ഉയരം കുറയും, സൗന്ദര്യംകൂടും, ത്വക്കിന്‍റെ നിറം സമാനമാകും; മനുഷ്യപരിണാമം ഇത്തരത്തിലാകാമെന്ന് ഗവേഷകര്‍

പരിണാമം എന്നത് ഒരു തുടര്‍പ്രക്രിയയാണ്. കാലത്തിനും സാഹചര്യങ്ങള്‍ക്കുമനുസരിച്ച് ഭൂമിയിലെ എല്ലാ ജീവജാലങ്ങളും പതിയെ മാറ്റത്തിന് വിധേയമാകും. പരിണാമത്തെ അതിജീവിക്കാന്‍ സാധിക്കാത്ത ജീവജാലങ്ങളെ പ്രകൃതി തന്നെ ഇല്ലാതാക്കുന്നു. ഇത് ലക്ഷക്കണക്കിന് വര്‍ഷങ്ങളായി തുടര്‍ന്നുകൊണ്ടേയിരിക്കുന്ന പ്രകൃതിപ്രവര്‍ത്തനമാണ്. അതില്‍നിന്ന് മനുഷ്യര്‍ക്ക് മാത്രമായി മാറിനില്‍ക്കാനാകില്ല. അടുത്ത ആയിരം വർഷങ്ങൾ കഴിയുമ്പോള്‍ ഇപ്പോൾ കാണപ്പെടുന്നത് പോലെയാകില്ല മനുഷ്യരെന്നാണ് ഗവേഷകരുടെ അഭിപ്രായം. മനുഷ്യര്‍ ഉയരം കുറഞ്ഞവരാകും. കറുത്തവരും വെളുത്തവരുമെന്ന വ്യത്യാസം മാഞ്ഞുപോകും. ത്വക്കിന്റെ നിറം എല്ലാമനുഷ്യര്‍ക്കും ഏതാണ്ട് ഒരേപോലെയാകും. ഭൂമിയിലെ മനുഷ്യരുടെ ഘടനയും ഏകദേശം ഏകരൂപമായിത്തീരും. എന്നാല്‍ ഇതൊക്കെ സംഭവിക്കുമ്പോഴും മനുഷ്യര്‍ കൂടുതല്‍ സൗന്ദര്യമുള്ളവരായി മാറുമെന്നും ഗവേഷകര്‍ പറയുന്നു.
ഇവല്യൂഷണറി ജെനെറ്റിസിസ്റ്റ് ആയ പ്രൊഫ. മാര്‍ക്ക് ജി തോമസിന്റെ അഭിപ്രായപ്രകാരം മനുഷ്യര്‍ ഭാവിയില്‍ പൊക്കം കുറഞ്ഞവരാകുമെന്നാണ്. കൂടുതല്‍ കുട്ടികളുണ്ടാകുന്നവരുടെ ജനിതകപാരമ്പര്യമാണ് നിലനില്‍ക്കുക. പണ്ട് ആളുകള്‍ക്ക് ശരാശരി ആയുര്‍ദൈര്‍ഘ്യം കുറവായിരുന്നതുകാരണം ഇന്ന് നിലനില്‍ക്കുന്നവര്‍ ആ കാലത്തെ അതിജീവിച്ചവരുടെ പിന്‍ഗാമികളാണ്. എന്നാല്‍ ആധുനിക വൈദ്യശാസ്ത്രത്തിന്‍റെ വളര്‍ച്ചയ്ക്കനുസരിച്ച് പല രോഗങ്ങള്‍ക്കും ചികിത്സയോ പരിഹാരമോ കണ്ടെത്താന്‍ സാധിക്കും. ഇതോടെ അടുത്ത തലമുറയെ സൃഷ്ടിക്കാന്‍ അവര്‍ക്ക് കൂടുതല്‍ കാലം ജീവിക്കാന്‍ സാധിക്കുമെന്ന നിലവരും. അങ്ങനെ വരുമ്പോള്‍ ഏതൊക്കെ ജീനുകളാണ് അടുത്ത തലമുറയിലേക്ക് കൈമാറ്റപ്പെടുകയെന്നതില്‍ പ്രകൃതി മറ്റൊരു തീരുമാനത്തിലേക്കെത്തും. അങ്ങനെ വരുമ്പോള്‍ പ്രത്യുത്പാദനത്തിന് യോഗ്യമാകുന്ന പ്രായം വളരെ കുറഞ്ഞെന്ന് വരാം. നേരത്തെ പ്രായപൂര്‍ത്തിയാകുന്നത് പിന്നീട് ശാരീരിക വളര്‍ച്ചയുടെ വേഗത കുറയ്ക്കും. അങ്ങനെ സംഭവിച്ചാല്‍ ആളുകള്‍ക്ക് പൊക്കം കുറഞ്ഞെന്നും വരാം. നേരത്തെ പ്രായപൂര്‍ത്തിയാകുന്നവര്‍ക്ക് കൂടുതല്‍ കുട്ടികളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അങ്ങനെ വരുമ്പോള്‍ സമൂഹത്തില്‍ ഉയരം കുറഞ്ഞവരുടെ എണ്ണം കൂടുന്നതിന് കാരണമാകുമെന്നും പ്രൊഫ. മാര്‍ക്ക് ജി തോമസിന്‍റെ സിദ്ധാന്തമിങ്ങനെ. ഇതൊരു തിയറി മാത്രമാണെന്നും അദ്ദേഹം പറഞ്ഞുവെയ്ക്കുന്നുണ്ട്. ലണ്ടണ്‍ യൂണിവേഴ്‌സിറ്റി കോളേജ് പ്രൊഫസറാണ് മാര്‍ക്ക് ജി. തോമസ്.
പൊക്കം കുറഞ്ഞാലും കാണാന്‍ അഴകുള്ളവരായി മാറുമെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. ശാസ്ത്രം വളരുമ്പോള്‍ മരണം സംഭവിക്കുന്നതിന്റെ കാരണങ്ങള്‍ കുറയുന്നു. ഇതോടെ സ്ത്രീകള്‍ക്ക് തങ്ങളുടെ പങ്കാളികളെ തിരഞ്ഞെടുക്കാന്‍ ഒരുപാട് ഓപ്ഷനുകള്‍ ലഭിക്കുന്നു. അതില്‍ കഴിവും സൗന്ദര്യവും കരുത്തും കൂടുതലുള്ള പുരുഷന്മാര്‍ അതിജീവിക്കും. അങ്ങനെ വരുമ്പോള്‍ അതിജീവിച്ചവരുടെ ജീനുകള്‍ കൂടുതലായി പങ്കുവെക്കപ്പെടും. അപ്പോള്‍ സമൂഹത്തില്‍ സൗന്ദര്യമുള്ളവരുടെ എണ്ണം കൂടും- പ്രൊഫസര്‍ പറയുന്നു.
ആന്‍ജല റസ്‌കിന്‍ യൂണിവേഴ്‌സിറ്റി ബയോ ഇന്‍ഫൊര്‍മേറ്റിക്‌സ് അധ്യാപകനായ ഡോ. ജെയ്‌സണ്‍ ഹൊഗ്‌സണിന്റെ അഭിപ്രായപ്രകാരം ഭാവിയില്‍ മനുഷ്യരുടെ ത്വക്കിന്റെ നിറം ഒരേപോലെ ആകുമെന്നാണ്. പണ്ടത്തേപ്പോലെയല്ല, ഇന്ന് വിവിധ വംശീയതയിലുള്ള മനുഷ്യര്‍ തമ്മില്‍ പരസ്പരം വൈവാഹിക- പങ്കാളി ബന്ധത്തിലെത്തുന്നുണ്ട്. ഇത് ഭാവിയില്‍ ഇനിയും വര്‍ധിക്കും. അങ്ങനെ വരുമ്പോള്‍ ഇത് ഭാവിയിലെ മനുഷ്യരുടെ ബാഹ്യരൂപഘടനയെ തന്നെ മാറ്റിമറിച്ചേക്കാം. വിവിധ വംശീയതയിലുള്ള ജനിതകങ്ങള്‍ പങ്കുവെയ്ക്കപ്പെടുന്നതോടെ ത്വക്കിന്റെ നിറത്തിലെ പ്രകടമായ അതിര്‍വരമ്പുകള്‍ പതിയെ മാഞ്ഞുപോകും. ചെറിയ ചെറിയ വ്യത്യാസങ്ങള്‍ അപ്പോഴുമുണ്ടായേക്കാം. എന്നാലും അധികം വെളുത്തതോ കറുത്തതോ ആയ ആളുകളുണ്ടാകില്ലെന്നും ഡോ. ജെയ്‌സണ്‍ അഭിപ്രായപ്പെടുന്നു. മൗറീഷ്യസിലേതുപോലെയുള്ളവരേപ്പോലെയുള്ള നിറത്തിലുള്ള ആളുകളാകും കൂടുതലുണ്ടാകുക.
എന്നാലും ഭാവിയില്‍ വൈദ്യശാസ്ത്രം കൂടുതല്‍ വികസിക്കുന്നതോടെ ആളുകള്‍ക്ക് ഏത് തരത്തിലുള്ള കുട്ടികളെയാണ് വേണ്ടതെന്ന് തീരുമാനിക്കാനുള്ള അവസരങ്ങളൊരുങ്ങും. ഇന്ന് അധാര്‍മികമെന്ന് കരുതിയതൊക്കെ അന്ന് തെറ്റല്ലാതായേക്കാം. ഉയരം, ബുദ്ധി, ലിംഗം തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമെടുത്ത് ഡിസൈനര്‍ ബേബികളെ സൃഷ്ടിക്കുന്ന കാലം വന്നുകൂടായ്കയില്ലെന്നും അദ്ദേഹം പറയുന്നു. അങ്ങനെ വരുമ്പോള്‍ ഇന്ന് സമൂഹത്തില്‍ വളരെ അപൂര്‍വ്വമായി കാണപ്പെടുന്ന ചില ജീനുകള്‍ ഭാവിയില്‍ എല്ലാവരിലും കാണപ്പെട്ടേക്കാം. മനുഷ്യരില്‍ നിന്ന് മാത്രമല്ല വേണമെങ്കില്‍ മറ്റ് ജീവജാലങ്ങളില്‍ നിന്ന് വരെ അനുയോജ്യമെന്ന് തോന്നുന്ന ജീനുകളെ ഭാവിയില്‍ മനുഷ്യരിലെത്തിക്കുന്നതും ജീന്‍ എഡിറ്റിങ് വഴി സംഭവിച്ചേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.
സാങ്കേതിക വിദ്യയിലുള്ള അമിതാശ്രയത്വം കാരണം മനുഷ്യമസ്തിഷ്‌കത്തിന്റെ വലിപ്പം കുറയുന്ന പ്രവണതയും സംഭവിച്ചേക്കാമെന്നാണ് ഇവല്യൂഷണറി ബയോളജിസ്റ്റായ പ്രൊഫ. റോബെര്‍ട്ട് ബ്രൂക്‌സ് പറയുന്നത്. നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ ആശയവിനിമയം, വിശകലനം തുടങ്ങിയ ജോലികള്‍ സാങ്കേതിക വിദ്യകളുടെ ഫലമായി കംപ്യൂട്ടറുകള്‍ ഏറ്റെടുത്തേക്കാം. അങ്ങനെ വരുമ്പോള്‍ മനുഷ്യ മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനം വളരെ കുറയുകയും അവ വലിപ്പം കുറയാന്‍ തുടങ്ങുകയും ചെയ്യും. മനുഷ്യന്‍ ചെമ്മരിയാടുകളെ വളര്‍ത്താന്‍ തുടങ്ങിയതോടെ നാട്ടുമൃഗമാക്കപ്പെട്ട അവയുടെ തലച്ചോറിന്റെ വലിപ്പം 24 ശതമാനം കുറഞ്ഞു. പശുക്കളുടേത് 26 ശതമാനവും നായകളുടേത് 30 ശതമാനവും കുറഞ്ഞു. ഇതേ സാഹചര്യമാണ് മനുഷ്യന്‍ കംപ്യൂട്ടറുകള്‍ക്ക് മുന്നില്‍ സ്വയം കീഴടങ്ങുന്നതോടെ സംഭവിക്കാന്‍ പോകുന്നതെന്നാണ് റോബെര്‍ട്ട് ബ്രൂക്‌സ് പറയുന്നത്.
ഇതേപോലെ മനുഷ്യര്‍ കൂടുതല്‍ ബഹിരാകാശ യാത്രകള്‍ നടത്തുകയും അന്യഗ്രഹ യാത്രകള്‍ സര്‍വസാധാരണമാവുകയും ചെയ്യുന്നതോടെ അവിടെയും പരിണാമപരമായി ഭൂമിയില്‍ വസിക്കുന്നവരും അന്യഗ്രഹ- ബഹിരാകാശ വാസികളും തമ്മില്‍ വ്യത്യാസമുണ്ടാകുന്നു. നരവംശ ശാസ്ത്രജ്ഞനായ ഡോ. ജോണ്‍ ഹോകിന്‍സിന്റെ അഭിപ്രായത്തില്‍ ഭാവിയില്‍ മനുഷ്യര്‍ ചൊവ്വയില്‍ വാസമുറപ്പിച്ചാല്‍ പിന്നീടവര്‍ക്കുണ്ടാകുന്ന തലമുറകള്‍ ഭൂമിയിലുള്ളവരുമായി വലിയ വ്യത്യാസമുള്ളവരായി മാറും. ഭൂമിയേക്കാള്‍ ഗുരുത്വാകര്‍ഷണം കുറഞ്ഞ ഗ്രഹമാണ് ചൊവ്വ. ഇവിടെ ലഭിക്കുന്നതിനേക്കാള്‍ കുറഞ്ഞ പ്രകാശവും ചൂടുമാണ് ചൊവ്വയില്‍ ലഭിക്കുന്നത്. ഭൂമിയില്‍ ലഭിക്കുന്നതിന്റെ 68 ശതമാനം പ്രകാശമാണ് ചൊവ്വയിലുള്ളവര്‍ക്ക് ലഭിക്കുന്നത്. ഗുരുത്വാകര്‍ഷണം ഭൂമിയേ അപേക്ഷിച്ച് 38 ശതമാനം കുറവാണ്. ഈ സാഹചര്യവുമായി പൊരുത്തപ്പെടാന്‍ അവരുടെ ശരീരം കൂടുതല്‍ ഉയരം വെയ്ക്കുകയും കൈകള്‍ക്ക് നീളം കൂടുകയും ചെയ്യാം. ഗുരുത്വാകര്‍ഷണം താരതമ്യേന ഇല്ലാത്ത ബഹിരാകാശത്ത് വെച്ച് ആളുകളുടെ നട്ടെല്ലിന് വലിച്ചില്‍ സംഭവിക്കുന്നുണ്ട്. അത് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ളവര്‍ക്ക് അനുഭവവേദ്യമാകാറുണ്ട്. ഭൂമിയിലുള്ളതിനേക്കാള്‍ മൂന്ന് ശതമാനത്തോളം നീളം ബഹിരാകാശത്ത് വെച്ച് വര്‍ധിച്ചതായി രേഖപ്പെടുത്തിയിട്ടുള്ളതാണ്. ഭാവിയില്‍ ഇവര്‍ മറ്റൊരു മറ്റൊരു മനുഷ്യ വര്‍ഗമായി പരിണമിക്കാനുമിടയുണ്ട്.
ഇതൊക്കെ തിയറികള്‍ മാത്രമാണെന്നും ഇങ്ങനെ തന്നെ സംഭവിക്കണമെന്നില്ലെന്നുമാണ് ഗവേഷകര്‍ വിശദീകരിക്കുന്നത്. ഇങ്ങനെയും സംഭവിക്കാന്‍ സാധ്യതകളുണ്ടെന്ന് മാത്രമാണ് ഇവര്‍ വിശദീകരിക്കുന്നത്. നിലവില്‍ ലഭ്യമായ വിവരങ്ങളില്‍ നിന്ന് ഭാവിയിലെന്താകാമെന്ന അനുമാനം മാത്രം. ഭാവിയില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുമെന്നത് അതാത് സമയത്തെ മനുഷ്യ ഇടപെടല്‍ അനുസരിച്ച് വ്യത്യാസം വരാമെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
Content Highlights: Discover predictions about human evolution: height, skin color, and even potential gene editing