ചന്ദ്രനിലിറങ്ങിയത് കള്ളക്കഥയെന്ന് കിം കര്‍ദാഷിയാന്‍; ആറ് തവണ ഇറങ്ങി, വീണ്ടും പോകുമെന്ന് നാസയുടെ മറുപടി | വീഡിയോ

കിം കർദാഷിയാൻ, ബസ് ആൽഡ്രിൻ ചന്ദ്രനിൽ സ്ഥാപിച്ച യുഎസ് പതാകയ്ക്ക് സമീപം | Photos: instagram, AP
കിം കർദാഷിയാൻ, ബസ് ആൽഡ്രിൻ ചന്ദ്രനിൽ സ്ഥാപിച്ച യുഎസ് പതാകയ്ക്ക് സമീപം | Photos: instagram, AP

മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയത് 56 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. മനുഷ്യന് ചെറിയ ചുവടുവെപ്പ്, മാനവരാശിക്ക് കുതിച്ചുചാട്ടം എന്നാണ് അന്ന് ചന്ദ്രനിലിറങ്ങിയ ഉടന്‍ നീല്‍ ആംസ്‌ട്രോങ് പറഞ്ഞത്. അമേരിക്കയുടെ ബഹിരാകാശ ഏജന്‍സിയായ നാസയുടെ അപ്പോളോ 11 എന്ന ദൗത്യത്തിലൂടെയാണ് ആംസ്‌ട്രോങ്ങും ബസ് ആല്‍ഡ്രിനും ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയത്.

എന്നാല്‍ മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയിട്ടില്ല എന്ന് വിശ്വസിക്കുന്ന നിരവധി പേര്‍ ഇന്ന് ലോകത്തുണ്ട്. മനുഷ്യന്റെ ചാന്ദ്രയാത്ര കെട്ടുകഥയാണെന്ന വാദങ്ങള്‍ തെറ്റാണെന്നതിന്റെ തെളിവുകളും ശാസ്ത്രീയമായ വിശദീകരണങ്ങളുമുണ്ടെങ്കിലും അന്ധവിശ്വാസം കണക്കെയാണ് ഈ ഗൂഢാലോചനാ സിദ്ധാന്തം ഇന്നും നിലനില്‍ക്കുന്നത്. ഇപ്പോഴിതാ ഇതേ വാദം ഉന്നയിച്ചിരിക്കുകയാണ് ഒരു സെലിബ്രിറ്റി.

Also Read: മാനവരാശിയുടെ മറ്റൊരു ചുവടുവെപ്പാകാനൊരുങ്ങി ആര്‍ട്ടെമിസ്; അമ്പിളിയമ്മാവനെ നമ്മള്‍ ഇനിയും തൊടും

അമേരിക്കന്‍ ടെലിവിഷന്‍ താരവും ബിസിനസുകാരിയുമായ കിം കര്‍ദാഷിയാനാണ് ചാന്ദ്രയാത്ര കള്ളക്കഥയാണെന്ന് പറഞ്ഞിരിക്കുന്നത്. ദി കര്‍ദാഷിയാന്‍സ് എന്ന റിയാലിറ്റി ടെലിവിഷന്‍ ഷോയിലാണ് കിം കര്‍ദാഷിയാന്‍ ഇക്കാര്യം പറഞ്ഞത്. ചാന്ദ്രയാത്ര കള്ളമാണെന്ന് വാദിക്കുന്ന ഗൂഢാലോചനാ സിദ്ധാന്തക്കാരുടെ സ്ഥിരം വാദങ്ങള്‍ തന്നെയാണ് കിം കര്‍ദാഷിയാനും ഉന്നയിക്കുന്നത്.

'ബസ് ആല്‍ഡ്രിനേയും മറ്റേയാളേയും കുറിച്ചുള്ള ലക്ഷക്കണക്കിന് ലേഖനങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക് അയച്ചുതരാം' എന്ന് കിം കര്‍ദാഷിയാന്‍ സഹതാരമായ സാറാ പോള്‍സണോട് പറഞ്ഞു. തുടര്‍ന്ന് ആല്‍ഡ്രിന്‍ പറഞ്ഞതെന്ന് പറഞ്ഞ് ഒരു വാചകവും അവര്‍ പറഞ്ഞു.

'പേടിപ്പെടുത്തുന്ന നിമിഷങ്ങള്‍ ഒന്നുമില്ലായിരുന്നു. കാരണം അത് സംഭവിച്ചിട്ടില്ല. അതൊരു ഭയാനകമായ സംഭവമായേനെ. പക്ഷേ അങ്ങനെയായില്ല. കാരണം അത് സംഭവിച്ചിട്ടില്ല.' -ഇതാണ് ആല്‍ഡ്രിന്‍ പറഞ്ഞതെന്ന് പറഞ്ഞ് കിം കര്‍ദാഷിയാന്‍ പറഞ്ഞത്. എന്നാല്‍ അദ്ദേഹം എവിടെയാണ് ഇങ്ങനെ പറഞ്ഞതെന്ന് വ്യക്തമല്ല. ഷോയുടെ നിര്‍മാതാക്കളോടും കിം ചാന്ദ്രയാത്ര തട്ടിപ്പാണെന്ന് ആവര്‍ത്തിച്ചു. മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയിട്ടില്ല എന്ന് ആല്‍ഡ്രിന്‍ പറയുന്നതിന്റെ വീഡിയോകളുണ്ടെന്നാണ് കര്‍ദാഷിയാന്‍ അവകാശപ്പെടുന്നത്.

എന്നാല്‍ കിം കര്‍ദാഷിയാന്റെ ആരോപണം നിഷേധിച്ചുകൊണ്ട് നാസ രംഗത്തെത്തി. നാസയുടെ ആക്ടിങ് അഡ്മിനിസ്‌ട്രേറ്ററായ സീന്‍ ഡഫിയാണ് കിം കര്‍ദാഷിയാന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് എക്‌സില്‍ മറുപടി കുറിച്ചത്.

'അതെ കിം കര്‍ദാഷിയാന്‍, നമ്മള്‍ മുമ്പ് ചന്ദ്രനിലിറങ്ങിയിട്ടുണ്ട്. ആറ് തവണ. യുഎസ് പ്രസിഡന്റിന്റെ നേതൃത്വത്തിന് കീഴില്‍ ആര്‍ട്ടെമിസ് ദൗത്യത്തിലൂടെ നമ്മള്‍ വീണ്ടും അവിടേക്ക് പോകുന്നുമുണ്ട്. അന്ന് ബഹിരാകാശ മത്സരത്തില്‍ നമ്മള്‍ വിജയിച്ചു. ഇതിലും നമ്മള്‍ വിജയിക്കുക തന്നെ ചെയ്യും.' – സീന്‍ ഡഫി പറഞ്ഞു. പിന്നാലെ ആര്‍ട്ടെമിസ് ദൗത്യ വിക്ഷേപണത്തിനായി കെന്നഡി സ്‌പേസ് സെന്ററിലേക്ക് കിം കര്‍ദാഷിയാനെ ഔദ്യോഗികമായി ക്ഷണിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Kim Kardashian claims the 1969 Moon landing was a hoax on her reality show, prompting a direct response and invite from NASA's Acting Administrator