ടച്ച് സ്‌ക്രീനില്‍ കാര്‍ തിരഞ്ഞെടുക്കാം, ടെസ്റ്റ് ഡ്രൈവ് ചെയ്യാം; വൈറലായി 'കാര്‍ വെന്‍ഡിങ് മെഷീന്‍'

#ടെക്‌നോളജി ഡെസ്‌ക്
സിംഗപ്പൂരിലെ കാര്‍ വെൻഡിങ് മെഷീൻ | screengrab
സിംഗപ്പൂരിലെ കാര്‍ വെൻഡിങ് മെഷീൻ | screengrab

സഞ്ചാരികളുടെ മനം കവരുകയാണ് സിംഗപ്പൂരിലെ 'കാര്‍ വെന്‍ഡിങ് മെഷീന്‍'. 15 നിലകളുള്ള ഗ്ലാസ് ടവറാണ് ഇതിന്റെ മുഖ്യ ആകര്‍ഷണം. കാര്‍ വാങ്ങാന്‍ ഒരു ഡീലര്‍ഷിപ്പില്‍ പോകുന്ന അനുഭവമല്ല ഇവിടെനിന്ന് ലഭിക്കുന്നത്. ഒരു തീം പാര്‍ക്ക് സന്ദര്‍ശിക്കുന്ന അനുഭവമാണ്. കാഴ്ചയില്‍ ഒരു ഫ്യൂച്ചറിസ്റ്റിക് വെന്‍ഡിംഗ് മെഷീന്‍ പോലെ തോന്നും ഈ സംവിധാനം. എന്നാല്‍ ലഘുഭക്ഷണമല്ല പകരം ആഡംബര കാറുകളാണ് ഇവിടെനിന്ന് ലഭിക്കുന്നത്.

ഓട്ടോബാന്‍ മോട്ടോഴ്സ് നിര്‍മ്മിച്ച ഈ ടവറില്‍ ഫെരാരി, ലംബോര്‍ഗിനി, പോര്‍ഷെ, ബെന്റ്ലി എന്നിവയുള്‍പ്പെടെ 60-ല്‍ അധികം വിലയേറിയ ആഡംബര വാഹനങ്ങളാണ് ഉടമകളെ കാത്തിരിക്കുന്നത്. ഇവയെല്ലാം ഒരു ഗ്ലാസ് ഭിത്തിക്ക് പിന്നില്‍ സന്ദര്‍ശകര്‍ക്ക് കാണാം.

പുറത്തുനിന്ന് നോക്കുമ്പോള്‍ ഒരു അംബരചുംബിയായ കാര്‍ ഡിസ്‌പ്ലേ സംവിധാനമാണ് കാണാന്‍ കഴിയുന്നത്. സന്ദര്‍ശകര്‍ക്ക് താഴത്തെ നിലയിലുള്ള ഒരു ടച്ച്സ്‌ക്രീന്‍ പാനലില്‍ നിന്ന് കാര്‍ തിരഞ്ഞെടുക്കാം. ഇതോടെ റോബോട്ടിക് ലിഫ്റ്റ് വാഹനം രണ്ട് മിനിറ്റിനുള്ളില്‍ താഴെയെത്തിക്കും. സിംഗപ്പൂരിലെ സ്ഥലപരിമിതിയില്‍ നിന്നാണ് ഈ ആശയം ഉരുത്തിരിഞ്ഞതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഒരു വെന്‍ഡിംഗ് മെഷീന്‍ ഉപയോഗിക്കുന്നത് പോലെയാണ് ഇവിടെനിന്ന് കാര്‍ വാങ്ങുന്നത്.

ടെസ്റ്റ് ഡ്രൈവിനും സൗകര്യം

ഇതിന്റെ പ്രവര്‍ത്തനം ലളിതമാണ്. ടച്ച് സ്‌ക്രീനില്‍ ഒരു കാര്‍ തിരഞ്ഞെടുക്കുക. അതിന്റെ വീഡിയോകള്‍ കാണുക. വാങ്ങുന്നതിന് മുമ്പ് ഒരു ടെസ്റ്റ് ഡ്രൈവിനായി കാര്‍ കൊണ്ടുപോകാനും സാധിക്കും. ഈ മുഴുവന്‍ പ്രക്രിയയും സാധാരണ നടപടിക്രമങ്ങളെ അപേക്ഷിച്ച് അതിവേഗത്തിലാണ് നടക്കുന്നത്. ഒരു സൂപ്പര്‍കാര്‍ വാങ്ങുന്നത് അത്രകണ്ട് ലളിതമാക്കാന്‍ കഴിയുന്ന തരത്തിലാണ് ഇതിന്റെ രൂപകല്‍പ്പന. ഈ ടവറില്‍ ക്ലാസിക് മോഡലുകളും വിന്റേജ് കാറുകളുമടക്കം ലഭ്യമാണ്.

വിനോദ സഞ്ചാരികള്‍ക്കും പ്രിയപ്പെട്ട കേന്ദ്രം

കെട്ടിടത്തിന്റെ മനോഹരവും ആകര്‍ഷകവുമായ രൂപകല്‍പ്പന ഇതിനെ സന്ദര്‍ശകരുടെ പ്രധാന കേന്ദ്രമാക്കി മാറ്റുന്നതാണ്. സഞ്ചാരികള്‍ കാറുകള്‍ വാങ്ങാന്‍ മാത്രമല്ല ഈ എഞ്ചിനീയറിംഗ് അത്ഭുതം പ്രവര്‍ത്തിക്കുന്നത് കാണാനും ഇവിടെ എത്തുന്നുണ്ട്. ഇതിന്റെ വിജയം ആഗോളതലത്തില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. പല സംരംഭകരും കാര്യക്ഷമമായ പാര്‍ക്കിങ്ങിനടക്കം സമാനമായ സംവിധാനങ്ങള്‍ പരിഗണിക്കുന്നുണ്ട്.

Content Highlights: Discover the futuristic Autobahn Motors tower in Singapore. See luxury cars like Ferraris & Lamborghinis dispensed from a 15-story vending machine! Experience car buying like never before.