം എന്തൊക്കെ പ്രതീക്ഷിക്കാം എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് ഉചിത മറുപടി തേടാൻ ഈ പുതിയ കാലഗണനാഘട്ട പഠനങ്ങളുടെ തുടർച്ച സഹായിക്കുമെന്നാണ് അനുമാനം.

(യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയിലെ മുൻ സീനിയർ സയന്റിസ്റ്റായ ലേഖകൻ ഷിക്കാഗോയിലെ ട്രൈറ്റൺ കോളേജിലെ അജങ്റ്റ് പ്രൊഫസറാണ്)

Content Highlights: Youth Extended to 66? Brain Study by Cambridge Scientists Redefines Adulthood Based on Neural Wiring and Connectivity