ബെന്നു ഛിന്നഗ്രഹത്തില്‍ പഞ്ചസാര, പശിമയുള്ള വസ്തു, പുരാതന നക്ഷത്ര ധൂളി- കണ്ടെത്തലുമായി ശാസ്ത്രജ്ഞർ

#സയൻസ് ഡെസ്ക്
Osiris Rex Landing Graphical Image | Photo: NASA
Osiris Rex Landing Graphical Image | Photo: NASA

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നാസയുടെ ഒസിരിസ് റെക്‌സ് ബഹിരാകാശ പേടകം ബെന്നു എന്ന ഛിന്ന ഗ്രഹത്തിന്റെ ഉപരിതലത്തില്‍ ഇറങ്ങി പൊടികളും കല്ലുകളും ശേഖരിച്ചത്. ഏകദേശം 121.6 ഗ്രാം സാമ്പിളുകളുമായി 2023 സെപ്റ്റംബറില്‍ പേടകം സുരക്ഷിതമായി ഭൂമിയിലെത്തി. അന്ന് മുതല്‍ ഈ സാമ്പിളുകളില്‍ ഒട്ടേറെ പഠനങ്ങള്‍ നടക്കുന്നുണ്ട്.

ബെന്നുവിലെ സാമ്പിളില്‍ നിന്ന് ലഭിച്ച ഓര്‍ഗാനിക് സംയുക്തങ്ങള്‍ ഗവേഷകരെ അമ്പരപ്പിക്കുകയാണ്. ജീവനുത്ഭവിക്കാന്‍ അത്യന്താപേക്ഷിതമായ അമിനോ ആസിഡുകളെ ഈ ഛിന്ന ഗ്രഹത്തിന്റെ സാമ്പിളില്‍ നിന്ന് ഗവേഷകര്‍ വേര്‍തിരിച്ചെടുത്തിരുന്നു. ഇപ്പോഴിതാ ബെന്നു ഛിന്ന ഗ്രഹത്തില്‍ ജൈവവ്യവസ്ഥയ്ക്ക് അത്യാവശ്യമായ പഞ്ചസാര, മുമ്പ് ബഹിരാകാശ വസ്തുക്കളില്‍ കണ്ടിട്ടില്ലാത്ത തരം പശിമയുള്ള വസ്തു, സൂപ്പര്‍നോവ സ്‌ഫോടനങ്ങളുടെ ഫലമായുണ്ടാകുന്ന വലിയ അളവിലുള്ള പൊടി എന്നിവ കണ്ടെത്തിയെന്നാണ് നേച്ചര്‍ ജിയോ സയന്‍സസ്, നേച്ചര്‍ ആസ്‌ട്രോണമി തുടങ്ങിയ ജേണലുകളില്‍ പ്രസിദ്ധീകരിച്ച മൂന്ന് പുതിയ പഠനങ്ങള്‍ പറയുന്നത്.

ജപ്പാനിലെ തോഹോകു സര്‍വകലാശാലയിലെ യോഷിഹിരോ ഫുരുകാവയുടെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരുടെ ഒരു സംഘം പറയുന്നതനുസരിച്ച്, ബെന്നുവില്‍ നിന്ന് കൊണ്ടുവന്ന സാമ്പിളുകളില്‍ അഞ്ച് കാര്‍ബണ്‍ പഞ്ചസാര റൈബോസ് അടങ്ങിയിട്ടുണ്ട്. കൂടാതെ ബഹിരാകാശത്ത് നിന്ന് ശേഖരിച്ച ഒരു സാമ്പിളില്‍ ആദ്യമായി ആറ് കാര്‍ബണ്‍ ഗ്ലൂക്കോസ് അടങ്ങിയിരിക്കുന്നതായും കണ്ടെത്തി. ഈ കണ്ടെത്തലുകള്‍ ജീവന്റെ നിലനില്‍പ്പിനെ സ്ഥിരീകരിക്കുന്നില്ലെങ്കിലും സൗരയൂഥത്തിലുടനീളം ജൈവ തന്മാത്രകളുടെ നിര്‍മാണ ബ്ലോക്കുകള്‍ എങ്ങനെ വ്യാപിച്ചിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ്.

'ഡിഎന്‍എയും ആര്‍എന്‍എയും നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന അഞ്ച് ന്യൂക്ലിയോബേസുകളും ഫോസ്‌ഫേറ്റുകളും ഒസിരിസ്-റെക്‌സ് ഭൂമിയിലേക്ക് കൊണ്ടുവന്ന ബെന്നു സാമ്പിളുകളില്‍ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. റൈബോസിന്റെ പുതിയ കണ്ടെത്തല്‍ അര്‍ത്ഥമാക്കുന്നത് ആര്‍എന്‍എ തന്മാത്ര രൂപപ്പെടുത്തുന്നതിനുള്ള എല്ലാ ഘടകങ്ങളും ബെന്നുവില്‍ ഉണ്ടെന്നാണ്,' ഫുരുകാവ പറഞ്ഞു.

എന്താണ് പശിമയുള്ള ആ വസ്തു?

നാസയുടെ അമെസ് ഗവേഷണ കേന്ദ്രവും ബെര്‍ക്​ളിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയും ചേര്‍ന്ന് പ്രസിദ്ധീകരിച്ച രണ്ടാമത്തെ പ്രബന്ധത്തിലാണ്, സൗരയൂഥത്തിന്റെ ആദ്യ നാളുകളില്‍ രൂപപ്പെട്ടതായി കരുതപ്പെടുന്ന, ഇതുവരെ കണ്ടിട്ടില്ലാത്ത പശ പോലുള്ള പോലുള്ള ഒരു വസ്തു ഈ ഛിന്ന ഗ്രഹത്തിലുണ്ടെന്ന് വെളിപ്പെടുത്തിയത്.

ഈ വസ്തു ഒരുകാലത്ത് മൃദുവും വഴക്കമുള്ളതുമായിരുന്നുവെന്നാണ് അനുമാനം. അതില്‍ നൈട്രജനും ഓക്‌സിജനും അടങ്ങിയിരുന്നു, ഭൂമിയില്‍ ജീവന്‍ രൂപപ്പെടാന്‍ സഹായിച്ച ചില മുന്‍കാല രാസവസ്തുക്കള്‍ക്ക് ഇവ സഹായകമായിരിക്കാമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഈ പദാര്‍ത്ഥത്തെക്കുറിച്ച് പഠിക്കുന്നത് ജീവന്‍ എങ്ങനെ ആരംഭിച്ചുവെന്നും അത് നമ്മുടെ ഗ്രഹത്തിന് പുറത്ത് നിലവിലുണ്ടോ എന്നും മനസ്സിലാക്കാന്‍ സഹായിക്കും.

സോളാര്‍ നെബുലയിലെ വസ്തുക്കളാല്‍ രൂപംകൊണ്ട ഒരു പുരാതന ഛിന്ന ഗ്രഹമാണ് ബെന്നു എന്നാണ് ജ്യോതിശ്ശാസ്ത്രജ്ഞനായ സ്‌കോട്ട് സാന്‍ഡ് ഫോര്‍ഡ് പറയുന്നത്. സൗരയൂഥത്തെ രൂപപ്പെടുത്തിയ വാതകത്തിന്റെയും പൊടിയുടെയും ഒരു വലിയ മേഘമാണ് സോളാര്‍ നെബുല. ബഹിരാകാശത്തെ വികിരണം മൂലം ഛിന്ന ഗ്രഹം ചൂടാകാന്‍ തുടങ്ങിയപ്പോള്‍, കാര്‍ബമേറ്റ് എന്നറിയപ്പെടുന്ന ഒരു സംയുക്തം രൂപപ്പെട്ടു. എങ്ങനെയോ, വെള്ളത്തില്‍ ലയിക്കുന്ന ഈ പദാര്‍ത്ഥം മറ്റ് തന്മാത്രകളുമായി പ്രതിപ്രവര്‍ത്തിച്ച് വലുതും സങ്കീര്‍ണവുമായ ശൃംഖലകള്‍ രൂപപ്പെടുത്തി പോളിമറൈസ് ചെയ്യപ്പെട്ടു. അദ്ദേഹം വിശദീകരിക്കുന്നു. എന്തായാലും ഈ വിചിത്രമായ വസ്തു ഉപയോഗിച്ച് ഛിന്ന ഗ്രഹത്തിലെ പാറയിലുണ്ടായ ആദ്യകാല മാറ്റങ്ങളെ കുറിച്ച് പഠിക്കുകയാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു. നൈട്രജനും ഓക്‌സിജനും ഇതില്‍ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. മൈക്രോസ്‌കോപ്പുകള്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ശാസ്ത്രജ്ഞര്‍ ഇതിന്റെ ഘടന പഠിച്ചത്.

സൂപ്പര്‍ നോവയുടെ പൊടി

ബെന്നുവില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ സൂപ്പര്‍നോവ സ്‌ഫോടനങ്ങളുടെ ഫലമായുണ്ടാകുന്ന വലിയ അളവിലുള്ള പൊടി അടങ്ങിയിട്ടുണ്ട്. സൗരയൂഥത്തിന് മുമ്പുള്ള നക്ഷത്രങ്ങളില്‍ നിന്നുള്ളതാണ് ഇതെന്നാണ് അനുമാനം. ബഹിരാകാശ ശിലകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, സാമ്പിളുകളില്‍ ആറിരട്ടി കൂടുതല്‍ സൂപ്പര്‍നോവ പൊടി ഉണ്ടായിരുന്നു, ഇത് ഛിന്ന ഗ്രഹത്തിന്റെ മാതൃശരീരം പ്രോട്ടോപ്ലാനറ്ററി ഡിസ്‌കില്‍ രൂപപ്പെട്ടതാണെന്ന സൂചന നല്‍കുന്നു.

കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബെന്നുവിനെപ്പോലെയുള്ള ഛിന്ന ഗ്രഹങ്ങള്‍ ഭൂമിയില്‍ പതിച്ചതിനെ തുടര്‍ന്ന് ഇവ ഭൂമിയിലെത്തുകയും പിന്നീട് അനുകൂല സാഹചര്യത്തില്‍ ജീവന്‍ രൂപപ്പെടുകയും ചെയ്തിരിക്കാമെന്നാണ് ഗവേഷകര്‍ മുന്നോട്ടുവെക്കുന്ന സിദ്ധാന്തം. ബെന്നുവില്‍ കണ്ടെത്തിയത് പോലുള്ള ഓര്‍ഗാനിക് സംയുക്തങ്ങള്‍ സൗരയൂഥത്തിലെ മറ്റ് വസ്തുക്കളിലും ഇതുപോലെ ജീവന്റെ അടിസ്ഥാന ഘടകങ്ങള്‍ ഉണ്ടായിരിക്കാമെന്ന് ഗവേഷകര്‍ സംശയിക്കുന്നു.

Content Highlights: NASA`s OSIRIS-REx mission found sugars, amino acids, and complex organic compounds on Bennu. Discover what these asteroid samples reveal about life`s origins.