തേങ്ങാതൊണ്ടില്‍ നിന്ന് കാര്‍ബണ്‍; കുറഞ്ഞ ചെലവില്‍ ഊര്‍ജം ശേഖരിക്കാം

#വിഷ്ണു വിജയകുമാര്‍
പോറസ് കാര്‍ബണിന്റെ ത്രിമാന രൂപം/ തേങ്ങാത്തൊണ്ട്‌ | Photo: Mathrubhumi
പോറസ് കാര്‍ബണിന്റെ ത്രിമാന രൂപം/ തേങ്ങാത്തൊണ്ട്‌ | Photo: Mathrubhumi

തിരുവനന്തപുരം: കുറഞ്ഞ ചെലവില്‍ ബാറ്ററികളില്‍ ഊര്‍ജം സംഭരിക്കാനായി തേങ്ങാതൊണ്ടില്‍നിന്ന് സുഷിരമുള്ള കാര്‍ബണ്‍ വികസിപ്പിച്ച് വിദ്യാര്‍ഥികള്‍. നിലവില്‍ സോഡിയം അയണ്‍, ലിഥിയം, ഗ്രാഫീന്‍ എന്നിവ അടങ്ങിയ ബാറ്ററികളാണ് വ്യവസായ രംഗത്ത് ഉപയോഗിക്കുന്നത്. ഇവയ്ക്ക് വില കൂടുതലാണ്. 

ഇത് ഒഴിവാക്കാന്‍ തങ്ങളുടെ കണ്ടുപിടിത്തം സഹായിക്കുമെന്നാണ് വഴുതക്കാട് വിമെന്‍സ് കോളേജിലെ ഭൗതികശാസ്ത്രം വിഭാഗം അസി. പ്രൊഫസര്‍ ടി.എസ്. സേവ്യര്‍, ബിരുദാനന്തരബിരുദ വിദ്യാര്‍ഥികളായ മെറിന്‍ ടോമി, അനു എം. അരവിന്ദ്, ശ്രീലക്ഷ്മി എസ്. രഷ്മി, ഗണേഷ് എസ്. ഗീതാമ്മ എന്നിവര്‍ അവകാശപ്പെടുന്നത്.

തൊണ്ടുകളില്‍നിന്ന് പോറസ് കാര്‍ബണിനെ വികസിപ്പിച്ചെടുത്തായിരുന്നു ഇവരുടെ ഗവേഷണം. വിപണിയില്‍ ലഭിക്കുന്ന ഒരു കിലോഗ്രാം പോറസ് കാര്‍ബണിന് ഒരു ലക്ഷത്തിലേറെയാണ് വില. എന്നാല്‍ തൊണ്ടില്‍നിന്ന് വികസിപ്പിച്ചെടുത്ത കാര്‍ബണിന് 10,000 രൂപയേ വരൂ. വിപണിയില്‍ ലഭിക്കുന്ന മറ്റു പോറസ് കാര്‍ബണിനെക്കാളും കൂടിയ സുഷിരവും ദൈര്‍ഘ്യമേറിയ ചാര്‍ജിങ് ശേഷിയുമാണ് ഇതിന്റെ മേന്മ. ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യുന്ന സൂപ്പര്‍ കപ്പാസിറ്ററുകളിലെ പ്രധാനഘടകമാണ് പോറസ് കാര്‍ബണ്‍.

സാധാരണ കാര്‍ബണ്‍ ഉപയോഗിച്ചുള്ള സൂപ്പര്‍കപ്പാസിറ്ററുകളുടെ പ്രവര്‍ത്തനസമയം ഒരു മിനിറ്റ് കണക്കാക്കുമ്പോള്‍ തൊണ്ടില്‍നിന്നുള്ള കാര്‍ബണ്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന സൂപ്പര്‍കപ്പാസിറ്ററുടെ പ്രവര്‍ത്തനം ശരാശരി 20 മിനിറ്റുവരെയാണ്. നിലവില്‍ ചൈന, അമേരിക്ക, ഫ്രാന്‍സ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ് പോറസ് കാര്‍ബണ്‍ ഇറക്കുമതി ചെയ്യുന്നത്. പേറ്റന്റിന് അപേക്ഷിച്ചിട്ടുണ്ട്.

പോറസ് കാര്‍ബണ്‍ തയ്യാറാക്കുന്ന വിധം

തൊണ്ടുകള്‍ സൂക്ഷ്മതരംഗത്തിലൂടെ 500 മുതല്‍ 800 ഡിഗ്രിയില്‍ ചൂടാക്കി പൊടി രൂപത്തിലാക്കും. തുടര്‍ന്ന് പ്രത്യേകം സജ്ജമാക്കിയ അന്തരീക്ഷത്തില്‍ മൂന്നുഘട്ടങ്ങളിലായി വീണ്ടും ഉയര്‍ന്ന താപനിലയില്‍ ചൂടാക്കിയാണ് പോറസ് കാര്‍ബണ്‍ തയ്യാറാക്കുന്നത്.

Content Highlights: porous carbon from coconut husk