റെയ്ക്ജാവിക്കിൽ കൊതുകിനെ കണ്ടെത്തി; കൊതുകില്ലാത്ത രാജ്യത്തിന് ആ പദവി നഷ്ടമായി

#ടെക്‌നോളജി ഡെസ്‌ക്
1. റെയ്ക്ജാവിക് നഗരം 2. പ്രതീകാത്മകചിത്രം | Photo -  visitreykjavik\X, AI
1. റെയ്ക്ജാവിക് നഗരം 2. പ്രതീകാത്മകചിത്രം | Photo - visitreykjavik\X, AI

മറ്റൊരു രാജ്യത്തിനും അവകാശപ്പെടാൻ കഴിയാത്ത പ്രത്യേകതകൊണ്ട് ഒരു ആർട്ടിക് രാജ്യം ഇതുവരെ വേറിട്ടുനിന്നിരുന്നു. മറ്റെല്ലായിടത്തെയും ജനങ്ങൾ കൊതുകുശല്യം നേരിടാൻ പലവഴികളും നോക്കുന്നതിനിടെ തലമുറകളായി ആ രാജ്യം അതിൽനിന്നെല്ലാം മുക്തമായി നിലകൊണ്ടിരുന്നു. എന്നാൽ ആ സ്ഥിതിക്ക് മാറ്റംവന്നിരിക്കുന്നു എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.

ഐസ്‌ലൻഡിലെ റേക്ജാവിക് നഗരത്തിന് വടക്കുനിന്ന് കൊതുകുകളെ കണ്ടെത്തിയതായി ഗവേഷകർ സയൻസ് ജേണലിലാണ് സ്ഥിരീകരിച്ചിട്ടുള്ളത്. കൊതുക് വിമുക്തമായ ആർട്ടിക് രാജ്യമെന്ന പദവി ഔദ്യോഗികമായി ഐസ്‌ലൻഡിന് നഷ്ടമാക്കുന്നതാണ് ഈ കണ്ടെത്തൽ. കൊതുകുശല്യം ബാധിക്കാതെ ഇതുവരെ നിഗൂഢമായി നിലനിന്നിരുന്ന ഈ ഒറ്റപ്പെട്ട ദ്വീപിന് ഇനി കൊതുകിനെ തുരത്താനുള്ള മാർഗങ്ങൾ തേടേണ്ടിവന്നേക്കാം.

തണുത്തുറഞ്ഞ കടലും സവിശേഷമായ കാലാവസ്ഥയും ഇത്രയും കാലം കൊതുകുകൾക്ക് സ്ഥിരമായി നിലയുറപ്പിക്കാൻ തടസമായി നിലനിന്നിരുന്നു എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. എന്നാൽ അതിവേഗം ചൂടായിക്കൊണ്ടിരിക്കുന്ന ആർട്ടിക് പ്രദേശത്തിന്റെ മാറ്റംമൂലം ആ അപൂർവ പ്രകൃതിദത്ത സംരക്ഷണം ഇപ്പോൾ തകർന്നിരിക്കാം. ഈ കണ്ടെത്തൽ ഒരു പാരിസ്ഥിതിക കൗതുകം എന്നതിലുപരി ധ്രുവപ്രദേശത്തുടനീളം പാരിസ്ഥിതിക മാറ്റങ്ങൾ വേഗത്തിലാക്കുന്നതിന്റെ മുന്നറിയിപ്പാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

ആർട്ടിക് പ്രദേശം ആഗോള ശരാശരിയെക്കാൾ നാല് മടങ്ങ് വേഗത്തിൽ ചൂടായിക്കൊണ്ടിരിക്കുകയാണ്. നേരത്തെയുള്ള മഞ്ഞുരുകൽ, ദൈർഘ്യമേറിയ വേനൽക്കാലം, വർധിച്ചുവരുന്ന മാനുഷിക പ്രവർത്തനങ്ങൾ എന്നിവ ഒരിക്കൽ കുടിയേറ്റ ജീവികൾക്കെതിരെ പ്രതിരോധം തീർത്തിരുന്ന ആവാസവ്യവസ്ഥകളെ പുനർരൂപകൽപ്പന ചെയ്യുന്നു. വികസിച്ചുവരുന്ന കപ്പൽ ഗതാഗതം, വിനോദസഞ്ചാരം, സൈനിക പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യ വികസനം എന്നിവ മുൻകാലങ്ങളിൽ ഒറ്റപ്പെട്ട നിലയിലായിരുന്ന പരിതസ്ഥിതികളിലേക്ക് ജീവികൾക്ക് സഞ്ചരിക്കാനുള്ള അവസരങ്ങൾ വർദ്ധിപ്പിക്കുന്നു.

കൊതുകുകൾ എന്നത് ഷഡ്പദങ്ങൾ, ചിലന്തികൾ,പുള്ളികൾ എന്നിവ ഉൾപ്പെടുന്ന ജീവികളുടെ വലിയ ഗ്രൂപ്പായ ആർത്രോപോഡുകളുമായി ബന്ധപ്പെട്ട ഒരു വലിയ ശൃംഘലയുടെ ഒരു ഭാഗം മാത്രമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. പലപ്പോഴും അവഗണിക്കപ്പെടുന്നതാണെങ്കിലും, ആർത്രോപോഡുകൾ ആർട്ടിക് പ്രദേശത്തെ ഏറ്റവും പ്രധാനപ്പെട്ട പാരിസ്ഥിതിക ഘടകങ്ങളിൽ ഒന്നാണ്. അവ സസ്യങ്ങളുടെ പരാഗണം സാധ്യമാക്കുന്നു, പോഷകങ്ങൾ പുനരുപയോഗിക്കുന്നു, കീടങ്ങളെ നിയന്ത്രിക്കുന്നു, പക്ഷികൾക്കും, മത്സ്യങ്ങൾക്കും, സസ്തനികൾക്കും ഭക്ഷണം നൽകുന്നു.

ആർത്രോപോഡുകൾ പാരിസ്ഥിതിക മാറ്റങ്ങളോട് വേഗത്തിൽ പ്രതികരിക്കുന്നതിനാൽ ഗവേഷകർ അവയെ ആവാസ വ്യവസ്ഥയുടെ ആരോഗ്യത്തിന്റെ ശക്തമായ സൂചകങ്ങളായി കണക്കാക്കുന്നു. എന്നിരുന്നാലും, ആവാസവ്യവസ്ഥകൾ എങ്ങനെ മാറുന്നു എന്നതിനെക്കുറിച്ചുള്ള ധാരണ മെച്ചപ്പെടുത്തുന്നതിന് അവയെ നിരീക്ഷിക്കാൻ ആർട്ടിക് മേഖലയിൽ ഏകോപിത സംവിധാനങ്ങൾ ഇല്ലെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.

ഇതിന്റെ ഫലങ്ങൾ ഇതിനകം ദൃശ്യമാകുന്നുണ്ട്. പ്രാണികൾ മുട്ടയിടുന്ന ചക്രങ്ങൾ കുഞ്ഞുങ്ങളുടെ ജനന സമയവുമായി യോജിക്കാത്തതിനാൽ ആർട്ടിക് തീരദേശ പക്ഷികൾ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. മാനുകളടക്കം കടിക്കുന്ന പ്രാണികളിൽ നിന്ന് കൂടുതൽ ആക്രമണം നേരിടുന്നു. ഷഡ്പദങ്ങളുടെ ആക്രമണങ്ങൾ ചില സസ്യജാലങ്ങളെ നശിപ്പിക്കുന്നു. ഇവയെല്ലാം ദീർഘകാല ജൈവവൈവിധ്യ നിരീക്ഷണത്തിന്റെ ആവശ്യകതയിലേക്കാണ് വിരൽ ചൂണ്ടുന്നത് എന്ന് ഗവേഷകർ പറയുന്നു. ശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം കൊതുകുകളുടെ വരവ് ഒരു പുതിയ ശല്യം എന്നതിലുപരിയാണ്. ആർട്ടിക് തന്നെ അവഗണിക്കാനാവാത്ത വിധം മാറിക്കൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണിതെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.

Content Highlights: Iceland has lost its status as the only Arctic nation free of mosquitoes., The arrival is a direct indicator of the Arctic warming four times faster than the global average., Changing ecosystems disrupt food chains for birds and reindeer., Urgent international cooperation is required for biodiversity monitoring., Arthropods serve as critical indicators of northern ecosystem health.