ശുഭാന്‍ഷു ശുക്ല അടക്കമുള്ളവരുടെ ബഹിരാകാശ ദൗത്യം വീണ്ടും മാറ്റിവച്ചു; വിക്ഷേപണം ഇനി ജൂണ്‍ 10-ന്

ശുഭാന്‍ഷു ശുക്ല | Photo - ANI
ശുഭാന്‍ഷു ശുക്ല | Photo - ANI

രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബഹിരാകാശ ദൗത്യം വീണ്ടും മാറ്റിവച്ചു. ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ല അടക്കമുള്ളവരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) എത്തിക്കുന്ന ദൗത്യം ജൂണ്‍ 10-ന് വൈകുന്നേരം 5:52 (ഇന്ത്യന്‍ സമയം) ലേക്കാണ് മാറ്റിവെച്ചിരിക്കുന്നത്.

സംഘാംഗങ്ങളുടെ നിര്‍ബന്ധിത ക്വാറന്റൈന്‍ തുടരുന്നതിനിടെയാണിത്. മെയ് 29-നാണ് ദൗത്യം ആദ്യം നിശ്ചയിച്ചിരുന്നത്. പിന്നീട് ജൂണ്‍ എട്ടിലേക്ക് മാറ്റിവെച്ചു. ആക്‌സിയോം സ്‌പേസിന്റെ Ax4 പ്രോഗ്രാമിന്റെ ക്രമീകരണങ്ങളും തുടരുന്ന ക്വാറന്റൈന്‍ പ്രോട്ടോക്കോളും കാരണമാണ് ദൗത്യം വീണ്ടും നീട്ടിവെച്ചിരിക്കുന്നത് എന്നാണ് വിവരം.

ദൗത്യത്തിന്റെ പൈലറ്റായ ശുക്ല ഐഎസ്എസ് സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യക്കാരനെന്ന ചരിത്രം സൃഷ്ടിക്കാന്‍ തയ്യാറെടുക്കുകയാണ്. 1984-ലെ രാകേഷ് ശര്‍മ്മയുടെ ചരിത്രപരമായ ദൗത്യത്തിന് ശേഷം ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരന്‍ കൂടിയാണ് അദ്ദേഹം. 

Ax-4 ദൗത്യസംഘത്തില്‍ നാസ ബഹിരാകാശ സഞ്ചാരിയായ മിഷന്‍ കമാന്‍ഡര്‍ പെഗ്ഗി വിറ്റ്‌സണും, പോളണ്ടില്‍ നിന്നുള്ള സ്ലാവാഷ് ഉസ്‌നാന്‍സ്‌കി-വിസ്‌നിയേവ്‌സ്‌കിയും ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കാപുവും ഉള്‍പ്പെടുന്നു. ഇരുവരും അവരുടെ രാജ്യങ്ങളില്‍ നിന്ന് ഐഎസ്എസിലേക്കുള്ള ആദ്യ യാത്രയാണ് നടത്തുന്നത്. മെയ് 25-ന് രണ്ടാഴ്ചത്തെ വിക്ഷേപണത്തിനു മുമ്പുള്ള ക്വാറന്റൈനില്‍ സംഘാംഗങ്ങളെല്ലാം പ്രവേശിച്ചിരുന്നു.

Content Highlights: shubhanshu shuklas iss mission postponed