രാജ്യത്തെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണം 18-ന്; വൻ മുന്നേറ്റത്തിന് സ്‌കൈറൂട്ട്

#ടെക്‌നോളജി ഡെസ്‌ക്
വിക്ഷേപണത്തിനുള്ള മുന്നൊരുക്കങ്ങള്‍ പുരോഗമിക്കുന്നു. Photo - Skyroot
വിക്ഷേപണത്തിനുള്ള മുന്നൊരുക്കങ്ങള്‍ പുരോഗമിക്കുന്നു. Photo - Skyroot

നിർണായക നാഴികക്കല്ല് പിന്നിടാൻ രാജ്യത്തെ സ്വകാര്യ ബഹിരകാശ ഗവേഷണ മേഖല. ഹൈദരാബാദ് ആസ്ഥാനമായ സ്‌കൈറൂട്ട് എയ്റോസ്പേസിന്റെ വിക്രം-1 റോക്കറ്റിന്റെ പ്രഥമ വിക്ഷേപണം ജൂലായ് 18 ശനിയാഴ്ച നടക്കും. രാജ്യത്ത് സ്വകാര്യ മേഖലയിൽ ആദ്യമായി വികസിപ്പിച്ച ഓർബിറ്റൽ-ക്ലാസ് റോക്കറ്റാണിത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ (SDSC-SHAR) ആദ്യ വിക്ഷേപണ പാഡിൽ നിന്നാണ് വിക്ഷേപണം.

ഇന്ത്യൻ സമയം രാവിലെ 11:30-നാണ് വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. പൂർണ്ണമായും തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് സ്വകാര്യ എയ്‌റോസ്‌പേസ് കമ്പനി വികസിപ്പിച്ചെടുത്ത ഒരു ഇന്ത്യൻ റോക്കറ്റ് ഇന്ത്യൻ മണ്ണിൽ നിന്ന് ഭ്രമണപഥത്തിലെത്താൻ ഒരുങ്ങുന്നത് ഇതാദ്യമായാണ്.

വിക്ഷേപണത്തിന് മുന്നോടിയായി, വ്യോമ - നാവിക ഗതാഗത നിയന്ത്രണ ഏജൻസികൾ വ്യോമാതിർത്തിയും നാവിഗേഷനും സംബന്ധിച്ച മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വിക്ഷേപണ വേളയിൽ റോക്കറ്റിന്റെ സഞ്ചാരപഥത്തിലടക്കം നിയന്ത്രിത മേഖലകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 'ആഗമൻ' എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യം ആഗോള ഉപഗ്രഹ വിക്ഷേപണ രംഗത്ത് ഇന്ത്യയിലെ സ്വകാര്യ മേഖലയുടെ സാന്നിധ്യം ഉറപ്പിക്കുന്നതാണ്.

എന്താണ് വിക്രം-1?

കാർബൺ കോമ്പോസിറ്റുകൾ ഉപയോഗിച്ച് നിർമ്മിച്ച ഒരു മൾട്ടി-സ്റ്റേജ് ഓർബിറ്റൽ ലോഞ്ച് വെഹിക്കിളാണ് ഏകദേശം ഏഴ് നില കെട്ടിടത്തിന്റെ ഉയരമുള്ള വിക്രം-1. 3D പ്രിന്റഡ് റോക്കറ്റ് എഞ്ചിനുകളും ഹൈ-ത്രസ്റ്റ് സോളിഡ് റോക്കറ്റ് മോട്ടോറുകളും ഉൾപ്പെടെ പൂർണ്ണമായും ആഭ്യന്തരമായി വികസിപ്പിച്ച പ്രൊപ്പൽഷൻ സംവിധാനങ്ങളാണ് ഇതിന് ഊർജ്ജം പകരുന്നത്. 350 കിലോഗ്രാം വരെ ഭാരമുള്ള പേലോഡുകളെ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലേക്ക് എത്തിക്കാൻ ഈ റോക്കറ്റിന് കഴിയും. ഗ്രാഹ സ്‌പേസ്, കോസ്‌മോസർവ്, ഡിക്യൂബ്ഡ് എന്നിവയുടെ വിവിധ സാങ്കേതികവിദ്യാ പ്രദർശന പേലോഡുകളും സ്‌കൈറൂട്ടിന്റെ സ്വന്തം SCOPE പേലോഡും ഈ റോക്കറ്റ് വഹിക്കും.

വൻ മുന്നേറ്റത്തിന് ഇന്ത്യ

2022 നവംബറിൽ നടന്ന സ്‌കൈറൂട്ടിന്റെ വിജയകരമായ വിക്രം-എസ് സബ്ഓർബിറ്റൽ ദൗത്യത്തെ തുടർന്നാണ് മിഷൻ ആഗമൻ ദൗത്യത്തിന് കമ്പനി ഒരുങ്ങുന്നത്. വിക്ഷേപണം വിജയിച്ചാൽ മിഷൻ ആഗമൻ ഇന്ത്യയുടെ വാണിജ്യ ബഹിരാകാശ വ്യവസായ രംഗത്തിന് വലിയ മുതൽക്കൂട്ടാകും. സ്വകാര്യ കമ്പനികൾക്ക് ഇന്ത്യൻ മണ്ണിൽ നിന്ന് ഓർബിറ്റൽ-ക്ലാസ് റോക്കറ്റുകൾ നിർമ്മിക്കാനും വിക്ഷേപിക്കാനുമുള്ള കഴിവ് ഇതോടെ തെളിയിക്കപ്പെടും.

അതിവേഗം വളരുന്ന ആഗോള ഉപഗ്രഹ വിക്ഷേപണ വിപണിയിൽ ഇന്ത്യയുടെ സ്ഥാനം ഇതോടെ ശക്തിപ്പെടും. ഐഎസ്ആർഒയോടൊപ്പം സ്വകാര്യ സംരംഭങ്ങളും ബഹിരാകാശ ഗവേഷണ രംഗത്ത് രാജ്യത്തിന്റെ സാന്നിധ്യം ശക്തമാക്കുന്ന പുതിയ യുഗത്തിന് ഇതോടെ തുടക്കം കുറിക്കുമെന്നും ശാസ്ത്രലോകം വിലയിരുത്തുന്നു.

Content Highlights: Maiden orbital launch of Vikram-1 by Skyroot Aerospace on July 18., Mission Aagaman aims to place payloads into a 450km orbit., Vikram-1 is an all-carbon composite orbital vehicle with 3D-printed engines., Marks a shift for India's private sector in the global satellite launch industry., Follows the successful 2022 Vikram-S suborbital mission.