ടൂൺസ് ആനിമേഷനിൽ മുന്നറിയിപ്പില്ലാതെ പിരിച്ചുവിടൽ, ശമ്പള കുടിശിക നൽകുന്നില്ലെന്ന് പരാതി; കാരണം എഐ എന്ന് കമ്പനി

തിരുവനന്തപുരം: ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ആനിമേഷൻ കമ്പനിയായ ടൂൺസ് ആനിമേഷനിൽ മുന്നറിയിപ്പില്ലാതെ ജീവനക്കാരെ പിരിച്ചുവിടാൻ ശ്രമിക്കുന്നതായി ആരോപിച്ച് ജീവനക്കാർ രംഗത്ത്. വർഷങ്ങളായി സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്കും പിരിച്ചുവിടൽ അറിയിപ്പ് ലഭിച്ചതായാണ് വിവരം.
പുതിയ പ്രോജക്ടുകളില്ലെന്നും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരെ ഒഴിവാക്കുന്നതെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം. എന്നാൽ, കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും മാനേജ്മെന്റിന്റെ തീരുമാനങ്ങളെക്കുറിച്ചും ജീവനക്കാർ സംശയമുയർത്തുന്നു. നിർബന്ധിത അവധി, മാസങ്ങളോളം ശമ്പളം ലഭിക്കാത്ത സാഹചര്യം, കുടിശ്ശിക നൽകുന്നില്ല, നഷ്ടപരിഹാരത്തുക സംബന്ധിച്ച അവ്യക്തത എന്നിവയെല്ലാം ചേർന്ന് തൊഴിൽ തർക്കത്തിലേക്ക് നീങ്ങിയിരിക്കുകയാണ് വിഷയം.
തിരുവനന്തപുരം ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടൂൺസ് ആനിമേഷൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 1999-ലാണ് സ്ഥാപിതമായത്. ഇന്ത്യയിലെ പ്രമുഖ ആനിമേഷൻ, എന്റർടൈൻമെന്റ് നിർമാണ കമ്പനികളിലൊന്നായ സ്ഥാപനം ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ആനിമേഷൻ സ്റ്റുഡിയോകളിലൊന്നായും അറിയപ്പെടുന്നു. 'ദി അഡ്വഞ്ചേഴ്സ് ഓഫ് തെനാലി രാമൻ', ഇന്ത്യയിലെ ആദ്യ 2ഡി ആനിമേഷൻ ഫീച്ചർ ചിത്രമായ 'ഹനുമാൻ' തുടങ്ങിയ ശ്രദ്ധേയമായ പ്രോജക്ടുകൾ ടൂൺസ് ആനിമേഷന്റേതാണ്.
ആദ്യം അവധിയിൽ പ്രവേശിക്കാൻ പറഞ്ഞു, ഇപ്പോൾ പിരിച്ചുവിട്ടു
പ്രോജക്ടുകളില്ലെന്ന കാരണം പറഞ്ഞ് ആദ്യം ഒരുമാസത്തേക്ക് ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിപ്പിച്ചുവെന്നും എന്നാൽ അവധിയിൽ പ്രവേശിച്ച പലരെയും മാസങ്ങളോളം തിരികെ വിളിച്ചില്ലെന്നും ജീവനക്കാരിലൊരാൾ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. അതിനിടെ കോൺട്രാക്ട് അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്നവരിൽ പലരുടെയും കരാർ പുതുക്കിനൽകാതെ ഒഴിവാക്കിയെന്നും അദ്ദേഹം പറയുന്നു. മാസങ്ങൾക്കുശേഷം ചില ജീവനക്കാരെ കമ്പനി തിരിച്ചുവിളിച്ചെങ്കിലും അവധിയിൽ കഴിഞ്ഞ കാലയളവിലെ ശമ്പളം നൽകണമെന്ന ആവശ്യം അംഗീകരിച്ചില്ലെന്നാണ് പരാതി. അതേസമയം, ശമ്പള കുടിശ്ശിക ലഭിക്കില്ലെന്ന നിബന്ധനയോടെ ചിലർ ജോലിയിൽ തിരിച്ചുകയറുകയും ചെയ്തു.
ഇതിനുപിന്നാലെയാണ് നവംബർ മൂന്നിന് എട്ടുപേർക്ക് പിരിച്ചുവിടൽ അറിയിപ്പ് ഇമെയിൽ വഴി ലഭിച്ചത്. ഇതിൽ ഒരാൾ പിന്നീട് രാജിവെച്ചുപോയി. പിരിച്ചുവിടലുമായി ബന്ധപ്പെട്ട സാമ്പത്തിക നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ വ്യക്തമായ വിശദീകരണം സന്ദേശത്തിൽ ഉണ്ടായിരുന്നില്ലെന്ന് ജീവനക്കാരൻ പറഞ്ഞു. പിന്നീട് ജീവനക്കാർ പ്രതിഷേധം അറിയിച്ചതോടെ ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഗഡുക്കളായി നൽകാമെന്ന നിലപാടാണ് മാനേജ്മെന്റ് സ്വീകരിച്ചതെന്നും പരാതിയുണ്ട്.
കമ്പനിയിൽ പുതിയ പ്രോജക്ടുകൾ ലഭിക്കാത്തതിന് സാമ്പത്തിക പ്രതിസന്ധി മാത്രമല്ല കാരണമെന്നും നേതൃത്വത്തിലുള്ളവരുടെ വീഴ്ചകളാണ് പ്രധാന കാരണമെന്നും ജീവനക്കാരൻ ആരോപിച്ചു. 2025-ൽ മുൻ മേധാവി കമ്പനി വിട്ടശേഷം നിയന്ത്രണം ഏറ്റെടുത്തവർക്ക് ആനിമേഷൻ വിപണിയിലെ പരിചയക്കുറവുണ്ടായിരുന്നുവെന്നും പുതിയ പ്രോജക്ടുകൾ സ്വന്തമാക്കുന്നതിൽ ഈ സാഹചര്യം തിരിച്ചടിയായെന്നും ജീവനക്കാരൻ പറയുന്നു.
അതേസമയം, സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന കമ്പനിയുടെ വാദത്തിൽ ജീവനക്കാർ സംശയം പ്രകടിപ്പിച്ചു. സിനിമയും കാർട്ടൂൺ സീരീസുകളും ഉൾപ്പെടെയുള്ള പ്രോജക്ടുകൾ ഉണ്ടായിരുന്നുവെന്നും അതിനുപുറമേ റോയൽറ്റി വരുമാനം, ബൗദ്ധിക സ്വത്തവകാശത്തിലുള്ള (ഐ.പി.) പ്രോപ്പർട്ടികൾ, യൂട്യൂബ് ചാനൽ എന്നിവയിലൂടെയും കമ്പനിക്ക് വരുമാനം ലഭിക്കുന്നുണ്ടെന്നാണ് അവരുടെ വാദം.
സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം എല്ലാ ജീവനക്കാർക്കും ഒരുപോലെ ബാധകമാകേണ്ടതായിരുന്നുവെന്നാണ് ജീവനക്കാരുടെ മറ്റൊരു പ്രധാന പരാതി. കമ്പനിയിൽ തുടർന്നിരുന്ന ചിലർക്ക് പൂർണ ശമ്പളം നൽകിയപ്പോൾ ഭൂരിപക്ഷം വരുന്ന 80 ശതമാനത്തോളം ജീവനക്കാരെ ശമ്പളമില്ലാതെ പുറത്തുനിർത്തിയെന്നും ജീവനക്കാർ ആരോപിച്ചു.
ആനുകൂല്യങ്ങൾ ഒറ്റത്തവണയായി നൽകണമെന്ന് ആവശ്യം
പിരിച്ചുവിടപ്പെട്ട ജീവനക്കാരുടെ പരാതിയിൽ ലേബർ ഓഫീസറുടെ മധ്യസ്ഥതയിൽ ചർച്ചകൾ നടന്നെങ്കിലും തർക്കത്തിന് പരിഹാരമായിട്ടില്ല. ഗ്രാറ്റുവിറ്റി ഗഡുക്കളായി നൽകാമെന്ന കമ്പനി നിലപാടിനെ ജീവനക്കാർ എതിർത്തിരുന്നു. ഗ്രാറ്റുവിറ്റി നൽകാമെന്ന് കമ്പനി പറഞ്ഞെങ്കിലും അവധിയിൽ പോയ മാസത്തെ ശമ്പളവും നൽകണമെന്ന ജീവനക്കാരുടെ ആവശ്യം കമ്പനി അംഗീകരിച്ചിട്ടില്ല. ഇരുവിഭാഗങ്ങളും നിലപാടിൽ ഉറച്ചുനിന്നതോടെ വിഷയം കൂടുതൽ നടപടികൾക്കായി ജോയിന്റ് ലേബർ കമ്മീഷണർക്ക് കൈമാറാൻ ലേബർ ഓഫീസർ തീരുമാനിച്ചിരിക്കുകയാണ്. തൊഴിൽമന്ത്രി ബിന്ദു കൃഷ്ണയ്ക്ക് ജീവനക്കാർ പരാതി നൽകിയിട്ടുണ്ട്. എന്നാൽ, വിഷയത്തിൽ പ്രാഥമികമായി ഇടപെടേണ്ടത് ജില്ലാ ലേബർ ഓഫീസറും ലേബർ കമ്മീഷണറുമാണെന്നും ആവശ്യമായ നിർദേശങ്ങൾ അവർക്ക് നൽകുമെന്നും മന്ത്രിയുടെ ഓഫീസിൽനിന്ന് അറിയിച്ചതായും ജീവനക്കാർ പറയുന്നു.
പ്രതിസന്ധിക്ക് കാരണം എഐ തന്നെയെന്ന് കമ്പനി
ടൂൺസിനെ മോശമായി ചിത്രീകരിക്കുകയാണ് ജീവനക്കാരുടെ ലക്ഷ്യമെന്ന് ആരോപണങ്ങളോട് പ്രതികരിച്ചുകൊണ്ട് കമ്പനിയുടെ പ്രതിനിധി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. കഴിഞ്ഞ നവംബറിലാണ് അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടത്. നല്ല പ്രോജക്ട് വന്നാൽ തിരിച്ചുവിളിക്കാം എന്നായിരുന്നു കരുതിയിരുന്നത്. പുതിയ പ്രോജക്ട് വരുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നു. ഒരു വർഷത്തോളം പ്രോജക്ട് ഇല്ലാതിരുന്നിട്ടും ഈ ഏഴുപേർക്കും ശമ്പളം നൽകിയിരുന്നുവെന്ന് കമ്പനി പറയുന്നു. അവരോട് മറ്റു സാധ്യതകൾ നോക്കാനും കമ്പനി പറഞ്ഞിരുന്നു. ഇപ്പോഴത്തെ ഇവരുടെ ആവശ്യങ്ങൾ ഇപ്പോൾ കമ്പനിക്ക് നൽകാനാവില്ലെന്നും കമ്പനി വ്യക്തമാക്കി.
എഐ തന്നെയാണ് പ്രോജക്ടുകൾ കുറഞ്ഞതിന് കാരണമെന്ന് പറഞ്ഞ കമ്പനി, പിരിച്ചുവിടപ്പെട്ടവർക്ക് എഐ പരിശീലനം സൗജന്യമായി നൽകിയിരുന്നുവെന്നും പക്ഷേ, കാലത്തിനൊത്ത് മാറാൻ അവർക്ക് സാധിച്ചില്ലെന്നും ടൂൺസിന്റെ പ്രതിനിധി വിമർശിച്ചു. നല്ല സമയത്ത് കമ്പനിയുടെ കൂടെ നിന്നവരാണ് അവർ. ഒത്തുതീർപ്പിന് ശ്രമിച്ചിരുന്നുവെന്നും പക്ഷേ, ജീവനക്കാർക്ക് അതിന് താല്പര്യമില്ലെന്നും കമ്പനി പറയുന്നു.
Content Highlights: Employees at Toonz Animation India in Thiruvananthapuram's Technopark have protested against alleged mass layoffs, prolonged unpaid leave, and pending salary arrears.