യു.എസ്. കോപ്റ്റർ പൈലറ്റുമാരെ രക്ഷിച്ചത് ഡ്രോൺബോട്ട്; നിർമിച്ചത് ഇന്ത്യൻ വംശജന്റെ സ്ഥാപനം

#ടെക്‌നോളജി ഡെസ്‌ക്
1. ഡ്രോണ്‍ ബോട്ട് 2. വൈഭവ് അല്‍റ്റേക്കര്‍ | Photo - Seronic
1. ഡ്രോണ്‍ ബോട്ട് 2. വൈഭവ് അല്‍റ്റേക്കര്‍ | Photo - Seronic

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ തകർന്നുവീണ യു.എസ്. സേനാ ഹെലികോപ്റ്ററിലെ പൈലറ്റുമാരെ രക്ഷിച്ചത് 'ഡ്രോൺ ബോട്ട്. ആളില്ലാ ആകാശവാഹനങ്ങളായ ഡ്രോണുകൾ പോലെ സമുദ്രോപരിതലത്തിൽ നീങ്ങുന്ന ആളില്ലാക്കപ്പലുകളെയാണ് 'ഡ്രോൺ ബോട്ടെ'ന്നുവിളിക്കുന്നത്.

ചൊവ്വാഴ്ച രാവിലെ ഹോർമുസിൽ തകർന്നുവീണ യു.എസിന്റെ അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററിലെ പൈലറ്റുമാർക്കായുള്ള രക്ഷാദൗത്യത്തിലാണ് 'കോർസെയർ' എന്ന ഡ്രോൺ ബോട്ട് പങ്കാളിയായത്. ഇന്ത്യൻ വംശജനായ വൈഭവ് അൽറ്റേക്കർ സഹസ്ഥാപകനായ, ടെക്‌സസ് കേന്ദ്രീകരിച്ചുള്ള 'സറോണിക് ടെക്നോളജീസാ'ണ് അതിന്റെ നിർമാതാക്കൾ.

ആളില്ലാവിമാനങ്ങൾ ഉപയോഗിച്ച് യു.എസ്. സൈന്യം രക്ഷാദൗത്യം നടത്താറുണ്ടെങ്കിലും ആളില്ലാ ഉപരിതല കപ്പൽ ഉപയോഗിച്ച് ഇത്തരം ദൗത്യം നടത്തുന്നത് ആദ്യമാണ്. മനുഷ്യരായ ഓപ്പറേറ്റർമാർ വിദൂരമായി നിയന്ത്രിച്ച സ്വയം പ്രവർത്തക കപ്പൽ ഉപയോഗിച്ചുള്ള യു.എസിന്റെ ആദ്യ രക്ഷാദൗത്യമാണിതെന്ന് സെൻട്രൽ കമാൻഡ് വക്താവ് ക്യാപ്റ്റൻ ടിം ഹോക്കിൻസ് പറഞ്ഞു.

2022 സെപ്റ്റംബറിലാണ് സറോണിക് ടെക്‌നോളജീസ് സ്ഥാപിച്ചത്. കാലിഫോർണിയ സർവകലാശാലയിൽനിന്ന് ഇലക്ട്രിക്കൽ എൻജിനിയറിങ് പഠിച്ച വൈഭവ് സറോണിക് ടെക്നോളജീസിന്റെ ചീഫ് ടെക്നോളജി ഓഫീസർ കൂടിയാണ്. ലിങ്ക്ഡ്ഇൻ പ്രൊഫൈൽ പ്രകാരം സറോണിക് ടെക്നോളജീസിന് ഡ്രോൺ ബോട്ടുകളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് യു.എസ്. നാവികസേനയുമായി 39.2 കോടി ഡോളറിന്റെ കരാറുണ്ട്.

Content Highlights: First-ever US military rescue mission using an autonomous surface vessel (drone boat)., Successful rescue of Apache helicopter pilots in the Hormuz Strait., Drone boat 'Corsair' developed by Texas-based Saronic Technologies., Saronic Technologies holds a $392 million contract with the US Navy., Vaibhav Altekar serves as the co-founder and CTO of the company.