ഓസോൺപാളിയിലെ വിള്ളലിന് എന്ത് സംഭവിച്ചു? ഇപ്പോൾ അധികമാരും ചർച്ചചെയ്യാത്തത് എന്തുകൊണ്ട് ?

20-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ലോകമെമ്പാടുമുള്ള പത്രമാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തതും ആശങ്കയോടെ ചർച്ച ചെയ്തതുമായ ഒരു മഹാവിപത്തായിരുന്നു അന്റാർട്ടിക്കയുടെ മുകളിലെ ഓസോൺ പാളിയിൽ കണ്ടെത്തിയ വിള്ളൽ അഥവാ “ഓസോൺ പാളിയിലെ തുള”. നമ്മുടെ വീടുകളിലെ റഫ്രിജറേറ്ററുകളിലും എയർകണ്ടീഷണറുകളിലും ഉപയോഗിച്ചിരുന്ന ക്ലോറോഫ്ലൂറോകാർബൺ (CFC) വാതകങ്ങളാണ് ഈ നാശത്തിന് പ്രധാന കാരണം എന്ന് അന്നുതന്നെ തിരിച്ചറിഞ്ഞിരുന്നു. ഈ പ്രവണത തുടർന്നാൽ സൂര്യനിൽ നിന്നുള്ള ഹാനികരമായ അൾട്രാവയലറ്റ് (UV) കിരണങ്ങൾ വൻതോതിൽ ഭൂമിയിലെത്തുമെന്നും അത് ജീവജാലങ്ങൾക്ക് ഗുരുതരമായ ദോഷം വരുത്തുമെന്ന് ലോകം ഭയപ്പെട്ടു. എന്നാൽ 21-ാം നൂറ്റാണ്ടിന്റെ ആദ്യ പാദം പിന്നിട്ടിരിക്കുന്ന ഈ വേളയിൽ ഒരിക്കൽ നമ്മെ ആശങ്കയിലാഴ്ത്തിയിരുന്ന ഈ വിഷയം മുൻപത്തെപോലെ സജീവമായി ഇപ്പോൾ ചർച്ച ചെയ്യപെടുന്നില്ല. അതിന് പിന്നിലെ കാരണം എന്താണ്? ഓസോൺ പാളിയിലെ ആ വലിയ തുളയ്ക്ക് പിന്നീട് എന്ത് സംഭവിച്ചു? അതിലേക്ക് പോകുന്നതിനു മുമ്പ് ഒരുകാലത്തു ലോകത്തെ വിറപ്പിച്ച സിഎഫ്സി എന്ന “വില്ലൻ” കഥാപാത്രത്തെ കുറിച്ച് ആദ്യം മനസിലാക്കാം.
എന്താണ് ക്ലോറോഫ്ലൂറോകാർബൺ (CFC)?
19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും വീടുകളിലും മറ്റും ഉപയോഗിക്കുന്ന റെഫ്രിജറേറ്ററുകളിൽ ഇന്നത്തെ പോലെ സുരക്ഷിതമായ റഫ്രിജന്റുകൾ (refrigerants, തണുപ്പിക്കാൻ ഉപയോഗിക്കുന്ന വാതകങ്ങൾ) ലഭ്യമായിരുന്നില്ല. അതിനാൽ തന്നെ അന്ന് അവയിൽ അമോണിയ, മീഥയിൽ ക്ലോറൈഡ്, സൾഫർ ഡയോക്സൈഡ് തുടങ്ങിയ വിഷവാതകങ്ങളാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ, വാതക ചോർച്ചകൾ പോലുള്ള അപകടങ്ങൾ 1920-കളോടെ നിരവധി ആളുകളുടെ മരണത്തിന് കാരണമായി. ഈ ഗുരുതര സാഹചര്യത്തിൽ, അമേരിക്കയിലെ മൂന്ന് വലിയ കമ്പനികളായ ഫ്രിജിഡയർ (Frigidaire), ജനറൽ മോട്ടോഴ്സ് (General Motors), ഡ്യൂപോണ്ട് (DuPont) എന്നിവർ ചേർന്ന് കൂടുതൽ സുരക്ഷിതമായ ഒരു കൂളിംഗ് ഏജന്റ് കണ്ടെത്താൻ ഗവേഷണം തുടങ്ങി. അതിന്റെ ഫലമായി 1928-ൽ ജനറൽ മോട്ടോഴ്സിലെ ശാസ്ത്രജ്ഞനായ തോമസ് മിഡ്‌ഗ്ലി ജൂനിയർ (Thomas Midgley Jr.) കാർബൺ, ഫ്ലൂറിൻ, ക്ലോറിൻ എന്നിവ ചേർന്നുള്ള ഒരു പുതിയ രാസവസ്തു കണ്ടെത്തി അതാണ് ക്ലോറോഫ്ലൂറോകാർബൺ (CFC)1. ഈ വാതകങ്ങൾ അന്തരീക്ഷ വായുവിൽ നിഷ്ക്രിയവും സുരക്ഷിതവുമായതിനാൽ തന്നെ ഇതിന്റെ ഉപയോഗം അന്ന് വൻ പ്രചാരം നേടുകയും രണ്ടാം ലോകമഹായുദ്ധത്തിനുശേഷം സിഎഫ്സിയുടെ ഉപയോഗം റെഫ്രിജറേറ്ററുകളിലും എയർ കണ്ടീഷണറുകളിലും മാത്രമായി ഒതുങ്ങാതെ അത് ഏറോസോൾ സ്പ്രേകൾ, ആരോഗ്യ ഉൽപ്പന്നങ്ങൾ, വ്യാവസായിക ഉപകരണങ്ങൾ തുടങ്ങിയ പല മേഖലകളിലേക്കും വ്യാപിക്കുകയും ചെയ്തു. അങ്ങനെ 1950-60 കാലഘട്ടത്തിൽ സിഎഫ്സി കുറഞ്ഞ ചെലവിൽ നിർമിക്കാവുന്ന, വളരെ ഫലപ്രദമായ കൂളിംഗ് ഏജന്റായി മാറി. പരിസ്ഥിതിക്ക് യാതൊരു നാശവും ഉണ്ടാക്കാത്തതിനാൽ അമേരിക്കയിലെ പൊതുജനാരോഗ്യ നിയമങ്ങൾ പല നഗരങ്ങളിലെയും പൊതുകെട്ടിടങ്ങളിലേയും കൂളന്റായി സിഎഫ്സിയുടെ ഒരു വകഭേദമായ ഫ്രിയോൺ-12 (Freon-12/CFC-12) ഉപയോഗിക്കാൻ നിഷ്കർഷിക്കുകയുംചെയ്തു. അതിലൂടെയൊക്കെ അതിന്റെ ഉൽപ്പാദനം അതിവേഗം ഉയർന്ന് ലക്ഷക്കണക്കിന് ടൺ ആകുകയും അവ നിർമിക്കുന്ന വലിയ കമ്പനികളുടെ ലാഭകരമായ ബിസിനസ് ആയി മാറുകയും ചെയ്തു.
Content Highlights: The article explains the rise and fall of CFCs, how they caused the Antarctic ozone hole, and how the Montreal Protocol became the most successful global environmental treaty in history to heal the planet.