ചര്‍മത്തില്‍നിന്ന് അണ്ഡം; പരീക്ഷണം ലോകത്ത് ആദ്യമായി, വന്ധ്യതാചികിത്സയില്‍ വഴിത്തിരിവായേക്കും

ചര്‍മകോശങ്ങളുപയോഗിച്ച് വന്ധ്യതയ്ക്ക് പരിഹാരം കണ്ടെത്താനാകുമോ? ഈ സമസ്യക്കുള്ള ഉത്തരം കണ്ടെത്തിയിരിക്കുകയാണ് യുഎസില്‍നിന്നുള്ള ഒരുകൂട്ടം ശാസ്ത്രജ്ഞര്‍. ചര്‍മകോശങ്ങളുപയോഗിച്ച് ബീജസങ്കലത്തിനുശേഷിയുള്ള അണ്ഡം വികസിപ്പിക്കുകയും ലബോറട്ടറിയില്‍വെച്ച് ബീജവുമായി സംയോജിപ്പിക്കുകയും ചെയ്തു അവര്‍. ലോകത്താദ്യമായാണ് ഇത്തരമൊരു പരീക്ഷണം.
പരീക്ഷണം വിജയിച്ചാല്‍ പ്രായം ചെന്നതോ അണ്ഡോത്പാദനത്തിനു സാധിക്കാത്തതോ ആയ സ്ത്രീകള്‍ക്കും പ്രത്യുപത്പാദനത്തിന് അവസരമൊരുങ്ങും. ഒപ്പം സ്വവര്‍ഗാനുരാഗികളായ ദമ്പതിമാര്‍ക്ക് ഇരുവരുടെയും ജനിതകപരമായ ബന്ധമുള്ള കുഞ്ഞിന് ജന്മംനല്‍കാനും സാധിക്കും. നെയ്ചര്‍ കമ്യൂണിക്കേഷന്‍സ് ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചു.
ചര്‍മകോശത്തില്‍നിന്ന് ജനിതകവിവരങ്ങളടങ്ങുന്ന കോശകേന്ദ്രം(ന്യൂക്ലിയസ്) വേര്‍തിരിച്ചെടുക്കുന്നു. പിന്നീട് ആരോഗ്യമുള്ള ദാതാവിന്റെ അണ്ഡത്തിന്റെ ന്യൂക്ലിയസ് നീക്കം ചെയ്തശേഷം ചര്‍മകോശത്തിന്റെ ന്യൂക്ലിയസ് ഈ അണ്ഡത്തില്‍ നിക്ഷേപിക്കുന്നു. സൊമാറ്റിക് സെല്‍ ന്യൂക്ലിയര്‍ ട്രാന്‍സഫര്‍ എന്നാണ് പ്രക്രിയയ്ക്ക് പേര്. ചര്‍മകോശങ്ങളില്‍ 46 ക്രോമസോമുകളാണുള്ളത്. അണ്ഡങ്ങളിലാകട്ടെ 23 ക്രോമസോമുകളേ ഉണ്ടാകാവൂ.
കോശങ്ങള്‍ വിഭജിക്കുന്ന പ്രക്രിയയായ 'മൈറ്റോസിസി'നെ(ക്രമഭംഗം) അനുകരിച്ചുള്ള 'മൈറ്റോമിയോസിസ്' എന്ന പ്രക്രിയയിലൂടെ ഈ 23 അധികക്രോമസോമുകളെ നീക്കംചെയ്തു. അത്തരത്തില്‍ ചര്‍മകോശങ്ങളുടെ ഡിഎന്‍എ അടങ്ങിയ, 'ഊസൈറ്റുകള്‍' എന്നറിയപ്പെടുന്ന 82 അണ്ഡകോശങ്ങള്‍ നിര്‍മിച്ചെടുത്തു. അവയെ ഐവിഎഫിലൂടെ ബീജവുമായി സംയോജിപ്പിച്ചു. ആറുദിവസത്തിനുശേഷം പരിശോധിച്ചപ്പോള്‍ അതില്‍ ഗര്‍ഭപാത്രത്തിലേക്ക് നിക്ഷേപിക്കാനാകുന്ന വിധത്തില്‍ ഒന്‍പത് ശതമാനം ഭ്രൂണങ്ങള്‍ വികസിച്ചിരുന്നതായി കണ്ടെത്തി. പക്ഷേ, അവയ്ക്ക് വൈകല്യങ്ങളുണ്ടായിരുന്നു. തുടര്‍പരീക്ഷണങ്ങളിലൂടെ ഈ വിജയശതമാനം ഉയര്‍ത്താനും വൈകല്യങ്ങള്‍ പരിഹരിക്കാനും സാധിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍.
Content Highlights: Scientists create viable eggs from skin cells, offering new hope for infertility, older women, and same-sex couples. Revolutionary IVF technique published in Nature