ഓണ്‍ലൈന്‍ ഉള്ളടക്കം നീക്കംചെയ്യല്‍: കേന്ദ്രസര്‍ക്കാരിനെതിരേ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ച് 'എക്‌സ്'

എക്‌സ് ചെയര്‍മാന്‍ ഇലോണ്‍ മസ്‌ക്(ഇടത്ത്) എക്‌സ് ലോഗോ(വലത്ത്) | Photo: AP & PTI
എക്‌സ് ചെയര്‍മാന്‍ ഇലോണ്‍ മസ്‌ക്(ഇടത്ത്) എക്‌സ് ലോഗോ(വലത്ത്) | Photo: AP & PTI

കേന്ദ്രസര്‍ക്കാരിനെതിരേ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ച് ഇലോണ്‍ മസ്‌ക്കിന്റെ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമായ 'എക്‌സ്'.  ഐടി ആക്ടിലെ സെക്ഷന്‍ 79(3)(ബി) ഉപയോഗിച്ച് സര്‍ക്കാര്‍ ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ നീക്കംചെയ്യുന്നതിനെ ചോദ്യംചെയ്താണ് എക്‌സ് കോടതിയെ സമീപിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നിയമപരമായ നടപടിക്രമങ്ങള്‍ മറികടക്കുകയാണെന്നും ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ നീക്കംചെയ്യാനായി നിയമവിരുദ്ധമായ സംവിധാനമുണ്ടാക്കുകയാണെന്നുമാണ് എക്‌സിന്റെ ആരോപണം. 

സര്‍ക്കാര്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടും ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ നീക്കംചെയ്തില്ലെങ്കില്‍ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകള്‍ക്കുള്ള നിയമപരമായ പരിരക്ഷ നഷ്ടപ്പെടുമെന്നാണ് ഐടി ആക്ടിലെ സെക്ഷന്‍ 79(3)(ബി)യില്‍ പറയുന്നത്. എന്നാല്‍, ഈ സെക്ഷന്‍ ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ നീക്കംചെയ്യാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നില്ലെന്നാണ് എക്‌സിന്റെ വാദം. ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ നീക്കംചെയ്യാനുള്ള വിശദമായ നടപടിക്രമങ്ങള്‍ പ്രതിപാദിക്കുന്ന സെക്ഷന്‍ 69(എ)യെ മറികടക്കാനായി സെക്ഷന്‍ 79(3)(ബി) സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്. 

രാജ്യസുരക്ഷ ഉള്‍പ്പെടെയുള്ള പ്രത്യേക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മാത്രമേ സെക്ഷന്‍ 69(എ) പ്രകാരം ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ നീക്കംചെയ്യാന്‍ അനുവദിക്കുന്നുള്ളൂ. ഇതിനായി അവലോകന നടപടിക്രമങ്ങളും ആവശ്യമാണ്. എന്നാല്‍, സെക്ഷന്‍ 73(3)(ബി)യില്‍ ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ നീക്കംചെയ്യുന്നതിന് വ്യക്തമായ നിയമങ്ങളൊന്നുമില്ല. മാത്രമല്ല, ഇതിലൂടെ കൃത്യമായ പരിശോധനയില്ലാതെ ഉള്ളടക്കം നീക്കംചെയ്യാന്‍ അനുവാദം നല്‍കുകയാണെന്നും ഇത് ഇന്ത്യയില്‍ വ്യാപകമായ സെന്‍സര്‍ഷിപ്പിന് കാരണമാകുമെന്നും എക്‌സ് ആരോപിച്ചു. സര്‍ക്കാരിന്റെ ഇത്തരം നടപടികള്‍ തങ്ങളുടെ ഇന്ത്യയിലെ ബിസിനസിനെ ബാധിക്കുന്നതായും പ്ലാറ്റ്‌ഫോമിന്റെയും ഉപഭോക്താക്കളുടെയും വിശ്വാസ്യത തകര്‍ക്കുമെന്നും എക്‌സ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.  

സെക്ഷന്‍ 79(3)(ബി) പ്രകാരമുള്ള ഉത്തരവുകള്‍ കൈകാര്യംചെയ്യുന്നതിനുള്ള ഇന്ത്യന്‍ സൈബര്‍ക്രൈം കോര്‍ഡിനേഷന്‍ സെന്ററിന്റെ 'സഹ് യോഗ്' പോര്‍ട്ടലില്‍ ചേരാനായി സര്‍ക്കാര്‍ ചെലുത്തുന്ന സമ്മര്‍ദത്തെയും എക്‌സ് ഹര്‍ജിയില്‍ എതിര്‍ക്കുന്നുണ്ട്. സഹ് യോഗ് പോര്‍ട്ടല്‍ ഒരു സെന്‍സര്‍ഷിപ്പ് പോര്‍ട്ടലാണെന്നും ഇതിന് നിയമപരമായ അടിസ്ഥാനമില്ലെന്നും ഇതിലേക്ക് പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ കമ്പനികളെ നിര്‍ബന്ധിക്കാനാകില്ലെന്നുമാണ് എക്‌സിന്റെ വാദം. 2021-ലെ ഐടി നിയമങ്ങള്‍ പ്രകാരമുള്ള ചട്ടങ്ങളെല്ലാം തങ്ങളുടെ കമ്പനി പിന്തുടരുന്നുണ്ടെന്നും എക്‌സ് ഹര്‍ജിയില്‍ അറിയിച്ചു. 

ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ നീക്കംചെയ്യാനായി ഒരു സമാന്തരസംവിധാനം സൃഷ്ടിക്കാന്‍ കേന്ദ്ര ഐടി മന്ത്രാലയം മറ്റുള്ള മന്ത്രാലയങ്ങളെയും സംസ്ഥാനങ്ങളെയും പോലീസിനെയും പ്രോത്സാഹിപ്പിക്കുകയാണെന്നും എക്‌സ് കുറ്റപ്പെടുത്തി. ഇതിന് തെളിവായി റെയില്‍വേ മന്ത്രാലയം ഉള്ളടക്കം നീക്കംചെയ്യാന്‍ ആവശ്യപ്പെട്ട് അയച്ച ഉത്തരവുകളുടെ പകര്‍പ്പുകളും എക്‌സ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. 2024 ഫെബ്രുവരിയില്‍ റെയില്‍വേ മന്ത്രാലയം അയച്ച ഉത്തരവുകളാണ് കമ്പനി കോടതിയില്‍ ഹാജരാക്കിയത്.

Content Highlights: Elon Musk`s X challenges the Indian government`s online content removal practices