ഒന്നും രണ്ടുമല്ല, ഭൂമിക്കടുത്തേക്ക് വരുന്നത് അഞ്ച് ഛിന്നഗ്രങ്ങൾ; നിരീക്ഷിച്ച് ശാസ്ത്രലോകം

#സയന്‍സ് ഡെസ്‌ക്
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.

അഞ്ച് ഛിന്നഗ്രങ്ങൾ ഭൂമിക്കടുത്തേക്ക്. നവംബർ 19 നും 20 നും ഇടയിൽ ഇവ ഭൂമിക്ക് അടുത്തെത്താൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. 2026 VA11, 2026 TB84, 2026 VD6, 2018 NE1, 2007 WK3 എന്നിവയാണ് തിരിച്ചറിഞ്ഞിട്ടുള്ള അഞ്ച് ഛിന്നഗ്രഹങ്ങൾ. 10 മീറ്റർ മുതൽ 120 മീറ്റർ വരെ വലിപ്പം കണക്കാക്കപ്പെടുന്ന ഇവയെ ജ്യോതിശാസ്ത്രജ്ഞർ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്.

നവംബർ 19-ന് 2026 VA11 ഛിന്നഗ്രഹമാണ് അഞ്ചെണ്ണത്തിൽ വെച്ച് ഭൂമിക്ക് ഏറ്റവും അടുത്തുകൂടി കടന്നുപോകുന്നത്. ഭൂമിയിൽ നിന്ന് ഏകദേശം 33.5 ലക്ഷം കിലോമീറ്റർ അകലെക്കൂടിയാകും ഇത് കടന്നുപോകുന്നത്. അതായത് ഭൂമിയിൽനിന്ന് ചന്ദ്രനിലേക്കുള്ള ശരാശരി ദൂരത്തിന്റെ ഏകദേശം 8.72 മടങ്ങ് അകലെക്കൂടി. 10 - 22 മീറ്റർ വീതിയുണ്ടെന്ന് കണക്കാക്കപ്പെടുന്ന ഈ ഛിന്നഗ്രഹം മണിക്കൂറിൽ 32,040 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിക്കുന്നത്.

ഇവയിൽ ഏറ്റവും വലുപ്പമുള്ള 2026 TB84 ആണ് ശ്രദ്ധേയമായ ഛിന്നഗ്രഹം. 50 മുതൽ 110 മീറ്റർ വരെ വ്യാസമുണ്ടെന്ന് കണക്കാക്കപ്പെടുന്ന ഇത് നവംബർ 19-ന് ഭൂമിയിൽ നിന്ന് ഏകദേശം 4.64 ദശലക്ഷം കിലോമീറ്റർ അകലെകൂടി കടന്നുപോകും.

വലിപ്പമേറിയ ഇത് പ്ലാനറ്ററി ഡിഫൻസ് (ഛിന്നഗ്രഹ പ്രതിരോധം) ഗവേഷണത്തിൽ നിർണായകമാണെന്ന് വിലയിരുത്തപ്പെടുന്നു. ഇവയുടെ സഞ്ചാരപാതയും സവിശേഷതകളും നിരീക്ഷിച്ചാണ് ഭൂമിയ്ക്കടുത്തുകൂടി കടന്നുപോകുന്ന ഛിന്നഗ്രങ്ങളെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങൾ ശാസ്ത്രജ്ഞർക്ക് ലഭിക്കുന്നത്. അവശേഷിക്കുന്ന മൂന്ന് ഛിന്നഗ്രഹങ്ങളും നവംബർ 19-20 തീയതികളിൽ ഭൂമിയോട് ഏറ്റവും അടുത്തെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഭാവിയിലെ ഏതെങ്കിലും കൂട്ടിയിടി സാധ്യതകൾ തിരിച്ചറിയുന്നതിന് ഇത്തരം ഛിന്നഗ്രഹങ്ങളെ നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്. 140 മീറ്ററിലധികം വലിപ്പമുള്ള ഇത്തരം വസ്തുക്കളെ പ്ലാനറ്ററി ഡിഫൻസ് ഏജൻസികൾ അതീവ ഗൗരവമായാണ് നിരീക്ഷിക്കുന്നത്. ഇത്തരത്തിൽ ഒന്ന് സൃഷ്ടിക്കാനിടയുള്ള ആഘാതം വലിയ നാശത്തിന് കാരണമായേക്കാം എന്നതാണ് കാരണം.

Content Highlights: Five near-Earth asteroids will make close approaches between November 19 and 20, 2026., Asteroid 2026 VA11 will make the closest approach at about 3.35 million kilometres., Asteroids 2026 TB84 and 2018 NE1 measure up to 110-120 metres in size., None of the five asteroids pose any predicted impact threat to Earth., Flybys provide vital data for planetary defence and trajectory calculations.