മാതാപിതാക്കളുടെ സ്മാര്‍ട്‌ഫോണ്‍ ആസക്തി തടയേണ്ടതുണ്ടെന്ന് ഇന്ത്യയിലെ കുട്ടികള്‍- പഠനം

സാധാരണ കുട്ടികളിലെ സ്മാര്‍ട് ഫോണ്‍ ഉപയോഗവും അതിന്റെ ദൂഷ്യഫലങ്ങളുമാണ് ചര്‍ച്ച ചെയ്യപ്പെടാറ്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായൊരു കണ്ടെത്തലില്‍ എത്തിയിരിക്കുകയാണ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്റായ വിവോ നടത്തിയ പുതിയൊരു പഠനം. ഇന്ത്യയില്‍ സ്മാര്‍ട്‌ഫോണ്‍ ഉപയോഗത്തിന്റെ വിപരീത ഫലങ്ങളെ കുറിച്ച് മാതാപിതാക്കളേക്കാള്‍ കൂടുതല്‍ കുട്ടികള്‍ക്കാണ് ധാരണയുള്ളത് എന്നാണ് സര്‍വേ ഫലം പറയുന്നത്.
മാതാപിതാക്കളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ കുട്ടികള്‍ സ്മാര്‍ട്‌ഫോണ്‍ ഉപയോഗത്തിന്റെ ദോഷഫലങ്ങളെ കുറിച്ച് കൂടുതല്‍ അവബോധമുള്ളവരാണ്. സര്‍വേയുടെ ഭാഗമായ കുട്ടികളില്‍ പത്തില്‍ എട്ട് പേരും മാതാപിതാക്കളുടെ സ്മാര്‍ട്‌ഫോണ്‍ ശീലങ്ങള്‍ നിയന്ത്രിക്കുന്നതിന് പാരന്റല്‍ കണ്‍ട്രോള്‍ വേണമെന്ന് വാദിക്കുന്നവരാണെന്നും 'ഇംപാക്ട് ഓഫ് സ്മാര്‍ട്‌ഫോണ്‍ ഓണ്‍ പാരന്റ്-ചൈല്‍ഡ് റിലേഷന്‍ഷിപ്പ്' എന്ന സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.
ആറാമത് 'സ്വിച്ച് ഓഫ് കാമ്പയിനിന്റെ' ഭാഗമായാണ് ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്റായ വിവോ സൈബര്‍ മീഡിയ റിസര്‍ച്ചുമായി സഹകരിച്ച് ഈ പഠനം നടത്തിയത്. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബെംഗളുരു, അഹമ്മദാബാദ്, പുനെ എന്നിവിടങ്ങളില്‍ നിന്നായി 1543 പേരാണ് സര്‍വേയുടെ ഭാഗമായത്.
ഇന്ത്യന്‍ മാതാപിതാക്കള്‍ ദിവസവും അഞ്ച് മണിക്കൂര്‍ നേരം അവരുടെ സ്മാര്‍ട്‌ഫോണില്‍ സമയം ചിലവഴിക്കുമ്പോള്‍ കുട്ടികള്‍ നാല് മണിക്കൂര്‍ നേരം സമയം ചിലവഴിക്കുന്നു. തങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളുടെ പ്രധാന കാരണം സ്മാര്‍ട്‌ഫോണ്‍ ആണെന്നാണ് 73% മാതാപിതാക്കളും 69% കുട്ടികളും പറയുന്നത്. ആളുകള്‍ പരസ്പരം തമ്മില്‍ ഇടപഴകേണ്ട അവധിക്കാലം, ആഘോഷങ്ങള്‍, യാത്രകള്‍ പോലെയുള്ള സാഹചര്യങ്ങളില്‍ സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കുന്നവരാണ് മൂന്നില്‍ രണ്ട് മാതാപിതാക്കളും കുട്ടികളും.
സ്മാര്‍ട്‌ഫോണിന്റെ അമിതവും അനിയന്ത്രിതവുമായ ഉപയോഗം മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള അടുപ്പം എങ്ങനെ പ്രതികൂലമായി ബാധിക്കുന്നുവെന്നതിലേക്ക് പഠനത്തിന്റെ കണ്ടെത്തലുകള്‍ വെളിച്ചം വീശുന്നുവെന്ന് വിവോ ഇന്ത്യയുടെ കോര്‍പ്പറേറ്റ് സ്ട്രാറ്റജി മേധാവി ഗീതാജ് ചന്നാന പറഞ്ഞു.
രക്ഷിതാക്കള്‍ക്കായി ഒരു സ്മാര്‍ട്‌ഫോണ്‍ രൂപകല്‍പന ചെയ്യാന്‍ അവസരം ലഭിച്ചാല്‍ അത് എങ്ങനെ ആയിരിക്കുമെന്ന ചോദ്യത്തിന് ഗെയിമുകള്‍, വിനോദം, സോഷ്യല്‍ മീഡിയ ആപ്പുകള്‍ എന്നിവയ്ക്ക് പകരം കോളിങ്, ക്യാമറ, മെസേജിങ് സൗകര്യങ്ങള്‍ തുടങ്ങിയവ മാത്രമുള്ള ഫോണുകള്‍ മതിയെന്നാണ് 94 ശതമാനം കുട്ടികളും മറുപടി നല്‍കിയത്.
കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം ഇരിക്കുമ്പോള്‍ തങ്ങള്‍ക്ക് ഫോണ്‍ ആവശ്യമില്ലെന്നാണ് 77 ശതമാനം കുട്ടികള്‍ പറയുന്നത്. 76 ശതമാനം പേരും ഇത്തരം അവസരങ്ങളില്‍ ഫോണ്‍ ഓഫ് ആക്കിവെക്കാന്‍ ആഗ്രഹിക്കുന്നവരാണെന്നും കുട്ടികള്‍ മറുപടി നല്‍കി.
Content Highlights: Vivo`s study reveals Indian children are more aware of smartphone downsides than parents