ആർട്ടെമിസ് 3, മനുഷ്യരെ വഹിച്ചുള്ള ആദ്യ ദൗത്യം; ബഹിരാകാശ സഞ്ചാരികളെ പ്രഖ്യാപിച്ച് നാസ

#ടെക്നോളജി ഡെസ്ക്
റാൻഡി ബ്രെസ്നിക് , ലൂക പർമിറ്റാനോ ,  ഫ്രാങ്ക് റൂബിയോ , ആന്‍ഡ്രൂ ഡഗ്ലസ്  മിഷൻ |
 Photo: NASA
റാൻഡി ബ്രെസ്നിക് , ലൂക പർമിറ്റാനോ , ഫ്രാങ്ക് റൂബിയോ , ആന്‍ഡ്രൂ ഡഗ്ലസ് മിഷൻ | Photo: NASA

ചന്ദ്രനെ വലംവെച്ച ആർട്ടെമിസ് 2 ദൗത്യത്തിന്റെ വൻ വിജയത്തിനു പിന്നാലെ, 2027-ൽ നടക്കാനിരിക്കുന്ന ആർട്ടെമിസ് 3 ദൗത്യത്തിനായുള്ള അടുത്ത ബഹിരാകാശയാത്രികരുടെ സംഘത്തെ പ്രഖ്യാപിച്ച് നാസ. ജൂൺ ഒമ്പത് ചൊവ്വാഴ്ച രാത്രി ഒമ്പരയോടെ ആരംഭിച്ച പരിപാടിയിലാണ് നാസ ആർട്ടെമിസ് 3 ദൗത്യത്തിന്റെ വിശദാംശങ്ങൾ പ്രഖ്യാപിച്ചത്.

റാൻഡി ബ്രെസ്നിക് - ആർട്ടെമിസ് 3 കമാൻഡർ, ലൂക പർമിറ്റാനോ - മിഷൻ പൈലറ്റ് (യൂറോപ്യൻ സ്പേസ് ഏജൻസി ബഹിരാകാശ സഞ്ചാരി, ആദ്യ ഇറ്റാലിയൻ സ്പേസ് സ്റ്റേഷൻ കമാൻഡർ, ഇറ്റാലിയൻ എയർഫോഴ്സ് കേണൽ), കേണൽ ഫ്രാങ്ക് റൂബിയോ - മിഷൻ സ്പെഷ്യലിസ്റ്റ്, ആൻഡ്രൂ ഡഗ്ലസ് മിഷൻ സ്പെഷ്യലിസ്റ്റ് (ടെസ്റ്റ് എഞ്ചിനീയർ, കോസ്റ്റ്ഗാർഡ് റിസർവ് കമാൻഡർ ) എന്നിവരെയാണ് ആർട്ടെമിസ് 3 ദൗത്യത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇക്കൂട്ടത്തിൽ അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കുന്നതിനായ ബോബ് ഹെയ്ൻസിനെ ബാക്ക് അപ്പ് ക്രൂ അംഗമായും ഉൾപ്പെടുത്തി.

കഴിഞ്ഞ ഏപ്രിലിൽ നടന്ന ആർട്ടെമിസ് 2 ദൗത്യത്തിനിടെ ചരിത്രത്തിൽ മറ്റൊരു മനുഷ്യനും സഞ്ചരിച്ചിട്ടില്ലാത്തത്ര ദൂരേയ്ക്ക് ബഹിരാകാശത്ത് യാത്ര ചെയ്ത കമാൻഡർ റീഡ് വൈസ്മാൻ, പൈലറ്റ് വിക്ടർ ഗ്ലോവർ, മിഷൻ സ്പെഷ്യലിസ്റ്റുകളായ ക്രിസ്റ്റീന കോക്ക്, ജെറമി ഹാൻസൻ എന്നിവർ ചരിത്രം കുറിച്ചിരുന്നു. 10 ദിവസത്തെ ദൗത്യത്തിനിടയിൽ അവർ ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കുകയും ചിത്രങ്ങളുൾപ്പടെ ഒട്ടേറെ വിവരങ്ങൾ ശേഖരിക്കുകയും സാങ്കേതിക വിദ്യകൾ പരീക്ഷിക്കുകയും ചെയ്തു. 1972-ലെ അപ്പോളോ 17 ദൗത്യത്തിനു ശേഷം ചന്ദ്രനിലേക്ക് യാത്ര ചെയ്യുന്ന ആദ്യ മനുഷ്യരെന്ന നേട്ടവും ഇവർ കൈവരിച്ചു.

ആർട്ടെമിസ് 3 ദൗത്യം

ചന്ദ്രനിൽ മനുഷ്യരെ എത്തിക്കാനുള്ള ദൗത്യമല്ല ആർട്ടെമിസ് 3. അതിനുപകരം അത് ഭൂമിയെ വലംവെക്കുകയും ഭാവിയിലെ ചന്ദ്രനിലിറങ്ങുന്നതിനായി തയ്യാറാക്കിയ ലാൻഡറുകൾ ഉപയോഗിച്ചുള്ള ഡോക്കിങ് സാങ്കേതിക വിദ്യ പരിശീലിക്കുകയും ചെയ്യും.

ബഹിരാകാശയാത്രികരെ ചന്ദ്രന്റെ ഉപരിതലത്തിലേക്ക് കൊണ്ടുപോകുന്നതിനുള്ള ലൂണാർ ലാൻഡറുകൾ നിർമിക്കാൻ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിനെയും (SpaceX) ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള ബ്ലൂ ഒറിജിനെയും (Blue Origin) ആണ് നാസ ആശ്രയിക്കുന്നത്. ദൗത്യങ്ങൾ വിക്ഷേപിക്കുന്നതിന് മുമ്പ് ഈ വിക്ഷേപണ വാഹനങ്ങളും സാങ്കേതിക വിദ്യകളും മനുഷ്യരെ ഉൾപ്പെടുത്തി പരീക്ഷണപ്പറക്കൽ നടത്തേണ്ടതുണ്ട്. ആ ലക്ഷ്യമാണ് ആർട്ടെമിസ് 3 നിറവേറ്റുക.

Content Highlights: Following the success of Artemis 2, NASA has officially announced the astronaut crew for the 2027 Artemis 3 mission, which will focus on testing lunar lander docking technologies in Earth's orbit.