ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ വ്യാജ നഗ്നചിത്രം സമൂഹമാധ്യമങ്ങളില്‍; ആശങ്കയറിയിച്ച് വൈറ്റ്ഹൗസ്

പ്രശസ്ത സംഗീതജ്ഞ ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ വ്യാജ നഗ്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച സംഭവം വിവാദമാവുന്നു. സോഷ്യല്‍ മീഡിയാ വെബ്‌സൈറ്റായ എക്‌സിലാണ് ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ വ്യാജ നഗ്ന ചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. ലക്ഷക്കണക്കിനാളുകള്‍ ഇത് എക്‌സില്‍ പങ്കുവെച്ചു. സംഭവത്തില്‍ ഗായികയുടെ ആരാധകരും വൈറ്റ് ഹൗസും ആശങ്കയറിയിച്ച് രംഗത്തെത്തി.
ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ വ്യാജ ചിത്രങ്ങളിലൊന്ന് 4.5 കോടിയാളുകളാണ് കണ്ടത്. 24000 പേര്‍ അത് റീപോസ്റ്റ് ചെയ്യുകയും ചെയ്തുവെന്ന് ദി വെര്‍ജ് റിപ്പോര്‍ട്ടില്‍ പറയുന്നു. പോസ്റ്റ് ചെയ്ത് 17 മണിക്കൂര്‍ കൊണ്ടാണ് ഇത്. ഈ ചിത്രം ഇപ്പോള്‍ നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്.
ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതോടെ ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ ആരാധകര്‍ ഇടപെടുകയും ട്വിറ്ററില്‍ ചിത്രങ്ങള്‍ക്കൊപ്പം നല്‍കിയിരിക്കുന്ന ടാഗൂകളില്‍ മറ്റ് പോസ്റ്റുകള്‍ നിറച്ച് നഗ്നചിത്രങ്ങള്‍ മുക്കിക്കളയുകയുമായിരുന്നു. എങ്കിലും ഈ ചിത്രങ്ങള്‍ ഇപ്പോഴും എക്‌സില്‍ ഉണ്ടെന്നാണ് വിവരം.
സ്ത്രീകളുടെ അശ്ലീലചിത്രങ്ങള്‍ നിര്‍മിക്കുന്ന ഒരു ടെലഗ്രാം ഗ്രൂപ്പാണ് ഇതിന് പിന്നില്‍. ഡിസൈനേഴ്‌സ് എന്ന് വിളിക്കുന്ന മൈക്രോസോഫ്റ്റിന്റെ സൗജന്യ ടെക്സ്റ്റ് ടു ഇമേജ് ജനറേറ്ററാണ് ടെലഗ്രാം ഗ്രൂപ്പ് ഉപയോഗിച്ചത്. മൈക്രോസോഫ്റ്റിന്റെ സുരക്ഷയെ മറികടക്കുന്ന പ്രോംറ്റുകളും ചില ഗ്രൂപ്പുകള്‍ പങ്കുവിച്ചിട്ടുണ്ട്.
അതായത് നല്‍കുന്ന നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് ജനറേറ്റീവ് എഐ ചിത്രങ്ങള്‍ നിര്‍മിക്കുക. ഈ രീതിയില്‍ എന്തും നിര്‍മിക്കാമെന്നതിനാല്‍ കമ്പനികള്‍ ചില നിര്‍ദേശങ്ങള്‍ അഥവാ പ്രോംറ്റുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടാവും. പ്രത്യേകിച്ചും സെലിബ്രിറ്റികളുടെയും മറ്റ് വ്യക്തികളുടെയും പേരുകള്‍ക്ക് വിലക്കുണ്ടാവും. എന്നാല്‍ ഈ വിലക്ക് മറികടക്കുകയാണ് ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ കാര്യത്തില്‍ നടന്നത്.
ഈ ടെലഗ്രാം ഗ്രൂപ്പ് അംഗങ്ങള്‍ Taylor Swift എന്നതിന് പകരം Taylor singer swift എന്നാണ് പ്രോംറ്റില്‍ നല്‍കിയത്. Taylor Swift എന്ന പേര് വിലക്കിയ മൈക്രോസോഫ്റ്റ് ഡിസൈനര്‍ പക്ഷെ Taylor Singer Swift എന്ന നിര്‍ദേശം സ്വീകരിക്കുകയും ചിത്രങ്ങള്‍ നിര്‍മിക്കുകയും ചെയ്തു.
ഇത് വളരെ ഭയാനകമാണെന്നാണ് വൈറ്റ് ഹൗസ് വെള്ളിയാഴ്ച പ്രതികരിച്ചത്. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് തങ്ങള്‍ക്ക് സാധിക്കുന്നതെല്ലാം ചെയ്യാന്‍ പോവുകയാണ്. ഉള്ളടക്കം കൈകാര്യം ചെയ്യുന്നതില്‍ സോഷ്യല്‍ മീഡിയാ കമ്പനികള്‍ അവരുടെ സ്വതന്ത്ര തീരുമാനങ്ങള്‍ എടുക്കുന്നതിനാല്‍, തെറ്റായ വിവരങ്ങളും വ്യക്തികളുടെ അനുവാദമില്ലാത്തതും സ്വകാര്യമായതുമായ ഉള്ളടക്കങ്ങളും തടയുന്നതിനും അവരുടെ സ്വന്തം നിയമങ്ങള്‍ നടപ്പിലാക്കുന്നതിലും അവര്‍ക്ക് പ്രധാന പങ്ക് വഹിക്കാനുണ്ടെന്നും വൈറ്റ് ഹൗസ് പറഞ്ഞു.
അമേരിക്കന്‍ തൊഴിലാളി സംഘടനയായ സ്‌ക്രീന്‍ ആക്ടേഴ്‌സ് ഗില്‍ഡ്- അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ടെലിവിഷന്‍ റേഡിയോ ആര്‍ടിസ്റ്റ്‌സും ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ ചിത്രങ്ങള്‍ പ്രചരിച്ച സംഭവത്തെ അപലപിച്ചു.
Content Highlights: Taylor Swift AI images, Deepfakes, Generative Ai,