ഭൂമിയിൽനിന്ന് 2414 കോടി കിലോമീറ്റർ അകലെ; വോയേജറുമായി ആശയവിനിമയം പുനഃസ്ഥാപിച്ച് നാസ

ന്യൂയോർക്ക്: ഭൂമിയിൽനിന്ന് ഏറ്റവും അകലെയുള്ള വോയേജർ-1 ബഹിരാകാശപേടകവുമായി ആശയവിനിമയം പുനഃസ്ഥാപിച്ചതായി നാസ അറിയിച്ചു. പേടകത്തിൽ 1981 മുതൽ ഉപയോഗിക്കാതിരുന്ന എസ്-ബാൻഡ് ട്രാൻസ്മിറ്ററാണ് ഒക്ടോബർ 24-ന് ആശയവിനിമയം നടത്തിയത്.
ഒക്ടോബർ 19-ന് പേടകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. ബഹിരാകാശത്തെ പ്രശ്നങ്ങളെ ചെറുക്കാനുള്ള പേടകത്തിലെ സംവിധാനം സ്വാഭാവികമായി പ്രവർത്തിച്ചപ്പോൾ സംഭവിച്ചതാകം ഇതെന്നാണ് കരുതുന്നത്. പതിവായി ആശയവിനിമയം നടത്തിയിരുന്ന എക്സ് ബാൻഡ് ട്രാൻസ്മിറ്ററും പ്രവർത്തിക്കാതായി.
ഭൂമിയിൽനിന്ന് 2414 കോടി കിലോമീറ്റർ അകലെയാണ് പേടകം. 1977-ൽ വിക്ഷേപിച്ച ഇതിന് കാലപ്പഴക്കം ചെന്നതിനാൽ ഊർജം സംരക്ഷിക്കാൻ അതിലെ ചില ഘടകഭാഗങ്ങൾ നാസ അടുത്തിടെ ഓഫ് ചെയ്തിരുന്നു. എസ് ബാൻഡ് സിഗ്നലുകൾ താരതമ്യേന ദുർബലമായതിനാൽ, വോയേജർ-1 എവിടെയെന്നോ അതിന്റെ സ്ഥിതിയെന്തെന്നോ കൃത്യമായി നിർണയിക്കാൻ കഴിയില്ലെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു.
Content Highlights: Nasa reconnects with Voyager 1 spacecraft