8000 മണിക്കൂറിലധികം വിമാനം പറത്തി, ആകാശത്തും ബഹിരാകാശത്തും സാഹസികനായ ബുച്ച്

ബുച്ച് വില്‍മോര്‍ | Photo: AP
ബുച്ച് വില്‍മോര്‍ | Photo: AP

ഒമ്പത് മാസത്തെ കാത്തിരിപ്പിനൊടുവില്‍ ബഹിരാകാശത്ത് നിന്ന് ഭൂമിയിലെത്തിയ സുനിതാ വില്യംസിന് അധികം ആമുഖത്തിന്റെ ആവശ്യമില്ല. ഇന്ത്യന്‍ വംശജയായ സുനിത ലോകത്ത് അറിയപ്പെടുന്ന ബഹിരാകാശ യാത്രികരില്‍ ഒരാളാണ്. അതുപോലെത്തന്നെ സാഹസികനായ ബഹിരാകാശ യാത്രികനാണ് സുനിതയ്‌ക്കൊപ്പം തിരിച്ചെത്തിയ ബുച്ച് വില്‍മോറും. തുടക്കത്തില്‍ വൈമാനികനായിരുന്നു ബുച്ച്. പിന്നീടാണ് ബഹിരാകാശത്തേക്കുള്ള സ്വപ്‌നസഞ്ചാരം തുടങ്ങിയത്. 

ഉറച്ചവിശ്വാസവും സാഹസികതയ്ക്കുമുതിരാനുള്ള മനോഭാവാവും ഒരാളെ ജീവിതവിജയത്തിലെത്തിക്കുമെന്നതിന്റെ ഉദാഹരണമാണ് ബുച്ച്. യുഎസ് നാവികസേനാ ഓഫീസറായിരുന്ന വില്‍മോറിനെ 2000-ലാണ് നാസ ബഹിരാകാശയാത്രയ്ക്ക് തിരഞ്ഞെടുത്തത്. 2009-ല്‍ എസ്ടിഎസ്-129 സ്പെയ്സ് ഷട്ടില്‍ ദൗത്യത്തിന്റെ ഭാഗമായായിരുന്നു ആദ്യ ബഹിരാകാശയാത്ര. 2014-ല്‍ വീണ്ടും നിലയത്തിലേക്ക്. അക്കുറി ഐഎസ്എസില്‍ ഫ്‌ലൈറ്റ് എന്‍ജിനീയറായും കമാന്‍ഡറായും പ്രവര്‍ത്തിച്ചു.

1963 ഡിസംബര്‍ 29-നാണ് വില്‍മോര്‍ ജനിച്ചത്. ബാരി യൂജിന്‍ ബുച്ച് വില്‍മോറെന്നാണ് മുഴുവന്‍ പേര്. ടെന്നസി സാങ്കേതിക സര്‍വകലാശാലയില്‍നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദവും ഏവിയേഷന്‍ സിസ്റ്റംസില്‍ മാസ്റ്റേഴ്‌സ് ബിരുദം നേടി. അതിനുശേഷമാണ് യുഎസ് നാവികസേനയില്‍ ചേരുന്നത്. അവിടെ ഓഫീസറായും പൈലറ്റായും സേവനം ചെയ്തു. 

ഇറാഖിലെ യു.എസിന്റെ ഓപ്പറേഷന്‍ സതേണ്‍ വാച്ച്, ഡെസേര്‍ട്ട് സ്റ്റോം, ഡെസേര്‍ട്ട് ഷീല്‍ഡ് തുടങ്ങിയ സുപ്രധാന ദൗത്യങ്ങളില്‍ പങ്കെടുത്തതിന്റെ അനുഭവസമ്പത്തുണ്ട് വില്‍മോറിന്. 663 വിമാനവാഹിനിക്കപ്പലുകളില്‍ പോര്‍വിമാനങ്ങളിറക്കിയും 8,000 മണിക്കൂറിലധികം വിമാനം പറത്തിയും പ്രാഗല്ഭ്യം തെളിയിച്ചിട്ടുമുണ്ട്. 

ഇവയൊക്കെയും ബഹിരാകാശത്ത് മൈക്രോഗ്രാവിറ്റിയില്‍ 286 ദിവസം തങ്ങാനും സാഹസികപരീക്ഷണങ്ങളിലേര്‍പ്പെടാനും 62-കാരനായ വില്‍മോറിനു കരുത്തുപകര്‍ന്നു. കോളേജില്‍ ചേരുന്നതിനുമുന്‍പ് ഫുട്‌ബോള്‍ കളിക്കാരനായിരുന്നു വില്‍മോര്‍. ഡിയന്നയാണ് വില്‍മോറിന്റെ ഭാര്യ. രണ്ടു പെണ്‍മക്കള്‍.

Content Highlights: butch wilmore nasa astronaut