തദ്ദേശീയ LLM വികസിപ്പിക്കാന്‍ ടെക് മഹീന്ദ്ര, 'ആഗോളതലത്തില്‍ ഒരുങ്ങുന്ന വലിയ AI സിസ്റ്റങ്ങളിലൊന്ന്'

പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.

നിര്‍മിതബുദ്ധിയുടെ മേഖലയില്‍ മുന്നേറാന്‍ ലക്ഷ്യമിടുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഇന്ത്യഎഐ മിഷന്റെ ഭാഗമായി 1 ട്രില്യണ്‍ (ലക്ഷംകോടി) പാരാമീറ്ററുകളുള്ള തദ്ദേശീയ ലാര്‍ജ് ലാംഗ്വേജ് മോഡല്‍ (LLM) വികസിപ്പിക്കുകയാണെന്ന് ടെക് മഹീന്ദ്ര. കമ്പനിയുടെ Q2 FY26 ഏണിങ്‌സ് കോണ്‍ഫറന്‍സില്‍ സംസാരിക്കവെ ടെക് മഹീന്ദ്ര സിഇഒയും എംഡിയുമായ മോഹിത് ജോഷിയാണ് ഇക്കാര്യം പറഞ്ഞത്.

എല്‍എല്‍എമ്മുകള്‍ നിര്‍മ്മിക്കുന്നതിനായി ഫ്രാക്റ്റല്‍ അനലിറ്റിക്സ്, ഐഐടി ബോംബെ കണ്‍സോര്‍ഷ്യമായ ഭാരത്ജെന്‍ എന്നിവയുള്‍പ്പെടെ മറ്റ് ഏഴ് സ്ഥാപനങ്ങളോടൊപ്പം ടെക് മഹീന്ദ്രയെയും സെപ്റ്റംബറില്‍ സര്‍ക്കാര്‍ തിരഞ്ഞെടുത്തിരുന്നു. ഐഐടി ബോംബെയുടെ നേതൃത്വത്തിലുള്ള മോഡലിലും 1 ട്രില്യണ്‍ പാരാമീറ്ററുകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിര്‍മിതബുദ്ധിയുടെ കാര്യത്തില്‍ ഒരു മോഡല്‍ പരിശീലന സമയത്ത് പഠിക്കുന്ന വേരിയബിളുകളെയാണ് പാരാമീറ്ററുകള്‍ പ്രതിനിധീകരിക്കുന്നത്. ഡാറ്റയിലെ സങ്കീര്‍ണതകളടക്കം തിരിച്ചറിയാന്‍ ഇത് മോഡലിനെ പ്രാപ്തമാക്കുന്നു.

അഭിമാനകരമായ ഇന്ത്യഎഐ മിഷനിലെ ഒരു പ്രധാന പങ്കാളിയായി കേന്ദ്ര സര്‍ക്കാര്‍ ഞങ്ങളെ അംഗീകരിച്ചതില്‍ അഭിമാനിക്കുന്നുവെന്ന് മോഹിത് ജോഷി പറഞ്ഞു. ഈ ദൗത്യത്തിന്റെ ഭാഗമായാണ് 1 ട്രില്യണ്‍ പാരാമീറ്ററുകളുള്ള തദ്ദേശീയ ലാര്‍ജ് ലാംഗ്വേജ് മോഡല്‍ വികസിപ്പിക്കുന്നത്. ഇതൊരു സുപ്രധാന നാഴികക്കല്ലാണ്. ആഗോളതലത്തില്‍ നിലവില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ എഐ സിസ്റ്റങ്ങളിലൊന്നായിരിക്കും ഈ മോഡലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭാഷയോ സങ്കീര്‍ണ്ണമായ ഡാറ്റകളോ തിരിച്ചറിയാനും വ്യാഖ്യാനിക്കാനും കഴിയുംവിധം വേണ്ടത്ര ഉദാഹരണങ്ങള്‍ നല്‍കി പരിശീലിപ്പിച്ച നിര്‍മിതബുദ്ധി (AI) പ്രോഗ്രാമാണ് എല്‍എല്‍എം. പല എല്‍എല്‍എമ്മുകളെയും ഇന്റര്‍നെറ്റില്‍ നിന്ന് ശേഖരിച്ച ദശലക്ഷക്കണക്കിന് ജിഗാബൈറ്റ് ഡാറ്റയിലാണ് പരിശീലിപ്പിക്കുന്നത്. ചില എല്‍എല്‍എമ്മുകള്‍ പ്രാരംഭ പരിശീലനത്തിന് ശേഷം കൂടുതല്‍ ഉള്ളടക്കത്തിനായി വെബ്ബില്‍ തിരച്ചില്‍ തുടരും. അക്ഷരങ്ങളും വാക്കുകളും വാക്യങ്ങളും എങ്ങനെ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു എന്ന് മനസ്സിലാക്കാന്‍ എല്‍എല്‍എമ്മുകള്‍ ഡീപ് ലേണിംഗ് എന്ന മെഷീന്‍ ലേണിംഗ് ഉപയോഗിക്കുന്നു.

Content Highlights: Tech Mahindra announces its development of a 1 trillion parameter indigenous sovereign LLM under IndiaAI Mission, a major milestone for India`s AI leadership and innovation.