ആർട്ടെമിസ് 2 ദൗത്യത്തിലെ സുപ്രധാന നേട്ടങ്ങൾ; മനുഷ്യൻ എപ്പോൾ ചന്ദ്രനിലിറങ്ങും?

#സയൻസ് ഡെസ്ക്
Photo: AFP/  NASA
Photo: AFP/ NASA

1972-ലെ അപ്പോളോ 17 ദൗത്യത്തിനുശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുകയെന്ന ലക്ഷ്യം പേറിയാണ് നാസ ആർട്ടെമിസ് ദൗത്യം പ്രഖ്യാപിച്ചത്. അതിലെ നാഴികക്കല്ലാകുന്ന ദൗത്യമായിരുന്നു ആർട്ടെമിസിന്റെ മനുഷ്യരെ വഹിച്ചുള്ള ആദ്യ വിക്ഷേപണം. ഏപ്രിൽ രണ്ടിന് വിക്ഷേപിച്ച ആർട്ടെമിസ് 2 ദൗത്യം ഒടുവിൽ വിജയകരമായി പൂർത്തിയായിരിക്കുന്നു. പത്തുദിവസം നീണ്ട ദൗത്യത്തിൽ ഭൂമിയുടെ ഏക ഉപഗ്രഹമായ ചന്ദ്രനെ വലംവെച്ച് നാലംഗസംഘവുമായി ഓറിയോൺ പേടകം സുരക്ഷിതരായി പസഫിക് സമുദ്രത്തിൽ വന്നിറങ്ങിയിരിക്കുന്നു. ഇനിയുള്ള വർഷങ്ങളിലായി നടക്കാനിരിക്കുന്ന വിവിധ ആർട്ടെമിസ് ദൗത്യങ്ങളിലെ ആദ്യ ചവിട്ടുപടിയെന്ന് വേണം ഈ ദൗത്യത്തെ വിശേഷിപ്പിക്കാൻ. പുതിയ സാങ്കേതികവിദ്യകളുമായി ഒരുക്കിയ പുതിയ പേടകം മനുഷ്യരെ വഹിച്ചുള്ള ചാന്ദ്രദൗത്യങ്ങൾക്ക് എത്രത്തോളം ഫലപ്രദമാണെന്നും അതിന്റെ പോരായ്മകൾ എന്തെല്ലാമെന്നുമൊക്കെ പഠിക്കാനും ഭാവിദൗത്യങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചിട്ടപ്പെടുത്താനും ചന്ദ്രനിലെ പര്യവേക്ഷണ ലക്ഷ്യങ്ങൾ പഠിക്കാനും കൃത്യമായ മാർഗരേഖ തയ്യാറാക്കാനും സഞ്ചാരികൾ സ്വീകരിക്കേണ്ട ആരോഗ്യ മുൻകരുതലുകൾ ഉറപ്പുവരുത്താനും നൂതനമായ ആശയവിനിമയ സാങ്കേതികവിദ്യകൾ പഠിക്കാനുമെല്ലാമാണ് ആർട്ടെമിസ് 2 ദൗത്യം ഉദ്ദേശിച്ചിരുന്നത്. ഈ ദൗത്യങ്ങൾ ഫലപ്രദമായി പൂർത്തിയാക്കാൻ ദൗത്യസംഘത്തിന് സാധിച്ചു.

പത്തുദിവസം നേട്ടങ്ങൾ പലത്

  • റെക്കോർഡുകൾ ഭേദിച്ചൊരു യാത്ര- അപ്പോളോ 13 ദൗത്യം കുറിച്ച റെക്കോർഡ് ദൂരം ഭേദിച്ചാണ് ഇത്തവണ ആർട്ടെമിസ് II ദൗത്യം യാത്ര ചെയ്യുന്നത്. 1970 ഏപ്രിൽ 11-ന് വിക്ഷേപിച്ച അപ്പോളോ 13 ദൗത്യസംഘത്തിന് യാത്രയ്ക്കിടെ ഉണ്ടായ അടിയന്തര സാഹചര്യത്തെത്തുടർന്ന് യാത്ര പൂർത്തിയാക്കാതെ ഭൂമിയിലേക്ക് തിരിച്ചിറങ്ങേണ്ടിവന്നു. അന്ന് 2,48,655 മൈൽ (4,00,171 കിലോമീറ്റർ) ആണ് അപ്പോളോ 13 പേടകം യാത്ര ചെയ്തത്. ഈ റെക്കോർഡാണ് ഓറിയോൺ പേടകം ഭേദിച്ചത്. ഭൂമിയിൽനിന്ന് ഏകദേശം 2,52,756 മൈൽ (4,06,600 കിലോമീറ്റർ) ദൂരത്തേക്ക് ആർട്ടെമിസ് II ദൗത്യസംഘം യാത്ര ചെയ്തു.
  • ലൂണാർ ഫ്ലൈബൈ - ഏകദേശം ഏഴ് മണിക്കൂർ നീണ്ടുനിന്ന അതിസൂക്ഷ്മമായി ആസൂത്രണം ചെയ്ത ദൗത്യമായിരുന്നു ലൂണാർ ഫ്ലൈബൈ. ചന്ദ്രനരികിലൂടെയുള്ള ഈ സഞ്ചാരത്തിലൂടെ ഏകദേശം അഞ്ച് മണിക്കൂർനേരം ചാന്ദ്രനിരീക്ഷണം നടത്താൻ ദൗത്യസംഘത്തിനായി. പേടകത്തിലെ വിളക്കുകൾ അണച്ചും ക്യാമറകളും നിരീക്ഷണ ഉപകരണങ്ങളും സജ്ജമാക്കിയും മികച്ചരീതിയിൽ ചന്ദ്രനെ നിരീക്ഷിക്കുന്നതിനായുള്ള ഒരുക്കങ്ങൾ സഞ്ചാരികൾ നേരത്തേതന്നെ ചെയ്തിരുന്നു. ഈ സമയത്ത് എന്തെല്ലാം ചെയ്യണമെന്നതിൽ ദൗത്യം വിക്ഷേപിക്കുന്നതിനുമുമ്പ് തന്നെ നാസ വ്യക്തമായ പദ്ധതി തയ്യാറാക്കിയിരുന്നു. തത്സമയ സംപ്രേഷണം ആരംഭിക്കുന്നതും പേടകത്തിനുള്ളിൽനിന്നുള്ള ദൃശ്യങ്ങളും ചന്ദ്രനിലെ വിവിധങ്ങളായ ലക്ഷ്യസ്ഥാനങ്ങൾ വിശദമായി പഠിക്കുന്നതിനുമുള്ള പദ്ധതികൾ അക്കൂട്ടത്തിലുണ്ടായിരുന്നു.
  • ചന്ദ്രന്റെ മറുവശം നേരിൽ കാണാനുള്ള അവസരം - ചന്ദ്രന്റെ ഭ്രമണവും പരിക്രമണവും ഒരേ വേഗത്തിലായതിനാൽ ഭൂമിയിൽനിന്ന് എപ്പോഴും ചന്ദ്രന്റെ ഒരു വശം മാത്രമാണ് കാണുക. ചന്ദ്രന്റെ മറുവശത്തേക്ക് ബഹിരാകാശ പേടകങ്ങൾ പോയിട്ടുണ്ടെങ്കിലും രഹസ്യങ്ങളുടെ കലവറയായ ആ ഭാഗം നേരിൽ കാണാനും അറിയാനുമുള്ള അവസരമായിരുന്നു ഇത്. അപ്പോളോ ദൗത്യത്തിനിടെ വളരെ കുറച്ചുപേർ മാത്രമേ ചന്ദ്രന്റെ ഈ അർധഗോളം നേരിട്ട് കണ്ടിട്ടുള്ളൂ. എന്നാൽ മുമ്പ് പഠിക്കാൻ പ്രയാസകരമോ അസാധ്യമോ ആയിരുന്ന പ്രദേശങ്ങളിലെ ദീർഘവും വിശദവുമായ നിരീക്ഷണങ്ങൾ സാധ്യമാക്കിക്കൊണ്ട് ആർട്ടെമിസ് II മുന്നേറുകയാണ്. ശതകോടിക്കണക്കിന് വർഷങ്ങൾക്കുമുമ്പ് രൂപപ്പെട്ട ധാരാളം ഗർത്തങ്ങൾ നിറഞ്ഞതാണ് ചന്ദ്രന്റെ മറുവശം. സൂര്യപ്രകാശം പതിക്കാത്ത ഇവിടം ഇരുട്ടാണ്. ഏകദേശം 380 കോടി വർഷം പഴക്കമുള്ളതും ഏകദേശം 600 മൈൽ വിസ്തൃതിയുള്ളതുമായ ഓറിയന്റേൽ ബേസിൻ, ഏകദേശം 400 മൈൽ വീതിയുള്ള മറ്റൊരു കൂറ്റൻ ഗർത്തമായ ഹെർട്സ്പ്രംഗ് ബേസിൻ എന്നിവ അക്കൂട്ടത്തിലുണ്ട്. ചന്ദ്രോപരിതലത്തിൽ ഉൽക്കാശകലങ്ങൾ പതിക്കുന്നതുമൂലമുണ്ടാകുന്ന ചെറിയ സ്ഫോടനപ്രകാശങ്ങൾക്ക് സാക്ഷ്യം വഹിച്ചതായും ബഹിരാകാശ സഞ്ചാരികൾ റിപ്പോർട്ട് ചെയ്തു. ചന്ദ്രന്റെ പരിതസ്ഥിതിയെക്കുറിച്ചുള്ള വ്യക്തമായ ധാരണ നൽകാൻ ഈ നിരീക്ഷണങ്ങളിലൂടെ സാധിക്കും. ഭാവിദൗത്യങ്ങൾക്ക് ഇത് ഗുണകരമാവും. പ്രൊഫഷണൽ ക്യാമറകൾ ഉപയോഗിച്ച് പകർത്തിയ പുതിയ ചിത്രങ്ങൾ അപ്പോളോ ദൗത്യകാലത്തേക്കാൾ ഗുണമേന്മയുള്ള ചിത്രങ്ങൾ ഇത്തവണ ലോകത്തിന് സമ്മാനിക്കും.
  • പേടകവുമായി ആശയവിനിമയബന്ധം നഷ്ടപ്പെട്ട നിമിഷങ്ങൾ - ഓറിയോൺ പേടകം ചന്ദ്രനു പിന്നിലേക്ക് നീങ്ങിയപ്പോൾ ഭൂമിയുമായുള്ള ആശയവിനിമയം താത്കാലികമായി വിച്ഛേദിക്കപ്പെട്ടു. ഭൂമിക്കും പേടകത്തിനും ഇടയിൽ ചന്ദ്രൻ എത്തിയതോടെ ആശയവിനിമയ സിഗ്നലുകളുടെ സഞ്ചാരം 40 മിനിറ്റോളം തടസ്സപ്പെട്ടു. ഇങ്ങനെയൊരു സാഹചര്യം നേരത്തേതന്നെ പ്രതീക്ഷിച്ചിരുന്നതാണ്. "മറുഭാഗത്തുവെച്ച് കാണാം" എന്ന് മിഷൻ കൺട്രോളിനെ അറിയിച്ചാണ് ദൗത്യസംഘം മിനിറ്റുകൾ നീണ്ട നിശ്ശബ്ദതയിലേക്ക് പോയത്.
    ഈ സമയത്ത് സഞ്ചാരികൾ സ്വതന്ത്രമായി നിരീക്ഷണങ്ങൾ തുടർന്നു. പേടകം ചന്ദ്രോപരിതലത്തോട് ഏകദേശം 4,070 മൈൽ (6,550 കിലോമീറ്റർ) വരെ അടുത്തെത്തി. മികവുറ്റ രീതിയിൽ വിവരങ്ങൾ ശേഖരിക്കാനും നിരീക്ഷണം നടത്താനും ദൃശ്യങ്ങൾ പകർത്താനും ഇത് അവസരം നൽകി. പിന്നീട് ആശയവിനിമയബന്ധം പുനഃസ്ഥാപിക്കപ്പെട്ടതോടെ സഞ്ചാരികൾ തങ്ങളുടെ അനുഭവങ്ങൾ മിഷൻ കൺട്രോളുമായി പങ്കുവെച്ചുതുടങ്ങി.
  • അപൂർവക്കാഴ്ചകൾക്ക് സാക്ഷിയായി സഞ്ചാരികൾ- ലൂണാർ ഫ്ലൈബൈ ബഹിരാകാശ സഞ്ചാരികൾക്ക് അത്യപൂർവ ദൃശ്യാനുഭവങ്ങൾ സമ്മാനിക്കുന്നതായിരുന്നു. ചന്ദ്രനു മറുവശത്തുവെച്ചുള്ള 53 മിനിറ്റ് നീണ്ടുനിന്ന പൂർണ സൂര്യഗ്രഹണവും അതിൽ ഉൾപ്പെടുന്നു. ഈ സമയത്തെ സൂര്യന്റെ കൊറോണ നേരിൽ കാണാനും സഞ്ചാരികൾക്ക് സാധിച്ചു. ചൊവ്വ, ബുധൻ, ശുക്രൻ, ശനി എന്നിങ്ങനെ നിരവധി ഗ്രഹങ്ങളെ സാധാരണ മനുഷ്യർക്ക് സാധിക്കാത്ത വീക്ഷണകോണിൽനിന്ന് നോക്കിക്കാണാനും അവർക്ക് സാധിച്ചു. ഇതിനുപുറമെ ചന്ദ്രന്റെ ഭ്രമണപഥത്തിൽനിന്ന് ഭൂമിയുടെ ഉദയവും അസ്തമയവും കാണാൻ സഞ്ചാരികൾക്ക് സാധിച്ചു. നാസ പുറത്തുവിട്ട ചിത്രങ്ങളിൽ പലതിലും വിദൂരതയിൽ ഭൂമി സ്ഥിതിചെയ്യുന്നതായി കാണാം.

സുരക്ഷിതമായ തിരിച്ചിറക്കം

ഇന്ത്യൻ സമയം ഏപ്രിൽ 11 ശനിയാഴ്ച പുലർച്ചെ പസഫിക് സമുദ്രത്തിലാണ് 'ഇന്റഗ്രിറ്റി' എന്ന് പേരിട്ടിരുന്ന ഓറിയോൺ പേടകം സുരക്ഷിതമായി വന്നിറങ്ങിയത്. മണിക്കൂറിൽ ഏകദേശം 40,000 കിലോമീറ്റർ വേഗത്തിലാണ് ഓറിയോൺ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചത്. ഈ ഘട്ടത്തിൽ പേടകത്തിന് ചുറ്റും 2,800 ഡിഗ്രി സെൽഷ്യസ് വരെ കഠിനമായ ചൂട് അനുഭവപ്പെട്ടു. ഒരു തീഗോളമായി മാറിയ ക്രൂ കാപ്സ്യൂളിനെ അതിലെ ശക്തമായ താപകവചമാണ് യാത്രികർക്ക് സുരക്ഷയൊരുക്കി കാത്തുസൂക്ഷിച്ചത്. അന്തരീക്ഷ പ്രവേശനത്തിന് ശേഷം പേടകത്തിന്റെ വേഗം കുറയ്ക്കുന്നതിനായി ഘർഷണം ഉപയോഗപ്പെടുത്തുകയും പിന്നീട് പാരഷൂട്ടുകൾ വിടർത്തുകയും ചെയ്തു. ആകാശത്ത് വിടർന്ന ഭീമൻ പാരഷൂട്ടുകളുടെ സഹായത്തോടെ വേഗം നിയന്ത്രിച്ചാണ് പേടകം കടലിലേക്ക് പതിച്ചത്. അന്തരീക്ഷത്തിൽ പ്രവേശിച്ചത് മുതൽ സമുദ്രപതനം വരെയുള്ള 15 മിനിറ്റ് നീണ്ട പ്രക്രിയയെയാണ് ശാസ്ത്രലോകം 'സ്‌പ്ലാഷ് ഡൗൺ' എന്ന് വിശേഷിപ്പിക്കുന്നത്. പേടകം കടലിൽ ഇറങ്ങിയ ഉടൻതന്നെ യു.എസ്. നാവികസേനയുടെയും നാസയുടെയും റസ്‌ക്യൂ ടീമുകൾ ഓറിയോണിനടുത്തേക്ക് കുതിച്ചെത്തി.

ആർട്ടെമിസ് 4 - അരനൂറ്റാണ്ടിനുശേഷം ചന്ദ്രനിൽ മനുഷ്യന്റെ കാൽവെപ്പ്

നിശ്ചയിച്ച പോലെ കാര്യങ്ങൾ നടന്നാൽ ആർട്ടെമിസ് ദൗത്യങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമായിരിക്കും ആർട്ടെമിസ് 4 (Artemis IV). 1972-ലെ അപ്പോളോ 17-ന് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിൽ ഇറക്കുക എന്നതാണ് ഇതിന്റെ പ്രാഥമികലക്ഷ്യം. ചരിത്രത്തിലാദ്യമായി മനുഷ്യൻ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ (South Pole) ഇറങ്ങുന്നത് ഈ ദൗത്യത്തിലൂടെയായിരിക്കും. ഇതിനുമുമ്പുള്ള അപ്പോളോ ദൗത്യങ്ങളെല്ലാം ചന്ദ്രന്റെ മധ്യഭാഗത്തുള്ള സമതലങ്ങളിലാണ് ഇറങ്ങിയത്. ചന്ദ്രോപരിതലത്തിൽ കാലുകുത്തുന്ന ആദ്യത്തെ വനിതയെയും ആദ്യത്തെ വെള്ളക്കാരനല്ലാത്ത വ്യക്തിയെയും (Person of color) ഈ ദൗത്യം ചന്ദ്രനിലെത്തിക്കും. 2028 ൽ ഈ വിക്ഷേപണം നടത്താനാണ് ലക്ഷ്യമിടുന്നത്.

Content Highlights: NASA's Artemis 2 mission successfully concluded as the Orion spacecraft, carrying a four-member crew, splashed down in the Pacific Ocean after a 10-day journey that orbited the moon and broke long-standing distance records set by Apollo 13.