മാനത്ത് വിസ്മയം വിരിയിക്കാൻ ഉൽക്കാപ്രവാഹം; സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും ഇന്ത്യയിൽ ദൃശ്യമാകില്ല

#സയന്‍സ് ഡെസ്‌ക്
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.

ഇനിയുള്ള രണ്ടുനാളുകൾ ആകാശത്ത് അതിമനോഹരമായ പെഴ്‌സിഡ് ഉൽക്കാപ്രവാഹം നിരീക്ഷിക്കാം. ഈ നൂറ്റാണ്ടിൽ ആദ്യമായാണ് കറുത്തവാവ് ദിവസം ഈ ഉൽക്കാപ്രവാഹം അതിന്റെ പാരമ്യത്തിലെത്തുന്നതെന്ന പ്രത്യേകതയും ഉണ്ട്. നിലാവ് ഇല്ലാത്തതിനാൽ ആകാശം കൂടുതൽ ഇരുണ്ടിരിക്കുന്നതിനാൽ ഉൽക്കകളുടെ തിളക്കം നഗ്‌നനേത്രങ്ങൾകൊണ്ട് വ്യക്തമായി കാണാം.

സൂര്യനെ ചുറ്റിയുള്ള ഭൂമിയുടെ സഞ്ചാരപാതയിൽ, സ്വിഫ്റ്റ്-ടട്ടിൽ (Swift-Tuttle) എന്ന വാൽനക്ഷത്രം ഉപേക്ഷിച്ചുപോയ പൊടിപടലങ്ങളുടെയും അവശിഷ്ടങ്ങളുടെയും ഇടയിലൂടെ കടന്നുപോകുമ്പോഴാണ് ഈ ഉൽക്കാപ്രവാഹം ഉണ്ടാകുന്നത്. ഈ അവശിഷ്ടങ്ങൾ അതിവേഗത്തിൽ ഭൂമിയുടെ അന്തരീക്ഷത്തിലേക്കു പ്രവേശിക്കുകയും ഘർഷണം മൂലം കത്തുകയും ചെയ്യുമ്പോഴാണ് ആകാശത്ത് തീയ്യമ്പുകൾ പോലെ ഉൽക്കകൾ കാണുക. പെഴ്‌സിഡ് പ്രവാഹത്തിൽ മണിക്കൂറിൽ 50-100 ഉൽക്ക വരെ കാണാറുണ്ട്.

പെഴ്‌സ്യൂസ് നക്ഷത്രഗണത്തിന്റെ പശ്ചാത്തലത്തിൽ നിന്ന് ഈ പ്രവാഹം വരുന്നതായി കാണപ്പെടുന്നതുകൊണ്ടാണ് പെഴ്‌സിഡ് എന്ന് പേര് കിട്ടിയത്. ഏറെ തിളക്കമുള്ള ഉൽക്കകൾ തീക്കുടുക്കകൾ അഥവാ ബൊളൈഡുകൾ എന്നറിയപ്പെടുന്നു. നാം കാണുന്ന ഉൽക്കകൾ അധികവും ഏതാണ്ട് 70-100 കിലോമീറ്റർ ഉയരത്തിലായിരിക്കും. അതുകൊണ്ടുതന്നെ പലയിടത്തും പലരീതിയിലാവും കാഴ്ച.

രണ്ട് ഗ്രഹണങ്ങൾ അടുത്തടുത്ത ദിവസങ്ങളിൽ; 12-ന് പൂർണ സൂര്യഗ്രഹണം, 28-ന് ചന്ദ്രഗ്രഹണം

പയ്യന്നൂർ: മലയാളികളുടെ കൊല്ലവർഷം 1201 അവസാനിക്കുന്ന കർക്കടകത്തിൽ രണ്ട് ഗ്രഹണങ്ങൾ തുടർച്ചയായി വരും. ഓഗസ്റ്റ് 12-ന് നടക്കുന്ന പൂർണ സൂര്യഗ്രഹണവും 28-ന് നടക്കുന്ന ചന്ദ്രഗ്രഹണവുമാണ് അടുത്തടുത്ത് വരുന്നത്. ഈ രണ്ട് ഗ്രഹണവും ഇന്ത്യയിൽ ദൃശ്യമാകില്ലെന്ന് ആസ്ട്രോ പയ്യന്നൂർ ഡയരക്ടർ ഗംഗാധരൻ വെള്ളൂർ പറഞ്ഞു.

12-ന് കർക്കടകവാവ് ദിവസമാണ് പൂർണ സൂര്യഗ്രഹണം. അന്ന് കർക്കടകം നക്ഷത്രഗണത്തിൽവെച്ചാണ് ചന്ദ്രൻ സൂര്യനെ മറയ്ക്കുന്നത്.

രാത്രി 10.22 മുതൽ 12 മണി വരെയായതിനാൽ ഈ ഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ല. ഗ്രഹണസമയത്ത് സൂര്യചന്ദ്രൻമാർ പടിഞ്ഞാറൻ ചക്രവാളത്തിന് താഴെയായിരിക്കും.28-ന് നടക്കുന്നത് ഭാഗിക ചന്ദ്രഗ്രഹണമാണ്.

Content Highlights: Perseid meteor shower peaks during a new moon, offering exceptional visibility without moonlight glare., Caused by Earth passing through debris left by the Swift-Tuttle comet., Two consecutive eclipses in Malayalam Kollavarsham 1201 Karkadakam: a total solar eclipse on August 12 and a lunar eclipse on August 28.