രാജ്യാന്തര ഉല്‍ക്കാശാസ്ത്ര നേതൃസമിതിയില്‍ ആദ്യമായി ഇന്ത്യക്കാരന്‍; ചരിത്രം കുറിച്ച് അശ്വിന്‍ ശേഖര്‍

അശ്വിന്‍ ശേഖര്‍. ഫോട്ടോ: ആകാശ് എസ്. മനോജ് / മാതൃഭൂമി ഡോട്ട് കോം
അശ്വിന്‍ ശേഖര്‍. ഫോട്ടോ: ആകാശ് എസ്. മനോജ് / മാതൃഭൂമി ഡോട്ട് കോം

കോഴിക്കോട്: ഉല്‍ക്കാവര്‍ഷം പ്രവചിക്കാനുള്ള ആധുനിക സിദ്ധാന്തം രൂപപ്പെടുത്തിയ മലയാളി ജ്യോതിശാസ്ത്രജ്ഞന്‍ അശ്വിന്‍ ശേഖര്‍ , അന്താരാഷ്ട്ര അസ്‌ട്രോണമിക്കല്‍ യൂണിയന്റെ (IAU) ഉല്‍ക്കാപഠന നേതൃസമിതിയില്‍ അംഗമായി. ആ ഉന്നതസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരനാണ് അദ്ദേഹം.

ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ നടന്ന ഐ.എ.യുവിന്റെ അന്താരാഷ്ട്ര ഉല്‍ക്കാശാസ്ത്ര സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഉല്‍ക്കാശാസ്ത്രവുമായി ബന്ധപ്പെട്ട 'മീറ്റിയോര്‍ സയന്‍സ് കമ്മീഷ'ന്റെ ചുമതലയുള്ള നേതൃസമിതിയില്‍ ഡോ. അശ്വിന്‍ ഉള്‍പ്പടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എട്ട് പ്രമുഖ ജ്യോതിശാസ്ത്രജ്ഞരാണുള്ളത്. 

ഉല്‍ക്കാശാസ്ത്രവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുക, അന്താരാഷ്ട്രതലത്തില്‍ സമ്മേളനങ്ങളും വര്‍ക്ഷോപ്പുകളും സംഘടിപ്പിക്കുക ഒക്കെ നേതൃസമിതിയുടെ ചുമതലയില്‍ പെടും. 

ഐ.എ.യു. നേതൃസമിതിയിലെ അംഗങ്ങള്‍. ഇടത്തുനിന്ന് രണ്ടാമത് അശ്വിന്‍ ശേഖര്‍. ചിത്രം കടപ്പാട്: അശ്വിന്‍ ശേഖര്‍

ഛിന്നഗ്രഹങ്ങളും (ആസ്റ്ററോയിഡുകള്‍) മറ്റ് ആകാശ വസ്തുക്കളും ഭൂമിക്ക് സൃഷ്ടിക്കുന്ന ഭീഷണിയെ പറ്റി ബോധവല്‍ക്കരണത്തിനായി 2029 നെ 'ഇന്റര്‍നാഷണല്‍ ഇയര്‍ ഓഫ് ആസ്റ്ററോയ്ഡ് അവയര്‍നസ് ആന്‍ഡ് പ്ലാനറ്ററി ഡിഫന്‍സ്' ആയി യു എന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ആ വര്‍ഷാചരണത്തിനുള്ള മുന്നൊരുക്കങ്ങള്‍ രാജ്യാന്തരത്തില്‍ നടത്തേണ്ട ചുമതലയും അശ്വിന്‍  ഉള്‍പ്പെട്ട സമിതിക്കാണ്. 2027 വരെയാണ് നേതൃസമിതിയുടെ കാലാവധി. 

'ഈ നേട്ടം ഭാവിയില്‍ കൂടുതല്‍ യുവശാസ്ത്രജ്ഞര്‍ക്ക് ഉല്‍ക്കാശാസ്ത്രത്തിന്റെ ഉന്നതതലങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നു'-അശ്വിന്‍ പറഞ്ഞു. 

ഇതിനു സമാന്തരമായി, ലണ്ടന്‍ റോയല്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റിയുടെ മെമ്പര്‍ഷിപ്പ് കമ്മിറ്റിയിലേക്കും ഡോ.അശ്വിന്‍ തെരഞ്ഞെടുക്കപ്പെട്ടു. ആ കമ്മിറ്റിയിലെയും ഏക ഇന്ത്യക്കാരനാണ് അദ്ദേഹം. ലണ്ടനിലെ റോയല്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റി ഫെല്ലോ ആയി തിരഞ്ഞെടുക്കപ്പെടേണ്ട ശാസ്ത്രജ്ഞരെ ശുപാര്‍ശ ചെയ്യുന്ന സമിതിയാണിത്.

അശ്വിന്‍ ശേഖര്‍ പെര്‍ത്തില്‍ അന്താരാഷ്ട്ര ഉല്‍ക്കാശാസ്ത്ര സമ്മേളനത്തില്‍. ചിത്രം കടപ്പാട്: അശ്വിന്‍ ശേഖര്‍

'ഇന്ത്യയില്‍ നിന്നുള്ള ആദ്യ പ്രൊഫഷണല്‍ ഉല്‍ക്കാശാസ്ത്രജ്ഞന്‍' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡോ. അശ്വിന്‍, പാലക്കാട് ജില്ലയില്‍ ചേര്‍പ്പുളശ്ശേരി നെല്ലായ സ്വദേശിയാണ്. 2016 ല്‍ അശ്വിന്‍ കണ്ടെത്തിയ 'ത്രീ-ബോഡി റെസൊണന്‍സ് സിദ്ധാന്ത'മാണ്, ലോകമെങ്ങുമുള്ള ഉല്‍ക്കാശാസ്ത്രജ്ഞര്‍ ഉല്‍ക്കാവര്‍ഷം അഥവാ കൊള്ളിമീന്‍ വര്‍ഷം പ്രവചിക്കാന്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഉല്‍ക്കാപഠനരംഗത്ത് നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തി, 2023 ജൂണില്‍ ഒരു ഛിന്നഗ്രഹത്തിന് അന്താരാഷ്ട്ര അറ്റോണമിക്കല്‍ യൂണിയന്‍ അശ്വിന്റെ പേര് ('(33928) അശ്വിന്‍ശേഖര്‍') നല്‍കുകയുണ്ടായി.

'മാതൃഭൂമി'യില്‍ കോളമിസ്റ്റായ അശ്വിന്‍, മാതൃഭൂമി അക്ഷരോത്സവത്തിലും പങ്കെടുത്തിട്ടുണ്ട്. മാധ്യമങ്ങളില്‍ ശാസ്ത്രലേഖനങ്ങള്‍ എഴുതാറുള്ള അശ്വിന്‍, അറിയപ്പെടുന്ന ശാസ്ത്രപ്രചാരകന്‍ കൂടെയാണ്. ഐ.എ.യു. വിന്റെ സഹായത്തോടെ ഇന്ത്യയിലെ വിദൂര ഗോത്രവര്‍ഗ്ഗഗ്രാമങ്ങളിലെ വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രത്തിന്റെ ആവേശമെത്തിക്കാന്‍ അദ്ദേഹം നടത്തുന്ന ശ്രമങ്ങള്‍ ശ്രദ്ധേയമാണ്. 

2014 ല്‍ ബ്രിട്ടനിലെ ബെല്‍ഫാസ്റ്റില്‍ ക്വീന്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ പി എച്ച്ഡി നേടിയ അശ്വിന്‍, നോര്‍വെയില്‍ ഓസ്ലോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പോസ്റ്റ് ഡോക്ടറല്‍ പഠനം 2018 ല്‍ പൂര്‍ത്തിയാക്കി. പാരിസ് ഒബ്‌സര്‍വേറ്ററിലെ ഉത്ക്കാപഠന സംഘത്തിലാണ് ഈ ഗവേഷകന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. 

ബഹറൈനില്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ ചുമതലക്കാരായ ശേഖര്‍ സേതുമാധവന്റെയും അനിത ശേഖറിന്റെയും മകനാണ് അശ്വിന്‍.

Content Highlights: Dr. Ashwin Sekhar, the first Indian, joins the IAU`s Meteor Science Commission