സമയം പിന്നോട്ടു പോകുന്നുവോ? ഒഴിച്ചുകളഞ്ഞ പാൽ ഗ്ലാസിലേക്ക് തിരിച്ചുകയറുമോ? സാധ്യതയുണ്ടെന്ന് പഠനം

പ്രതീകാത്മക ചിത്രം | Photo: AI Generated
പ്രതീകാത്മക ചിത്രം | Photo: AI Generated

ഭൂതകാലത്തില്‍നിന്ന് ഭാവിയിലേക്ക് മാറ്റങ്ങളൊന്നുമില്ലാതെ സമയം സഞ്ചരിക്കുന്നുവെന്നാണ് നമ്മുടെ പരമ്പരാഗത ധാരണ. എന്നാല്‍, ഈ സിദ്ധാന്തത്തെ ചോദ്യം ചെയ്തുള്ള പഠനം പുറത്തുവിട്ടിരിക്കുകയാണ് ഇംഗ്ലണ്ടിലെ സറി സര്‍വകലാശാല. കാലം രേഖീയമായല്ല കടന്നുപോകുന്നതെന്നും ക്വാണ്ടം തലത്തില്‍ സമയം ഒരേ സമയം മുന്നോട്ടും പിന്നോട്ടും പോകാന്‍ സാധ്യതയുണ്ടെന്നും ഗവേഷകര്‍ പഠനത്തില്‍ പറയുന്നു. സയന്റിഫിക് റിപ്പോര്‍ട്ട്‌സ് എന്ന ജേണലിലാണ് ഇതുമായി ബന്ധപ്പെട്ട പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.  

സമയത്തിന്റെ രണ്ട് ദിശകള്‍ ഉണ്ടാകാമെന്നാണ് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ഒന്ന് മുന്നോട്ടും മറ്റൊന്ന് പിന്നോട്ടും നീങ്ങുന്നു. നമുക്ക് ചുറ്റും സമയം പിന്നോട്ട് ഒഴുകുന്നുണ്ടാകാം എന്നും നമ്മള്‍ അത് അറിയുന്നുപോലുമുണ്ടാകില്ല എന്നുമുള്ള അതിശയകരമായ സാധ്യതയും പഠനം മുന്നോട്ടുവെയ്ക്കുന്നു. ഈ കണ്ടെത്തല്‍ തെര്‍മോഡയനാമിക്‌സ്, ക്വാണ്ടം മെക്കാനിക്‌സ്, പ്രപഞ്ചത്തിന്റെ ഉത്ഭവം എന്നിവയെക്കുറിച്ചുള്ള നമ്മുടെ ധാരണയെ മാറ്റിമറിച്ചേക്കാം. 

സബ്അറ്റോമിക് തലത്തില്‍, സമയത്തിന്റെ കടന്നുപോക്കിനെ സൂചിപ്പിക്കുന്ന വ്യക്തമായ മാറ്റങ്ങള്‍ എല്ലായ്‌പ്പോഴും കാണാന്‍ കഴിയില്ല. പകരം എന്‍ട്രോപ്പി പോലുള്ള മറ്റ് സൂചകങ്ങളെ നമ്മള്‍ നോക്കേണ്ടതുണ്ടെന്ന് സറി സര്‍വകലാശാലയിലെ ഫിസിക്‌സ് ആന്‍ഡ് മാത്തമാറ്റിക്കല്‍ ബയോളജി അസോസിയേറ്റ് പ്രൊഫസറും പഠനത്തില്‍ പങ്കാളിയുമായ ഡോ. ആന്‍ഡ്രിയ റോക്കോ പറയുന്നു.

'ഇത് വിശദീകരിക്കാനുള്ള ഒരു മാര്‍ഗ്ഗം ഇതാണ്. മേശപ്പുറത്ത് പാല്‍ തുളുമ്പി പരക്കുന്നതുപോലുള്ള ഒരു പ്രക്രിയ നോക്കുമ്പോള്‍, സമയം മുന്നോട്ട് പോകുകയാണെന്ന് വ്യക്തമാണ്. എന്നാല്‍, ഒരു സിനിമയിലെന്നപോലെ  അത് പിന്നോട്ട് പ്രവര്‍ത്തിപ്പിക്കുകയാണെങ്കില്‍, എന്തോ കുഴപ്പമുണ്ടെന്ന് ഉടന്‍ മനസ്സിലാകും. പാല്‍ ഗ്ലാസിലേക്ക് തിരികെ ശേഖരിക്കപ്പെടുമെന്ന് വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. എന്നിരുന്നാലും ഒരു പെന്‍ഡുലത്തിന്റെ ചലനം പോലുള്ള ചില പ്രക്രിയകളുണ്ട്. അവ പിന്നോട്ട് പ്രവര്‍ത്തിപ്പിക്കുമ്പോഴും അത്രതന്നെ വിശ്വസനീയമായി തോന്നുന്നു. സമയം ഒരു ദിശയിലേക്ക് മാത്രം നീങ്ങുന്നു എന്ന് പറയുമ്പോള്‍ വിപരീതദിശയും തുല്യമായി സാധ്യമാകുമായിരുന്നു എന്നതിനെക്കുറിച്ച് നമ്മള്‍ അജ്ഞരാണ് എന്നതാണ് ഞങ്ങളുടെ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത്'-ഡോ. ആന്‍ഡ്രിയ റോക്കോ വ്യക്തമാക്കുന്നു. 

Content Highlights: concept of time and new stury report