നിലപാടുമാറ്റി ടെസ്‌ലയും; AI-യിൽ അധികം പണം ചെലവഴിക്കേണ്ടെന്ന് ജീവനക്കാർക്ക് നിർദേശം

#ടെക്‌നോളജി ഡെസ്‌ക്
പ്രതീകാത്മകചിത്രം | Getty
പ്രതീകാത്മകചിത്രം | Getty

നിർമിതബുദ്ധി (എഐ)യുടെ ഉപയോഗം വൻതോതിൽ വർധിപ്പിക്കാൻ ജീവനക്കാർക്ക് നിർദേശം നൽകിയിരുന്ന വമ്പൻ കമ്പനികൾ ഓരോന്നായി നിലപാടിൽ മാറ്റംവരുത്തുന്നു. എഐ വ്യാപകമാകുന്നതോടെ നിരവധിപേർക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്കകൾ വ്യാപകമായി പ്രചരിച്ചിരുന്നു. പല കമ്പനികളും കൂട്ടപ്പിരിച്ചുവിടലുകൾക്ക് കാരണമായി പറഞ്ഞിരുന്നത് എഐയിലേക്കുള്ള ചുവടുമാറ്റമാണ്. എന്നാൽ എഐ ഉപയോഗത്തിന്റെ ചെലവ് കുതിച്ചുയരുന്നത് വമ്പൻ കമ്പനികൾക്കടക്കം തലവേദന സൃഷ്ടിക്കുകയാണ്. ജീവനക്കാരെ നിയമിക്കുന്നതിനെക്കാൾ ഉയർന്ന ചെലവാണ് എഐയ്ക്ക് വേണ്ടിവരുന്നതെന്ന് പല കമ്പനികളും പറയുന്നു. അതിനിടെയാണ് എഐ ഉപയോഗം കുറയ്ക്കാനുള്ള നിർദേശം ടെക് ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ കമ്പനിയായ ടെസ്‌ലയടക്കം നൽകിയിട്ടുള്ളത്.

ആഴ്ചയിൽ 200 ഡോളറിൽക്കൂടുതൽ എഐ ടൂളുകൾക്ക് വേണ്ടി ചെലവഴിക്കരുതെന്ന് ജീവനക്കാർ്ക്ക് നിർദേശം നൽകിയിരിക്കുകയാണ് മസ്‌കിന്റെ ടെസ്‌ല. ജൂലായ് ആറ് മുതൽ ഈ നിർദേശം പാലിക്കണമെന്ന് നോട്ടീസിൽ പറയുന്നു. എഐ ടൂളുകളിൽ 200 ഡോളറിനു മുകളിൽ ചെലവഴിക്കണമെങ്കിൽ ജീവനക്കാർ പ്രത്യേക അനുമതി തേടേണ്ടിവരും. മാസങ്ങൾക്ക് മുൻപ് എഐ പരമാവധി ഉപയോഗിക്കാൻ ജീവനക്കാർക്ക് നിർദേശം നൽകിയ കമ്പനിയാണ് ഇപ്പോൾ നിലപാട് മാറ്റിയിട്ടുള്ളത്.

ആയിരക്കണക്കിന് ഡോളറാണ് ടെസ്‌ലയിലെ സോഫറ്റ്‌വെയർ എൻജിനീയർമാർ ഒരോ ആഴ്ചയിലും എഐ ടൂളുകളിൽ ചെലവഴിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. എഐ ഉപയോഗത്തിന്റെ ചെലവ് കുത്തനെ ഉയർന്നതാകാം നിലപാട് മാറ്റത്തിന് പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു.

അടുത്തിടെ വിവിധ എഐ ടൂളുകൾ ഒരൊറ്റ പ്ലാറ്റ്ഫോമിലേക്ക് ടെസ്‌ല സംയോജിപ്പിച്ചിരുന്നു. ഓപ്പൺ എഐ, ആന്ത്രോപ്പിക്, എക്സ് എഐ, കേഴ്സർ എന്നിവയുടെ എഐ ടൂളുകളാണ് ഒരൊറ്റ പ്ലാറ്റ്‌ഫോമിലേക്ക് ചുരുക്കിയത്. എഐ ഉപയോഗം പ്രോത്സാഹിപ്പിച്ച കമ്പനി അതിനനുസരിച്ച് ജീവനക്കാരെ റാങ്ക് ചെയ്തിരുന്നു. എന്നാൽ എഐ ഉപയോഗം ക്രമാതീതമായി വർധിക്കുകയും ആഴ്ചതോറും ആയിരക്കണക്കിന് ഡോളറിന്റെ ബില്ലുകൾ വരികയും ചെയ്തതോടെയാണ് ഉപയോഗം കുറക്കാനുള്ള തീരുമാനമെടുത്തത്.

എന്നാൽ മസ്‌കിന്റെ സ്വന്തം കമ്പനിയായ എക്സ് എഐയുടെ ബീറ്റാ വേർഷനുകൾ ഈ നിയന്ത്രണത്തിന്റെ പരിധിയിൽ വരില്ല. ഗ്രോക്കിലേക്കും കേഴ്സറിന്റെ കമ്പോസർ മോഡലിലേക്കും കമ്പനിക്കുള്ളിലെ ഉപയോഗം വഴിതിരിച്ചുവിടാനും നീക്കമുണ്ട്. മസ്‌കിന്റെ എഐ കമ്പനി കേഴ്സറുമായി ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങിയ സാഹചര്യത്തിലാണിത്. കേഴ്സറിന്റെ മാതൃകമ്പനിയായി എനിസ്ഫിയർ 60 ബില്ല്യൺ ഡോളറിന് വാങ്ങാൻ മസ്‌കിന്റെ സ്പേസ് എക്സ് ഒരുങ്ങുകയാണ്. എന്നാൽ ടെസ്‌ല എൻജിനീയർമാർ സ്വന്തം കമ്പനിയുടെ എഐ ടൂൾ ഉപയോഗിക്കാതെ ആന്തോപികിന്റെ ക്ലൗഡ് പോലെയുള്ള ടൂളുകൾ തിരഞ്ഞെടുക്കുന്നത് കമ്പനിക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്.

അതിനിടെ, ഒരു എൻജിിനീയർക്ക് എഐ ലഭ്യമാക്കാൻ മാസം 1000 ഡോളർ പോലും ചെലവാക്കാൻ സാധിക്കില്ലെങ്കിൽ ടെസ്ലയ്ക്ക് എങ്ങനെയാണ് റോബോടാക്സികൾക്കും ലക്ഷക്കണക്കിനു റോബോട്ടുകൾക്കും വേണ്ടി എഐ ലഭ്യമാക്കാൻ സാധിക്കുന്നത് എന്ന ചോദ്യവും കമ്പനിക്കുള്ളിൽനിന്നുതന്നെ ഉയരുന്നുണ്ട്.

Content Highlights: Tesla mandates a $200 weekly limit on AI tool spending per employee., The policy exempts xAI products, favoring internal tools like Grok., Rapid shift from 'AI-first' gamification to strict budget management., Reflects a broader 2026 corporate trend of reigning in token-based AI costs., Highlights ongoing challenges in scaling AI for Tesla's Robotaxi and Optimus projects.