എന്‍വിഡിയ H200 ചിപ്പുകള്‍ ചൈനയിലേക്ക് കയറ്റുമതി ചെയ്യാം; അനുമതി നല്‍കി ട്രംപ്

#Technology Desk
NVIDIA LOGO | Photo by I-HWA CHENG / AFP
NVIDIA LOGO | Photo by I-HWA CHENG / AFP

ചൈനയിലേക്കുള്ള എന്‍വിഡിയ H200 ചിപ്പുകളുടെ കയറ്റുമതി നിയന്ത്രണം നീക്കുകയാണെന്ന്‌ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിങ്കളാഴ്ച പ്രഖ്യാപിച്ചു. യുഎസും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധത്തിന്റെ ഭാഗമായാണ് എന്‍വിഡിയ ചിപ്പുകളുടെ കയറ്റുമതിക്കും നിയന്ത്രണം വന്നത്.

എന്‍വിഡിയ നിര്‍മിച്ച ഏറ്റവും ശക്തമായ എഐ ചിപ്പ് ആണ് എച്ച് 200. ശക്തമായ എഐ മോഡലുകളുടെ സുഗമമായ പ്രവര്‍ത്തനത്തിന് ഈ ചിപ്പുകള്‍ സഹായിക്കും. അതേസമയം എന്‍വിഡിയയുടെ ഏറെ ആവശ്യക്കാരുള്ള ബ്ലാക്ക് വെല്‍ ചിപ്പുകളും പുതുതലമുറ റൂബിന്‍ ചിപ്പുകളും ചൈനയിലേക്ക് കയറ്റി അയക്കാന്‍ അനുമതിയില്ലെന്നും ട്രംപ് വ്യക്തമാക്കി.

ഇക്കാര്യം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിനെ അറിയിച്ചതായും ട്രംപ് പറഞ്ഞു. നിരോധനം ഏര്‍പെടുത്തിയ മറ്റ് രാജ്യങ്ങളിലേക്കും ചിപ്പ് കയറ്റി അയക്കും. വ്യവസ്ഥകള്‍ പാലിച്ച് മാത്രമേ ഇത് സാധിക്കുകയുള്ളൂവെന്നും ദേശീയ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുമെന്നും ട്രംപ് പറഞ്ഞു. സന്ദേശത്തോട് അനുകൂലമായാണ് ചൈനീസ് പ്രസിഡന്റ് പ്രതികരിച്ചതെന്ന് ട്രംപ് തിങ്കളാഴ്ച പങ്കുവെച്ച സോഷ്യല്‍ മീഡിയാ പോസ്റ്റില്‍ പറഞ്ഞു.

ലോകത്ത് ഏറ്റവും മൂല്യമുള്ള ചിപ്പ് നിര്‍മാണ കമ്പനിയാണ് എന്‍വിഡിയ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വളര്‍ച്ചയ്‌ക്കൊപ്പം വന്‍ മുന്നേറ്റമാണ് എന്‍വിഡിയയ്ക്കുണ്ടായത്. എന്നാല്‍ ലോകത്തെ ഏറ്റവും വലിയ വിപണികളിലൊന്നായ ചൈനയിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടത് എന്‍വിഡയെ സംബന്ധിച്ച് കനത്ത തിരിച്ചടിയായിരുന്നു.

അതേസമയം, ചൈനയിലേക്കുള്ള കയറ്റുമതിയില്‍ നിന്നുള്ള വരുമാനത്തില്‍ 25 ശതമാനം യുഎസ് സര്‍ക്കാരിന് നല്‍കേണ്ടിവരും.

Content Highlights: US President Trump announces lifting of export restrictions on Nvidia`s H200 AI chips to China. Learn more about the implications for AI development and Nvidia`s market.