വാട്‌സ്ആപ്പില്‍നിന്ന് അരാട്ടൈയിലേക്ക് മെസേജ് അയയ്ക്കാന്‍ കഴിഞ്ഞേക്കും; ഫീച്ചര്‍ പരീക്ഷണ ഘട്ടത്തില്‍

മറ്റ് മെസേജിംഗ് പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നവരുമായി ആശയവിനിമയം സാധ്യമാക്കുന്ന ഫീച്ചര്‍ പരീക്ഷിച്ച് വാട്‌സ്ആപ്പ്. നിലവില്‍ യൂറോപ്പിലെ ബീറ്റാ ടെസ്റ്റര്‍മാര്‍ക്ക് മാത്രമായിഈ ഫീച്ചര്‍ പരിമിതപ്പെടുത്തിയിരിക്കുകയാണ് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സൗകര്യം പ്രാബല്യത്തില്‍ വരുന്നതോടെ തദ്ദേശീയ മെസേജിംഗ് ആപ്പായ അരാട്ടൈ അടക്കമുള്ളവയിലേക്ക് വാട്‌സാപ്പില്‍നിന്ന് മെസേജ് അയയ്ക്കാന്‍ സാധിച്ചേക്കും.
ചെന്നൈ ആസ്ഥാനമായുള്ള സോഹോ വികസിപ്പിച്ച തദ്ദേശീയ മെസേജിംഗ് ആപ്പണ് അരാട്ടൈ. വാട്ട്‌സ്ആപ്പിന് പ്രാദേശിക ബദലായി കണക്കാക്കപ്പെടുന്നതാണിത്. മെസേജിംഗ് ആപ്പുകള്‍ക്ക് പരസ്പരം സന്ദേശങ്ങള്‍ കൈമാറാന്‍ കഴിയുന്ന ക്രോസ് കോംപാറ്റബിലിറ്റി യാഥാര്‍ഥ്യമാകണമെന്ന് സോഹോ സ്ഥാപകന്‍ ശ്രീധര്‍ വെമ്പു നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം നടപ്പാകുന്ന തരത്തിലുള്ള പരീക്ഷണമാണ് നിലവില്‍ വാട്‌സ്ആപ്പ് തന്നെ നടത്തുന്നത്.
ഈ ഫീച്ചര്‍ യാഥാര്‍ഥ്യമാകുന്നതോടെ അരാട്ടൈ ആപ്പ് തുറക്കാതെ തന്നെ ആര്‍ക്കും അരാട്ടൈ ഉപയോക്താവുമായി ആശയവിനിമയം നടത്താനാകും. യുപിഐ സംവിധാനം വിവിധ ആപ്പുകളില്‍ പ്രവര്‍ത്തിക്കുന്നതിന് സമാനമായി ആപ്പുകള്‍ക്കിടയിലുള്ള മെസേജിംഗ് പ്രോട്ടോക്കോളുകള്‍ക്ക് ഒരു ഏകീകൃത നിലവാരം വേണമെന്ന ആശയമാണ് സോഹോ സ്ഥാപകന്‍ ശ്രീധര്‍ വെമ്പു മുന്നോട്ട് വെച്ചത്. 'മെസേജിങ് സംവിധാനങ്ങള്‍ യുപിഐ, ഇ-മെയില്‍ എന്നിവയെപ്പോലെ പ്രവര്‍ത്തിക്കുന്നവ ആയിരിക്കണം. വാട്ട്‌സ്ആപ്പ് പോലെ ആകരുത്. അരാട്ടൈ ഒരിക്കലും ഒരു കുത്തകയാകാന്‍ ആഗ്രഹിക്കുന്നില്ല.' - അദ്ദേഹം പറഞ്ഞിരുന്നു.
യൂറോപ്യന്‍ യൂണിയന്റെ നിയമങ്ങള്‍ കാരണമാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് ഈ ഫീച്ചര്‍ പരീക്ഷിക്കുന്നത് എന്നാണ് സൂചന. വമ്പന്‍ ടെക് കമ്പനികളുടെ കുത്തക തടയാന്‍ ലക്ഷ്യമിടുന്നതാണ് യൂറോപ്യന്‍ യൂണിയന്റെ ഡിജിറ്റല്‍ മാര്‍ക്കറ്റ്‌സ് ആക്ട്. വാട്ട്‌സ്ആപ്പ് പോലുള്ള വലിയ മെസേജിംഗ് പ്ലാറ്റ്ഫോമുകള്‍ക്ക് മറ്റ് സേവന ദാതാക്കളുമായി തുറന്ന ആശയവിനിമയ മാര്‍ഗ്ഗങ്ങള്‍ ഉണ്ടായിരിക്കണമെന്ന് ആക്ട് നിര്‍ദേശിക്കുന്നുണ്ട്. അതിനിടെ, ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളിലേക്ക് ഈ സൗകര്യം വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് വാട്ട്‌സ്ആപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഈ ഫീച്ചര്‍ ലഭ്യമാകുന്നതിനായി ആപ്പ് ഡെവലപ്പര്‍മാര്‍ വാട്ട്‌സ്ആപ്പിന് അപേക്ഷ സമര്‍പ്പിക്കേണ്ടിവരും എന്നാണ് പുറത്തുവരുന്ന വിവരം. ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കാന്‍ ആപ്പുകള്‍ വാട്ട്‌സ്ആപ്പിന്റെ എന്‍ക്രിപ്ഷന്‍ നിബന്ധനകള്‍ പാലിക്കുകയും വേണം.
Content Highlights: WhatsApp is testing cross-platform messaging. Can you text Arattai users directly from WhatsApp? Discover the latest on this interoperability feature.