20 വര്‍ഷത്തിന് ശേഷം ഉറക്കമുണര്‍ന്ന 'ഭീമന്‍ തമോഗര്‍ത്തം' കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍

Photo: Ai Image
Photo: Ai Image

ജ്യോതിശ്ശാസ്ത്ര രംഗത്ത് സുപ്രധാനമായൊരു കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. വിര്‍ഗോ നക്ഷത്രസമൂഹത്തില്‍, ഏകദേശം 300 ദശലക്ഷം പ്രകാശവര്‍ഷം അകലെ സ്ഥിതി ചെയ്യുന്ന എസ്ഡിഎസ്എസ്1335+0728 എന്ന ഗാലക്‌സിയുടെ ഹൃദയഭാഗത്ത്, 20 വര്‍ഷത്തെ നിഷ്‌ക്രിയതയ്ക്ക് ശേഷം ഉണര്‍ന്ന ഒരു ഭീമന്‍ തമോഗര്‍ത്തമാണ് കണ്ടെത്തിയത്. കാലിഫോര്‍ണിയയിലെ പാലോമര്‍ ഒബ്‌സര്‍വേറ്ററിയില്‍ സാമുവല്‍ ഓഷിന്‍ ടെലിസ്‌കോപ്പിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സ്വിക്കി ട്രാന്‍സിയന്റ് ഫെസിലിറ്റി (ZTF) ആണ് ഈ കണ്ടെത്തല്‍ നടത്തിയത്.

2019 അവസാനത്തോടെയാണ് ഈ തമോഗര്‍ത്തത്തില്‍ അപ്രതീക്ഷിതമായ മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. സൂര്യനേക്കാള്‍ ഏകദേശം പത്ത് ലക്ഷം മടങ്ങ് പിണ്ഡമുള്ള ഈ തമോഗര്‍ത്തം ഇന്‍ഫ്രാറെഡ്, ഒപ്റ്റിക്കല്‍, അള്‍ട്രാവയലറ്റ് തരംഗദൈര്‍ഘ്യങ്ങളില്‍ പ്രകാശം പുറപ്പെടുവിക്കാന്‍ തുടങ്ങി. 2024-ല്‍, ചിലിയിലെ ജ്യോതിശാസ്ത്രജ്ഞര്‍ ഈ തമോഗര്‍ത്തത്തില്‍ നിന്ന് എക്‌സ്-റേ വികിരണങ്ങള്‍ പുറത്തുവരുന്നത് കണ്ടെത്തി, ഇത് തമോഗര്‍ത്തം പുനരുജ്ജീവനം നടത്തുന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു. തുടര്‍ന്ന്, ചുറ്റുമുള്ള വാതകങ്ങളെ ആകര്‍ഷിച്ച് ഈ തമോഗര്‍ത്തം സജീവമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി.

ഈ മാറ്റത്തോടെ SDSS1335+0728 ഗാലക്‌സി ഒരു സജീവ ഗാലക്ടിക് ന്യൂക്ലിയസ് (AGN) ഉള്ള ഗാലക്‌സിയായി മാറി. ശാസ്ത്രജ്ഞര്‍ ഈ പ്രതിഭാസത്തിന് 'ആന്‍സ്‌കി' (Ansky) എന്ന് പേര് നല്‍കി. 
തമോഗര്‍ത്തങ്ങള്‍ വര്‍ഷങ്ങളോളം നിഷ്‌ക്രിയമാകുന്നത് അസാധാരണമല്ലെങ്കിലും, ഒരു തമോഗര്‍ത്തം വീണ്ടും സജീവമാകുന്നതിന് മനുഷ്യര്‍ ആദ്യമായാണ് സാക്ഷ്യം വഹിക്കുന്നത്. ഗാലക്‌സികളുടെ ഉത്ഭവത്തെയും തമോഗര്‍ത്തങ്ങളുടെ വളര്‍ച്ചയെയും കുറിച്ചുള്ള അറിവുകള്‍ നേടാന്‍ ഈ കണ്ടെത്തല്‍ ശാസ്ത്രലോകത്തിന് അവസരമൊരുക്കും.


 

Content Highlights: Scientists discover a giant black hole reactivating after 20 years of inactivity in the Virgo galaxy