മില്‍ട്ടണ്‍ കൊടുങ്കാറ്റ് ഭീഷണി; യൂറോപ്പ ക്ലിപ്പര്‍ പേടകം വിക്ഷേപിക്കുന്നത് നീട്ടി

വ്യാഴത്തിന്റെ ഉപഗ്രഹങ്ങളിലൊന്നായ യൂറോപ്പയെ ലക്ഷ്യമിട്ടുള്ള ക്ലിപ്പര്‍ പേടകം വിക്ഷേപിക്കുന്നത് നീട്ടി നാസയും സ്പേസ്എക്സും. മില്‍ട്ടണ്‍ കൊടുങ്കാറ്റ് ഭീഷണിയെത്തുടര്‍ന്നാണ് തീയതി നീട്ടുന്നത്. മുന്‍പ് ഒക്ടോബര്‍ പത്തിന് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ (KSC) നിന്നാണ് യൂറോപ്പ ക്ലിപ്പര്‍ വിക്ഷേപിക്കാനിരുന്നത്.
ബഹിരാകാശപേടകവും അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെയും സംരക്ഷിക്കുന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്ന് നാസയുടെ സീനിയര്‍ ലോഞ്ച് ഡയറക്ടറായ ടിം ഡുന്‍ പ്രതികരിച്ചു. നിലവില്‍ സുരക്ഷിത സ്ഥാനത്തേക്ക് ബഹിരാകാശ പേടകത്തെ മാറ്റിയിട്ടുണ്ട്.
മില്‍ട്ടണ്‍ കൊടുങ്കാറ്റ് കഴിഞ്ഞതിന് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമായിരിക്കും വിക്ഷേപണം സംബന്ധിച്ച തീരുമാനങ്ങളെടുക്കുക. നവംബര്‍ ആറ് വരെയാണ് യൂറോപ്പ ക്ലിപ്പറിനുള്ള ലോഞ്ച് വിന്‍ഡോ തുറന്നിരിക്കുക.
ഓക്സിജന്‍ കൂടുതലുള്ള യൂറോപ്പയുടെ പ്രതലം ഐസ് കൊണ്ടാണ് നിര്‍മിക്കപ്പെട്ടിരിക്കുന്നത്. അതിനടിയില്‍ സമുദ്രമുണ്ടാകാനിടയുണ്ടെന്നാണ് അനുമാനം. ഇക്കാരണത്താല്‍ ഭൂമിയെ കൂടാതെ ജീവന് നിലനില്ക്കാനിടയുള്ള ഇടമായാണ് യൂറോപ്പയെ കണക്കാക്കുന്നത്. 2030-ല്‍ വ്യാഴത്തെയും യൂറോപ്പയെയും ചുറ്റുന്ന ഭ്രമണപഥത്തില്‍ പേടകം എത്തും.
Content Highlights: nasa space x delay europa clipper launch due to hurricane milton