വിക്രം-1 വിക്ഷേപണത്തിനൊരുങ്ങി സ്‌കൈറൂട്ട്; രാജ്യത്തെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റ്

#ടെക്‌നോളജി ഡെസ്‌ക്
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഹൈദരാബാദിലുള്ള സ്‌കൈറൂട്ടിന്റെ മാക്‌സ്-ക്യൂ കാമ്പസില്‍ | Photo -  Skyroot Aerospace
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഹൈദരാബാദിലുള്ള സ്‌കൈറൂട്ടിന്റെ മാക്‌സ്-ക്യൂ കാമ്പസില്‍ | Photo - Skyroot Aerospace

ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ലക്ഷ്യങ്ങൾ യാഥാർത്ഥ്യത്തിലേക്ക് കൂടുതൽ അടുക്കുന്നു. സ്‌കൈറൂട്ട് ഏറോസ്‌പേസ് തങ്ങളുടെ വിക്രം-1 റോക്കറ്റിന്റെ ആദ്യ വിക്ഷേപണത്തിനുള്ള ഒരുക്കങ്ങളുമായി മുന്നോട്ട് നീങ്ങുകയാണ്. നിർണായകമായ പ്രീ-ലോഞ്ച് ഘട്ടങ്ങൾ പൂർത്തിയായി. ഇതോടെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലേക്കുള്ള യാത്രയ്ക്ക് വിക്രം-1 തുടക്കമിടുകയാണ്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഹൈദരാബാദിലുള്ള സ്‌കൈറൂട്ടിന്റെ മാക്‌സ്-ക്യൂ കാമ്പസ് സന്ദർശിച്ച് യാത്ര ഫ്‌ളാഗ്ഓഫ് ചെയ്തു.

സ്വകാര്യ കമ്പനി നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ ഓർബിറ്റൽ റോക്കറ്റിന്റെ ലോഞ്ച് രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണരംഗത്ത് വഴിത്തിരിവാകും. ഈ രംഗത്തുള്ള രാജ്യത്തെ മുൻനിര കമ്പനികളിൽ ഒന്നാണ് സ്‌കൈറൂട്ട്.

വിക്രം-1 അതിന്റെ പ്രീ-ലോഞ്ച് ടെസ്റ്റിങ് പ്രോഗ്രാമിന്റെ ഭാഗമായ ഇന്റഗ്രേറ്റഡ് ഇലക്ട്രിക്കൽ ടെസ്റ്റ് (IET) കാമ്പെയ്ൻ-ഫേസ് 3 പൂർത്തിയാക്കിയതായി സ്‌കൈറൂട്ട് ഏറോസ്‌പേസ് അറിയിച്ചു. ലോഞ്ചിന് മുമ്പുള്ള ഏറ്റവും നിർണായകമായ ഘട്ടങ്ങളിലൊന്നാണിത്. വാഹനത്തെയും ഗ്രൗണ്ട് സോഫ്റ്റ്‌വെയറിനെയും ഇലക്ട്രിക്കൽ ഇന്റർഫേസുകളെയും ആദ്യമായി ഒന്നിച്ച് പ്രവർത്തിപ്പിക്കുന്നതാണിത്. ഈ കൃത്രിമ വിക്ഷേപണ സാഹചര്യത്തിൽ എല്ലാ ഓൺബോർഡ് സിസ്റ്റങ്ങളും കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കി.

ചെറിയ ഉപഗ്രഹങ്ങൾക്ക് ചെലവ് കുറഞ്ഞ ലോഞ്ച് സേവനങ്ങൾ നൽകാനുള്ള സ്‌കൈറൂട്ടിന്റെ വിശാലമായ പദ്ധതിയുടെ ഭാഗമാണ് ഓർബിറ്റൽ റോക്കറ്റിന്റെ ആദ്യ വിക്ഷേപണം. വളർന്നുവരുന്ന ആഗോള ബഹിരാകാശ സമ്പദ്‌വ്യവസ്ഥയുടെ ഭാഗമാകാൻ ഇതോടെ സ്‌കൈറൂട്ടിനും കഴിയും.

ഇന്ത്യൻ ബഹിരാകാശ ഇതിഹാസമായ വിക്രം സാരാഭായിയുടെ പേരിട്ടിരിക്കുന്ന ഈ വാഹനം താഴ്ന്ന ഭ്രമണപഥത്തിൽ പേലോഡുകൾ കാര്യക്ഷമതയോടെ എത്തിക്കാൻ കഴിയുംവിധം രൂപകൽപ്പന ചെയ്തതാണ്. ഇന്ത്യ സ്വകാര്യ പങ്കാളികൾക്ക് ബഹിരാകാശ മേഖല തുറന്നുകൊടുത്ത നീക്കത്തിന്റെ ഭാഗമായാണ് ഇത്തരം മുന്നേറ്റങ്ങൾ വരുന്നത്.

പ്രധാനപ്പെട്ട ടെസ്റ്റിങ് നാഴികക്കല്ലുകൾ വിജയകരമായി പൂർത്തിയാക്കിയെങ്കിലും വിക്രം-1 ന്റെ അന്തിമ വിക്ഷേപണ തീയതി കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എല്ലാ പരിശോധനകളും പൂർത്തിയാക്കുകയും അന്തിമ അനുമതികൾ ലഭിക്കുകയും ചെയ്തശേഷം തീയതി പ്രഖ്യാപിക്കുമെന്നാണ് വിവരം.

വിക്ഷേപണം വിജയിക്കുകയാണെങ്കിൽ വിക്രം-1 ദൗത്യം ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ വ്യവസായരംഗത്തെ ചരിത്ര നിമിഷമായിരിക്കും. സ്‌കൈറൂട്ട് ഏറോസ്‌പേസ് ആഗോള വിപണിയിൽ സാന്നിധ്യം അറിയിക്കും. രാജ്യത്തിന്റെ വാണിജ്യ ബഹിരാകാശ മേഖലയിലെ ഒരു പുതിയ യുഗത്തിന് ഇതോടെ തുടക്കം കുറിക്കുകയും ചെയ്യും.

Content Highlights: Vikram-1 completes Phase 3 Integrated Electrical Test (IET)., Telangana CM flags off the vehicle to Satish Dhawan Space Centre., Validation of integrated systems, ground software, and electrical interfaces., Advances India's private space industry and small satellite launch capabilities.