ഈ വേഗത്തിൽ കശ്മീരിൽനിന്ന് കന്യാകുമാരിയെത്താൻ 19 സെക്കൻഡ് മതി; ചരിത്രംകുറിച്ച് നാസയുടെ 'പാർക്കർ'

വീണ്ടും ചരിത്രം സൃഷ്ടിച്ച് നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ്. സെപ്റ്റംബര്‍ 10 മുതല്‍ 20 വരെ നീണ്ടുനിന്ന സൂര്യന്റെ അന്തരീക്ഷത്തിലൂടെയുള്ള സ്വയം നിയന്ത്രിത നീക്കത്തില്‍ മണിക്കൂറില്‍ 6,87,000 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ നാലാം തവണയും പാര്‍ക്കറിന് കഴിഞ്ഞു. നീക്കത്തിന് ശേഷവും എല്ലാ സംവിധാനങ്ങളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കുന്ന ഒരു ബീക്കണ്‍ ടോണ്‍ പാര്‍ക്കര്‍ ഭൂമിയിലേക്ക് അയച്ചു.
കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള ദൂരം കണക്കിലെടുത്താല്‍ ഈ പേടകത്തിന് അത്രയും ദൂരം സഞ്ചരിക്കാന്‍ വെറും 19 സെക്കന്‍ഡുകള്‍ മാത്രം മതിയാകും. 2024 ഡിസംബര്‍ 24, 2025 മാര്‍ച്ച് 22, 2025 ജൂണ്‍ 19 തീയതികളില്‍ സൂര്യന്റെ സമീപത്തുകൂടി നീങ്ങിയപ്പോഴും പാര്‍ക്കര്‍ ഈ അസാധാരണ വേഗം കൈവരിച്ചിരുന്നു. മേരിലാന്‍ഡിലെ ലോറലിലുള്ള ജോണ്‍സ് ഹോപ്കിന്‍സ് അപ്ലൈഡ് ഫിസിക്‌സ് ലബോറട്ടറിയില്‍ (എപിഎല്‍) രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ച പാര്‍ക്കര്‍ സൂര്യനുചുറ്റുമുള്ള ഭ്രമണപഥത്തില്‍ പ്രവര്‍ത്തനം തുടരുകയാണ്. പേടകത്തിലെ ഉപകരണങ്ങള്‍ സുപ്രധാന വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. സൂര്യന്റെ കൊറോണയുമയി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങളാണ് ഇവ നല്‍കുന്നത്. ഈ വിവരങ്ങളെ ശാസ്ത്രജ്ഞര്‍ പ്രത്യേക താത്പര്യത്തോടെയാണ് വിശകലനം ചെയ്യാന്‍ ഒരുങ്ങുന്നത്.
സൗരക്കാറ്റ്, സൗരജ്വാലകള്‍, കൊറോണല്‍ മാസ് ഇജക്ഷനുകള്‍ എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ പാര്‍ക്കറിന്റെ ഉപകരണങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. ഈ പ്രതിഭാസങ്ങള്‍ ഉപഗ്രഹങ്ങളെ തടസപ്പെടുത്താനും, ബഹിരാകാശ യാത്രികരുടെ ജീവന് ഭീഷണിയാകാനും, വിമാനയാത്രയെ ബാധിക്കാനും, ഭൂമിയിലെ പവര്‍ ഗ്രിഡുകളെ തകരാറിലാക്കാനും സാധ്യതയുള്ള ബഹിരാകാശ കാലാവസ്ഥാ പ്രതിഭാസങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നവയാണ്.
ദൗത്യത്തില്‍ നിന്നുള്ള ശാസ്ത്രീയ വിവരങ്ങള്‍ സെപ്റ്റംബര്‍ 23 മുതല്‍ ഭൂമിയിലേക്ക് അയച്ചുതുടങ്ങും. ഇത് സൂര്യന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പുതിയ ഉള്‍ക്കാഴ്ചകള്‍ അവ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബഹിരാകാശ കാലാവസ്ഥാ പ്രവചനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും, ഭാവിയില്‍ ഭൂമിക്ക് പുറത്തേക്കുള്ള, പ്രത്യേകിച്ച് ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള മനുഷ്യ ദൗത്യങ്ങള്‍ക്ക് സുരക്ഷയൊരുക്കുന്നതിനും ഈ കണ്ടെത്തലുകള്‍ നിര്‍ണായകമാണ്. മനുഷ്യ സമൂഹത്തെ സ്വാധീനിക്കുന്ന തരത്തില്‍ സൂര്യന്‍ ഭൂമിയെയും ബഹിരാകാശ പരിസ്ഥിതിയെയും എങ്ങനെ ബാധിക്കുന്നു എന്ന് അന്വേഷിക്കുന്ന നാസയുടെ 'ലിവിംഗ് വിത്ത് എ സ്റ്റാര്‍' എന്ന പ്രോഗ്രാമിന്റെ ഭാഗമാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബ്.
Content Highlights: Parker Solar Probe achieves record speed of 687,000 km/h during its latest close approach to sun