മങ്ങിയ ഗാലക്‌സികളുടെ ഉള്ളറരഹസ്യങ്ങള്‍ എന്തെല്ലാം? വലിയ കണ്ടെത്തലുകളുമായി മലയാളിഗവേഷകന്‍

കരുവാരക്കുണ്ട്: മങ്ങിയ പ്രതലമുള്ള ഭീമന്‍ ഗാലക്‌സിയായ മലിന്‍ 2-ന്റെ ആന്തരികരഹസ്യങ്ങളിലേക്കു വെളിച്ചംവീശുന്ന വലിയ കണ്ടെത്തലുകളുമായി മലയാളിയുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘം. ഏതാണ്ട് 666 ദശലക്ഷം പ്രകാശവര്‍ഷം അകലെയുള്ള ഭീമന്‍ നക്ഷത്രസമൂഹമാണ് മലിന്‍ 2.
സ്‌പെയിനിലെ പ്രശസ്തമായ ഐഎഎസി(ഇന്‍സ്റ്റിറ്റ്യൂട്ടോ ഡി അസ്‌ട്രോഫിസിക്കാ ഡി കനാറിയാസ്)ല്‍ പോസ്റ്റ് ഡോക്ടറല്‍ ഗവേഷകനാണ് ജുനൈസ്.
ഇതുവരെ കണ്ടെത്തിയിട്ടുള്ളവയുടെ കൂട്ടത്തില്‍ ഏറ്റവും വലുതും മങ്ങിയതുമായ ഗാലക്‌സികളിലൊന്നാണ് മലിന്‍ 2. ടൂ മീറ്റര്‍ ട്വിന്‍ ടെലസ്‌കോപ്പ് ഉപയോഗിച്ച് ഗാലക്‌സിയുടെ ആന്തരഘടനയിലേക്ക് വെളിച്ചംവീശുന്ന ദൃശ്യങ്ങളെടുക്കാനും ജുനൈസിന്റെ നേതൃത്വത്തിലുള്ള എട്ട് ഗവേഷകരുടെ സംഘത്തിനു കഴിഞ്ഞു. 'ഗാലക്‌സിയുടെ അതിര്‍ത്തിയിലെ മങ്ങിയ പ്രകാശത്തില്‍ എഴുതപ്പെട്ട ഒരു മറഞ്ഞ കഥയെ കണ്ടെത്തിയതുപോലെ' ത്രില്ലുണ്ടാക്കുന്നതാണ് കണ്ടെത്തലെന്ന് സ്‌പെയിനിലുള്ള ജുനൈസ് 'മാതൃഭൂമി'യോടു പറഞ്ഞു.
മങ്ങിയ ഗാലക്‌സികളില്‍നിന്നുള്ള പ്രസരണങ്ങള്‍, നീളമേറിയതും സ്‌പൈറല്‍ ആകൃതിയിലുള്ളതുമായ പ്രത്യേക രൂപരേഖ, ഗാലക്‌സിയുടെ ഉള്ളിലെ ഘടന തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങളാണ് പ്രധാന കണ്ടെത്തല്‍. മലിന്‍ 2-ല്‍നിന്ന് ഏകദേശം നാലുലക്ഷം പ്രകാശവര്‍ഷം അകലെയായി ഒരു അള്‍ട്രാ ഡിഫ്യൂസ്ഡ് ഡ്വാര്‍ഫ് (യുഡിജി) ഗാലക്‌സി ഉള്ളതായും ഇവര്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് മലിന്‍ 2-ന്റെ ഉപഗ്രഹ യുഡിജി ആകാന്‍ സാധ്യതയുണ്ടെന്ന് ജുനൈസ് പറഞ്ഞു. മങ്ങിയ ഘടന കണ്ടെത്താന്‍ കഴിഞ്ഞത് ടിടിടി ചിത്രങ്ങളുടെ അസാധാരണമായ ആഴവും ഗുണമേന്മയും കാരണമാണെന്നും ജുനൈസ് മാതൃഭൂമിയോടു പറഞ്ഞു.
കരുവാരക്കുണ്ട് ഗവ. സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കിയ ജുനൈസ്, ഡല്‍ഹി സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടിയശേഷം ഫ്രാന്‍സിലെ മാര്‍സെയ്ല്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നാണ് ബിരുദാനന്തരബിരുദവും പിഎച്ച്ഡിയും പൂര്‍ത്തിയാക്കിയത്.
മങ്ങിയ പ്രതലമുള്ളതും കണ്ടെത്താന്‍ പ്രയാസമുള്ളതുമായ ഗാലക്‌സികളുടെ രൂപവത്കരണവും പരിണാമവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പിഎച്ച്ഡി. കരുവാരക്കുണ്ട് മഠത്തൊടിക അബ്ദുള്ള-നഫീസ ദമ്പതിമാരുടെ ഏഴു മക്കളില്‍ ഇളയയാളാണ്.
Content Highlights: Researchers, led by a Malayali scientist, make groundbreaking discoveries about Malin 2, one of the largest and faintest galaxies ever found. Unveiling hidden structures and a potential dwarf companion.