ഭൂമിയെ വളഞ്ഞ് ഛിന്നഗ്രഹങ്ങള്‍; ഇത്തവണ 30,381 കി,മീ വേഗത്തില്‍ എത്തിയത് തിമിംഗലത്തിന്റെ വലിപ്പമുള്ളത്

ഛിന്നഗ്രഹങ്ങള്‍ ഭൂമിയില്‍ പതിച്ചാലുള്ള ഭവിഷ്യത്തുകളെ കുറിച്ച് ആശങ്കാകുലരാണ് ശാസ്ത്രലോകം. അക്കാരണത്താലാണ് ഭൂമിക്ക് പുറത്തുള്ള ഛിന്നഗ്രഹങ്ങളെ ശാസ്ത്രജ്ഞര്‍ നിരന്തരം നിരീക്ഷിക്കുന്നത്. അക്കൂട്ടത്തില്‍ താരതമ്യേന ഭൂമിയ്ക്ക് സമീപത്തുള്ളതും ഭീഷണിയാകാന്‍ സാധ്യതയുള്ളതുമായ ഛിന്നഗ്രഹങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ നാസ നല്‍കാറുണ്ട്.
ഇപ്പോഴിതാ മണിക്കൂറില്‍ 30381 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന 100 അടി വ്യാസമുള്ള ഒരു ഛിന്നഗ്രഹത്തെക്കുറിച്ച് അറിയിപ്പ് നല്‍കിയിരിക്കുകയാണ് നാസ. 2024 ഒആര്‍1 എന്ന ഛിന്നഗ്രഹമാണ് ഭൂമിക്കടുത്തൂകൂടി കടന്നുപോയത്. ഭൂമിയുടെ ഭ്രമണ പഥത്തിലൂടെ കടന്നുപോവുന്ന അപ്പോളോ ഗ്രൂപ്പില്‍ ഉള്‍പ്പെടുന്ന ഛിന്നഗ്രഹങ്ങളില്‍ ഒന്നാണിത്. അടുത്തിടെ ഭൂമിക്കരികിലൂടെ കടന്നുപോയ നിരവധി ഛിന്നഗ്രഹങ്ങള്‍ ഈ വിഭാഗത്തിലുള്ളവയാണ്.
നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലെ സെന്റര്‍ ഫോര്‍ നിയര്‍ എര്‍ത്ത് ഒബ്ജക്ട് സ്റ്റഡീസ് ആണ് 2021 ഒആര്‍ 1 ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. 2024 ഓഗസ്റ്റ് ആറിന് ഇന്ത്യന്‍ സമയം വൈകീട്ട് 6.41 ന് ആണ് ഇത് ഭൂമിയോട് ഏറ്റവും അടുത്തെത്തിയതെന്ന് നാസ പറയുന്നു. ഭൂമിയ്ക്ക് യാതൊരു ഭീഷണിയും സൃഷ്ടിക്കാതെ ഇത് കടന്നുപോവുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു.
സൗരയൂഥത്തിന്റെ തുടക്കകാലത്തെ ശേഷിപ്പുകളാണ 2024 ഒആര്‍1 നെ പോലുള്ള ഛിന്നഗ്രഹങ്ങള്‍. പാറ, ലോഹം പോലെ വിവിധ പദാര്‍ഥങ്ങള്‍ കൊണ്ടു നിര്‍മിതമാണിവ. സൗരയൂഥത്തിന്റെ രൂപീകരണം സംബന്ധിച്ച ഒട്ടേറെ വിവരങ്ങള്‍ ഈ ഛിന്നഗ്രഹങ്ങളെ പഠന വിധേയമാക്കുന്നതിലൂടെ അറിയാനാവും. നാസയുടെ പ്ലാനറ്ററി ഡിഫന്‍സ് കോര്‍ഡിനേഷന്‍ ഓഫീസിനാണ് ഛിന്നഗ്രഹങ്ങളെ നിരീക്ഷിക്കുന്നതിനുള്ള ചുമതല.
30000 കിലോമീറ്ററില്‍ അധികം വേഗത്തില്‍ സഞ്ചരിക്കുന്ന ഈ ഛിന്നഗ്രത്തിന്റെ വേഗവും വലിപ്പവുമാണ് അതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നത്. ഒരു നീലത്തിമിംഗലത്തിന്റെ അത്രയും വലിപ്പമുള്ള ഛിന്നഗ്രഹമാണിത്. ഒപ്റ്റിക്കല്‍ ദൂരദര്‍ശിനികളും റഡാര്‍ ഉപകരണങ്ങളും ഉപയോഗിച്ചാണ് ഇതിന്റെ സഞ്ചാര പാതയും രൂപ സവിശേഷതകളും നിരീക്ഷിച്ചുവരുന്നത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് മറ്റ് ചില ഛിന്നഗ്രഹങ്ങള്‍ ഭൂമിക്കരികിലൂടെ കടന്ന് പോയത്. ഓഗസ്റ്റ് നാലിന് 2024 ഒസി എന്ന 410 അടി വ്യാസമുള്ള വലിയ ഛിന്നഗ്രഹം ഭൂമിയെ കടന്ന് പോയിരുന്നു. അതിന് മുമ്പ് ഓഗസ്റ്റ് ഒന്നിന് 2024 ഒഇ, 2024 ഒഒ എന്നീ ഛിന്നഗ്രഹങ്ങളും ഭൂമിക്കരികിലെത്തി. ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി നല്‍കുന്ന വിവരം അനുസരിച്ച് ഒഗസ്റ്റ് എട്ട് മുതല്‍ 13 വരെയുള്ള ദിവസങ്ങളില്‍ അഞ്ച് ഛിന്നഗ്രഹങ്ങളാണ് ഭൂമിക്കരികിലൂടെ കടന്ന് പോവുക.
ഭൂമിയുമായുള്ള കൂട്ടിയിടി അവഗണിക്കുന്നതിനും അതിനുള്ള സാഹചര്യങ്ങള്‍ പ്രതിരോധിക്കുന്നതിനും ഈ ഛിന്നഗ്രഹങ്ങളെയെല്ലാം നിരീക്ഷിക്കേണ്ടത് അനിവാര്യമാണ്.
Content Highlights: asteroid threat, Asteroid Warning by NASA, Jet Propulsion Laboratory