3I/ATLAS അന്യഗ്രഹ പേടകമോ? പുതിയ സിദ്ധാന്തവുമായി ഹാര്‍വാഡ് ശാസ്ത്രജ്ഞന്‍, 'വേഗവും ലോഹഘടനയും ശ്രദ്ധേയം'

വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് 3I/ATLAS. നിലവില്‍ സൗരയൂഥത്തിലൂടെ കടന്നുപോകുന്ന നക്ഷത്രാന്തര വസ്തുവാണിത്. വാല്‍നക്ഷത്രമെന്ന് നാസ വിശേഷിപ്പിക്കുന്ന ഇതിനെക്കുറിച്ചുള്ള പുതിയ നിഗമനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ഹാര്‍വാഡ് ശാസ്ത്രജ്ഞനായ ആവി ലോബ്. 3I/ATLAS സ്വാഭാവികമായ ഒന്നല്ലെന്ന് ആവര്‍ത്തിക്കുന്ന അദ്ദേഹം വാല്‍നക്ഷത്രങ്ങളില്‍നിന്ന് വ്യത്യസ്തമായി 3I/ATLAS-ന്റെ അസാധാരണ സ്വഭാവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രംഗത്തെത്തിയിരിക്കുന്നത് എന്നാണ് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്യുന്നത്. 3I/ATLAS ഒരു അന്യഗ്രഹ പേടകമാകാം എന്ന നിഗമനവുമായി ആദ്യം രംഗത്തെത്തിയത് ആവി ലോബാണ്.
ജൂലായില്‍ കണ്ടെത്തപ്പെട്ടതു മുതല്‍ ഒരു കോസ്മിക് സെലിബ്രിറ്റിയാണ് 3I/ATLAS. ബഹിരാകാശ പേടകമാകാം എന്ന സിദ്ധാന്തം ശ്രദ്ധനേടിയതോടെ ഇതേക്കുറിച്ചുള്ള കൗതുകം വാനോളം വര്‍ധിച്ചു. എല്ലാ ബഹിരാകാശ ഏജന്‍സികളും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. ഡിസംബര്‍ 19-ന് 3I/ATLAS ഭൂമിക്ക് ഏറ്റവും അടുത്തെത്തുന്ന ദിവസത്തിനുവേണ്ടി ജിജ്ഞാസയോടെ കാത്തിരിക്കുകയാണ് ശാസ്ത്രലോകം. അതിനിടെയാണ് ലോബിന്റെ പുതിയ നിഗമനങ്ങള്‍.
3I/ATLAS പോലുള്ള നക്ഷത്രാന്തര വസ്തുക്കള്‍ ഭൂമിയില്‍ ജീവന്‍ വിതയ്ക്കാന്‍ അന്യഗ്രഹങ്ങളിലെ വികസിത സമൂഹങ്ങള്‍ അയച്ചതാകാം എന്ന പുതിയ സിദ്ധാന്തമാണ് ആവി ലോബ് മുന്നോട്ട് വെക്കുന്നതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 3I/ATLAS ന്റെ അസാധാരണ സഞ്ചാരപഥവും ഭൗതിക സ്വഭാവങ്ങളും അതൊരു സാങ്കേതിക നിര്‍മ്മിതിയായിരിക്കാം എന്ന സൂചനയാണ് നല്‍കുന്നതെന്ന് ആവി ലോബ് പറയുന്നു.
അന്യഗ്രഹജീവികള്‍ ഭൂമി സന്ദര്‍ശിക്കുന്നത് ഇത് ആദ്യമായിട്ടായിരിക്കില്ലെന്നും അദ്ദേഹം വാദിക്കുന്നു. സൗരയൂഥത്തിന്റെ പ്രായം പരിഗണിക്കുമ്പോള്‍ മറ്റു നക്ഷത്രങ്ങളിലെ താമസക്കാര്‍ക്ക് ഭൂമി സന്ദര്‍ശിക്കാന്‍ ധാരാളം അവസരങ്ങള്‍ ലഭിച്ചിരുന്നു എന്നുവേണം കരുതാനെന്ന് അദ്ദേഹം പറയുന്നു. ഇത്തരം സന്ദര്‍ശനങ്ങള്‍ക്കുള്ള സാധ്യത അവരുടെ ലക്ഷ്യത്തെ ആശ്രയിച്ചിരിക്കും.
3I/ATLAS മണിക്കൂറില്‍ 244,800 കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചരിക്കുന്നത്. ഇത് നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബിന്റെ പരമാവധി വേഗത്തിന്റെ ഏകദേശം മൂന്നിലൊന്നാണ്. ദുരൂഹമായ വേഗ വര്‍ധന, അസാധാരണമായ ലോഹഘടന എന്നിവ അടക്കമുളള അസാധാരണത്വങ്ങള്‍ ലോബ് ചണ്ടിക്കാട്ടുന്നു. ഇത് ഒരു സ്വാഭാവിക വാല്‍ നക്ഷത്രമായിരിക്കില്ലെന്ന് സൂചിപ്പിക്കുന്നതാണ് ഇതെല്ലാമെന്ന് അദ്ദേഹം പറയുന്നു. അടുത്തിടെ, 3I/ATLAS-ന് ഹൃദയമിടിപ്പ് പോലുള്ള ഒരു സ്പന്ദനം ഉണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു. കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണ് അതെന്നതിന്റെ തെളിവാണിതെന്ന് ആവി ലോബ് പറയുന്നു.
ബഹിരാകാശത്ത് നിന്നുള്ള പാറകള്‍ ദശാബ്ദത്തില്‍ ഒരിക്കല്‍ ഭൂമിയില്‍ പതിക്കാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറയുന്നു. ഭൂമിയുടെ ചരിത്രത്തിലുടനീളം അത്തരം 50 കോടി കൂട്ടിയിടികള്‍ സംഭവിക്കുന്നുണ്ട്. ഭൂമിയിലേക്കുള്ള യാത്രയെ അതിജീവിക്കാന്‍തക്ക പ്രതിരോധ ശേഷിയുള്ള ജീവ രൂപങ്ങള്‍ ഈ നക്ഷത്രാന്തര പാറകള്‍ വഹിച്ചിരുന്നെങ്കില്‍ മനുഷ്യന് ഇതിനകം അന്യഗ്രഹ ജീവ രൂപങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ കഴിഞ്ഞേനെ എന്നാണ് അദ്ദേഹ അവകാശപ്പെടുന്നത്.
കഴിഞ്ഞ മാസം അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ 3I/ATLAS-നെ ഒരു വാല്‍ നക്ഷത്രമെന്ന് വിശേഷിപ്പിച്ചിരുന്നു. അന്നുതന്നെ നാസയെ തള്ളി ആവി ലോബ് രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് തന്റെ നിലപാട് ശരിയാണെന്ന് സമര്‍ഥിക്കാനുള്ള കൂടുതല്‍ വാദമുഖങ്ങളുമായി അദ്ദേഹം രംഗത്തെത്തുന്നത്.
Content Highlights: Harvard`s Avi Loeb theorizes interstellar object 3I/ATLAS might be an alien `seed ship` sent to Earth. Explore anomalies suggesting technological origins and panspermia