രണ്ട് പതിറ്റാണ്ടുനീണ്ട ഗവേഷണം, ജീവന്‍ നിലനില്‍ക്കാന്‍ സാധ്യതയുള്ള ഗ്രഹം കണ്ടെത്തി; വഴിത്തിരിവ്

പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.

ഭൂമിയില്‍നിന്ന് 20 പ്രകാശവര്‍ഷത്തില്‍ കുറഞ്ഞ ദൂരത്തില്‍ ഒരു 'സൂപ്പര്‍-എര്‍ത്ത്' ആകാന്‍ സാധ്യതയുള്ള ഗ്രഹത്തെ കണ്ടെത്തി ശാസ്ത്രജ്ഞര്‍. GJ 251 c എന്ന് പേരിട്ടിരിക്കുന്ന ഈ എക്‌സോപ്ലാനറ്റിന് ഭൂമിയെക്കാള്‍ ഏകദേശം നാലിരട്ടി പിണ്ഡമുണ്ടെന്നും ഇത് പാറകളാല്‍ നിര്‍മ്മിതമാകാനാണ് സാധ്യതയെന്നും ശാസ്ത്രജ്ഞര്‍ കരുതുന്നു.

ജീവന്‍ നിലനിര്‍ത്താന്‍ സാധ്യതയുള്ള ഭൂമിയെപ്പോലുള്ള ഗ്രഹങ്ങള്‍ക്കായുള്ള തുടര്‍ച്ചയായ തിരച്ചിലില്‍ പുതിയ പ്രതീക്ഷ നല്‍കുന്നതാണ് ഈ കണ്ടെത്തല്‍. അതിന്റെ പിണ്ഡവും മാതൃനക്ഷത്രവുമായുള്ള സാമീപ്യവും കാരണം GJ 251 c 'സൂപ്പര്‍-എര്‍ത്ത്' എന്ന വിഭാഗത്തില്‍ പെടുന്നു. ഭൂമിയേക്കാള്‍ വലുതും എന്നാല്‍ നെപ്ട്യൂണ്‍ പോലുള്ള വാതകഭീമന്മാരേക്കാള്‍ ചെറുതുമായ ഒരുതരം എക്‌സോപ്ലാനറ്റുകളാണ് ഇവ.

ഈ ഗ്രഹത്തില്‍ ജീവന് അനുയോജ്യമായ സാഹചര്യങ്ങളുണ്ടോ എന്ന് സ്ഥിരീകരിക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്. എന്നിരുന്നാലും ഭൂമിയുമായുള്ള താരതമ്യേന അടുത്ത ദൂരം ശക്തമായ ദൂരദര്‍ശിനികള്‍ ഉപയോഗിച്ചുള്ള ഭാവിയിലെ നിരീക്ഷണങ്ങള്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നു. ഭൂമിക്ക് പുറത്തുള്ള ജീവന്റെ സാധ്യതയെക്കുറിച്ചുള്ള പ്രധാന ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ഇത് സഹായിച്ചേക്കാം.

പെന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ ഉള്‍പ്പെടെയുള്ള ഒരു അന്താരാഷ്ട്ര ശാസ്ത്രജ്ഞ സംഘമാണ് കണ്ടെത്തലിന് പിന്നില്‍. ഭൂമിക്ക് പുറത്ത് ജീവന്‍ കണ്ടെത്താനുള്ള ഏറ്റവും നല്ല അവസരം നല്‍കുന്നത് ഇത്തരം ഗ്രഹങ്ങളാണെന്നും അതിനാലാണ് ശാസ്ത്രലോകം അവയെ അന്വേഷിക്കുന്നതെന്നും ദി ആസ്‌ട്രോണമിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച  പ്രബന്ധത്തിന്റെ സഹ-രചയിതാവും പെന്‍ സ്റ്റേറ്റിലെ അസ്‌ട്രോണമി പ്രൊഫസറുമായ സുവ്രത് മഹാദേവന്‍ പറയുന്നു.

ദ്രാവകരൂപത്തിലുള്ള ജലവും ഒരുപക്ഷേ ജീവനും നിലനില്‍ക്കാന്‍ സാധ്യതയുള്ളതുമായ ഗ്രഹങ്ങള്‍ക്കായുള്ള തിരച്ചില്‍ പതിറ്റാണ്ടുകളായി ശാസ്ത്രജ്ഞര്‍ നടത്തുകയാണ്. നൂതന ദൂരദര്‍ശിനികളും കമ്പ്യൂട്ടേഷണല്‍ മോഡലുകളും രൂപകല്‍പ്പന ചെയ്യാനും നിര്‍മ്മിക്കാനും ജ്യോതിശാസ്ത്രജ്ഞരെ പ്രേരിപ്പിക്കുന്നതും ഇതാണ്. ഈ ഏറ്റവും പുതിയ കണ്ടെത്തല്‍ രണ്ട് പതിറ്റാണ്ടിന്റെ നിരീക്ഷണ വിവരങ്ങളുടെ ഫലമാണെന്നും മറ്റ് ഗ്രഹങ്ങളില്‍ ജീവന്റെ ലക്ഷണങ്ങള്‍ക്കായി തിരയുന്നതില്‍ ഇതുവരെ ലഭിച്ചതില്‍ വച്ച് ഏറ്റവും മികച്ച സാധ്യതകളിലൊന്ന് ഇത് തുറന്നു നല്‍കുന്നതെന്നും മഹാദേവന്‍ പറഞ്ഞു.

ടെക്‌സാസിലെ മക്‌ഡൊണാള്‍ഡ് ഒബ്‌സര്‍വേറ്ററിയിലെ ഹോബി-എബര്‍ലി ടെലിസ്‌കോപ്പില്‍ ഘടിപ്പിച്ചിട്ടുള്ള ഹാബിറ്റബിള്‍-സോണ്‍ പ്ലാനറ്റ് ഫൈന്‍ഡറില്‍ (HPF) നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ചാണ് ഈ എക്‌സോപ്ലാനറ്റിനെ കണ്ടെത്തിയത്. അടുത്തുള്ള നക്ഷത്രങ്ങളുടെ വാസയോഗ്യമായ മേഖലകളില്‍ ഭൂമിയെപ്പോലുള്ള ഗ്രഹങ്ങളെ കണ്ടെത്താനായി നിര്‍മ്മിച്ച HPF-ന്റെ രൂപകല്‍പ്പനയ്ക്കും നിര്‍മ്മാണത്തിനും നേതൃത്വം നല്‍കിയത് പെന്‍ സ്റ്റേറ്റ് ഗവേഷകരാണ്.

Content Highlights: Scientists found a possible Super-Earth, GJ 251 c, just 20 light-years away. This rocky exoplanet is a promising candidate in the search for extraterrestrial life.