ഒറ്റത്തവണ വായിച്ചാൽ അപ്രത്യക്ഷമാകുന്ന ടെക്സ്റ്റ് മെസേജുകൾ; സ്ക്രീൻഷോട്ടും നടക്കില്ല! വാട്സാപ്പിന്റെ പുത്തൻ ഫീച്ചർ

#ടെക്നോളജി ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: AI Generated Image
പ്രതീകാത്മക ചിത്രം | Photo: AI Generated Image

വാട്സാപ്പിലെ ടെക്സ്റ്റ് സന്ദേശങ്ങളും ഇനി വായിച്ചുകഴിഞ്ഞാൽ അപ്രത്യക്ഷമാവും. ടെക്സ്റ്റ് സന്ദേശങ്ങൾക്കുവേണ്ടി വാട്സാപ്പ് പുതിയ 'വ്യൂ വൺസ്' ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഇതുവരെ ഫോട്ടോകൾ, വീഡിയോകൾ, വോയ്സ് മെസേജുകൾ എന്നിവയ്ക്ക് മാത്രമായിരുന്നു ഈ സൗകര്യം ലഭ്യമായിരുന്നത്. പുതിയ ഫീച്ചർ വരുന്നതോടെ ഒരിക്കൽ മാത്രം വായിക്കാൻ കഴിയുന്ന ടെക്സ്റ്റ് സന്ദേശങ്ങളും അയക്കാൻ സാധിക്കും.

മൾട്ടിമീഡിയ സന്ദേശങ്ങളിലെ വ്യൂ വൺസ് സംവിധാനത്തിന് സമാനമായി, ലഭിക്കുന്നയാൾക്ക് ടെക്സ്റ്റ് സന്ദേശം ഒരിക്കൽ മാത്രമേ തുറന്നു വായിക്കാൻ കഴിയൂ. സന്ദേശം വായിച്ചശേഷം അത് ക്ലോസ് ചെയ്താൽ പിന്നീട് വീണ്ടും കാണാൻ സാധിക്കില്ല. കൂടാതെ, സന്ദേശത്തിലെ ഉള്ളടക്കം കോപ്പി ചെയ്യുന്നതും സ്ക്രീൻഷോട്ട് എടുക്കുന്നതും തടയാനുള്ള സംവിധാനവും വാട്സാപ്പ് ഒരുക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

വ്യൂ വൺസ് ടെക്സ്റ്റ് മെസേജ് ഫീച്ചർ പ്രവർത്തനം എങ്ങനെ?

വാട്സാപ്പ് ഫീച്ചർ ട്രാക്കർ വെബ്സൈറ്റായ വാബീറ്റാഇൻഫോ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ആൻഡ്രോയിഡ് ബീറ്റാ പതിപ്പ് 2.26.45.6 ഉപയോഗിക്കുന്ന തിരഞ്ഞെടുത്ത ഉപയോക്താക്കൾക്കിടയിലാണ് വാട്സാപ്പ് ഈ ഫീച്ചർ പരീക്ഷിച്ചുതുടങ്ങിയിരിക്കുന്നത്. ചാറ്റ് വിൻഡോയിൽ സന്ദേശം ടൈപ്പ് ചെയ്തശേഷം സെൻഡ് ബട്ടൺ അമർത്തിപ്പിടിച്ചാൽ വ്യൂ വൺസ് ഓപ്ഷൻ ലഭിക്കും. ആദ്യമായി ഈ സംവിധാനം ഉപയോഗിക്കുന്നവർക്ക് ഫീച്ചറിനെക്കുറിച്ചുള്ള ചെറിയൊരു നിർദേശവും വാട്സാപ്പ് നൽകും.

ലഭിക്കുന്നയാൾക്ക് ചാറ്റ് വിൻഡോയിൽ സന്ദേശത്തിന്റെ ഉള്ളടക്കം നേരിട്ട് കാണാൻ കഴിയില്ല. പകരം, സന്ദേശത്തിൽ ടാപ്പ് ചെയ്താൽ അത് പ്രത്യേക വിൻഡോയിൽ തുറന്നുവരും. വായിച്ചശേഷം ആ വിൻഡോ അടയ്ക്കുന്നതോടെ സന്ദേശം അപ്രത്യക്ഷമാകും.

സന്ദേശം തുറന്നുകഴിഞ്ഞാൽ അത് വായിച്ചതായി വാട്സാപ്പ് അടയാളപ്പെടുത്തും. റീഡ് റെസീപ്റ്റ്സ് സംവിധാനം പ്രവർത്തനക്ഷമമാക്കിയിട്ടുള്ളവർക്ക് സന്ദേശം ലഭിച്ചയാൾ അത് വായിച്ചിട്ടുണ്ടോ എന്നും അറിയാൻ സാധിക്കും.

വ്യൂ വൺസ് ടെക്സ്റ്റ് സന്ദേശങ്ങൾ കോപ്പി ചെയ്യാനോ ഫോർവേഡ് ചെയ്യാനോ സേവ് ചെയ്യാനോ കഴിയില്ല. സന്ദേശം വായിക്കുന്നതിനിടെ സ്ക്രീൻഷോട്ടും സ്ക്രീൻ റെക്കോർഡിങ്ങും തടയാനുള്ള സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, മറ്റൊരു മൊബൈൽ ഫോൺ ഉപയോഗിച്ച് സ്ക്രീനിന്റെ ചിത്രം പകർത്തുന്നത് തടയാൻ ഈ സംവിധാനത്തിന് കഴിയില്ല.

പാസ്‌വേഡുകൾ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഒ.ടി.പി. കോഡുകൾ തുടങ്ങിയ സ്വകാര്യ വിവരങ്ങൾ ചാറ്റ് ഹിസ്റ്ററിയിൽ അവശേഷിപ്പിക്കാതെ കൈമാറാൻ ഈ ഫീച്ചർ സഹായിക്കും. ഗൂഗിൾ പ്ലേ സ്റ്റോർ വഴിയാണ് വാട്സാപ്പ് ഈ ഫീച്ചർ ബീറ്റാ ഉപയോക്താക്കളിലേക്ക് എത്തിക്കുന്നത്. വരും ആഴ്ചകളിൽ കൂടുതൽ ആൻഡ്രോയിഡ് ബീറ്റാ ഉപയോക്താക്കൾക്ക് ലഭ്യമാക്കിയേക്കും. എല്ലാ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കുമായി ഈ ഫീച്ചർ ഔദ്യോഗികമായി പുറത്തിറക്കുന്ന തീയതി വാട്സാപ്പ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Content Highlights: WhatsApp has begun testing a View Once feature for text messages in Android beta version 2.26.45.6, allowing texts to disappear permanently right after being read once. The update also prevents recipients from copying, forwarding, or taking screenshots of sensitive messages like passwords and OTPs.