നൂറും ആയിരവുമല്ല 12,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയതാണ് നായകളുമായുള്ള സ്‌നേഹം-പഠനം

Representative Image| Photo: Canva.com
Representative Image| Photo: Canva.com

അതിരുകളില്ലാത്തതാണ് മനുഷ്യരോടുള്ള നായകളുടെ സ്‌നേഹം. അത് വിവരണാതീതവുമാണ്. എപ്പോഴായിരിക്കും യഥാര്‍ഥത്തില്‍ മനുഷ്യരും നായകളും ഇങ്ങനെ പരസ്പരം ഇടപഴകാന്‍ തുടങ്ങിയിട്ടുണ്ടാകുക? ഇത് സംബന്ധിച്ച് നിരവധി പഠനങ്ങള്‍ ശാസ്ത്രജ്ഞര്‍ നടത്തിയിട്ടുണ്ട്. ഇപ്പോഴിതാ മനുഷ്യരും നായകളും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് പുതിയൊരു കണ്ടെത്തൽ നടത്തിയിരിക്കുകയാണ് ​ഗവേഷകർ.

ഏകദേശം 12,000 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നായകളും മനുഷ്യരും ഇത്തരത്തില്‍ ചങ്ങാത്തം കൂടാന്‍ തുടങ്ങിയതെന്നാണ് പുതിയ പഠനം പറയുന്നത്. അരിസോണ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. സയന്‍സ് അഡ്വാന്‍സസ് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച റിസര്‍ച്ചിലാണ് ഇതുമായി ബന്ധപ്പെട്ട കണ്ടെത്തലുകളുള്ളത്. 

അലാസ്‌കയില്‍ നിന്ന് കണ്ടെത്തിയ മനുഷ്യരുടെയും ഇന്നത്തെ നായകളുടെ പൂര്‍വികരുടെയും ശരീരഭാഗങ്ങളില്‍ നടത്തിയ പഠനങ്ങള്‍ക്ക് ശേഷമാണ് കണ്ടെത്തല്‍. റേഡിയോകാര്‍ബണ്‍ ഡേറ്റിങ്ങ് പ്രകാരം 12,000 വര്‍ഷം മുമ്പ് തന്നെ നായകൾ ജീവിച്ചിരുന്നുവെന്ന് കണ്ടെത്തി. മനുഷ്യരുമായി ഇവ അടുത്തിടപഴകിയതിന്റെ സൂചനകളും ലഭിച്ചു.

നായ ദിനംപ്രതി മത്സ്യാഹാരമാണ് ഭക്ഷിച്ചിരുന്നതെന്നാണ് കെമിക്കല്‍ പരിശോധനയില്‍ തെളിഞ്ഞത്. അക്കാലത്ത്, പ്രദേശത്തെ നായകള്‍ മത്സ്യാഹാരം കഴിച്ചിരുന്നില്ല. കരയില്‍ മാത്രം വേട്ടയാടിയാണ് ഭക്ഷിച്ചിരുന്നത്. അതിനാല്‍ മത്സ്യാഹാരങ്ങള്‍ മനുഷ്യര്‍ നല്‍കിയതാകാമെന്നാണ് നിഗമനം. നേരത്തേ അമേരിക്കയിലെ ഒരു പഠനത്തില്‍ 8000 വര്‍ഷങ്ങള്‍ക്ക് മുമ്പ് നായകളും മനുഷ്യരും തമ്മില്‍ അടുത്തിടപഴകിയതിന്റെ സൂചനകള്‍ ലഭിച്ചിരുന്നു. ഇപ്പോഴിതാ അതിനും 2000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സൂചനകളാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്നത്. 

Content Highlights: dog was alive about 12,000 years showed signs of being in close contact with humans