ഗാലക്‌സി ഫോൾഡബിൾ ഫോണുണ്ടോ? ജെമിനി ഇനി നിങ്ങൾക്കുവേണ്ടി ടിക്കറ്റ് ബുക്കുചെയ്യും

ഗാലക്‌സി Z Fold8 അൾട്ര, Z Fold8, Z Flip8 സ്മാർട്ട്ഫോണുകൾ കഴിഞ്ഞ ദിവസമാണ് സാംസങ് പുറത്തിറക്കിയത്. ഗൂഗിളിന്റെ ജെമിനി ഇന്റലിജൻസ് അടക്കമുള്ള നിർമിതബുദ്ധി (എഐ) ഫീച്ചറുകളാണ് സാംസങ്ങിന്റെ ഈ പുതിയ ഡിവൈസുകൾക്ക് കരുത്ത് പകരുന്നത്. ദൈനംദിന ജോലികൾ സ്വയം ചെയ്യാൻ കഴിവുള്ള ഗൂഗിളിന്റെ നെക്സ്റ്റ് ജെനറേഷൻ AI ആണ് സാംസങ് ഫോണുകളുടെ പ്രധാന വിശേഷതകളിൽ ഒന്നായി മാറാൻ പോകുന്നത്.
40-ലധികം ജനപ്രിയ ആപ്പുകളിൽ ദൈനംദിന ജോലികൾ ചെയ്യാൻ ഇപ്പോൾ ജെമിനിക്ക് കഴിയും. യാത്രാ ടിക്കറ്റുകൾ ബുക്ക് ചെയ്യുക, ഇവന്റുകളുടെ ടിക്കറ്റെടുക്കുക, റെസ്റ്റോറന്റ് റിസർവേഷൻ നടത്തുക, റൈഡ്ഷെയറുകൾ ഓർഡർ ചെയ്യുക തുടങ്ങിയ ജോലികൾ ഉപയോക്താക്കൾക്കുവേണ്ടി എഐ അസിസ്റ്റന്റ് ചെയ്യും. ഗാലക്‌സി Z Flip8 ൽ പവർ ബട്ടൺ തുടർച്ചയായി അമർത്തി പുറത്തുള്ള ഫ്‌ളെക്‌സ് വിൻഡോയിൽ നിന്ന് ടാസ്‌ക് ഓട്ടോമേഷൻ ട്രിഗർ ചെയ്യാൻ കഴിയും. ജെമിനിക്ക് മൊബൈൽ സ്‌ക്രീനിൽ എന്താണുള്ളതെന്ന് വായിക്കാൻ കഴിയും. കൈകൊണ്ട് എഴുതി തയ്യാറാക്കിയ ഒരു ലിസ്റ്റിന്റെ ചിത്രത്തെ ഓൺലൈൻ ഓർഡറാക്കി മാറ്റുന്നത് പോലുള്ള കാര്യങ്ങൾ ചെയ്യാൻ കഴിയും.
ഉപയോക്താക്കൾക്ക് ജെമിനിയുടെ ഘട്ടം ഘട്ടമായുള്ള ജോലികളുടെ പുരോഗതി ട്രാക്ക് ചെയ്യാനും എന്തെങ്കിലും മാറ്റംവരുത്തുന്നതിനായി ഇടപെടാനും സാധിക്കും. ടാസ്‌ക് അന്തിമ അവലോകനത്തിന് തയ്യാറാകുമ്പോൾ ജെമിനി ഉപയോക്താവിന് മുന്നറിയിപ്പ് നൽകും.
ഗൂഗിൾ ജെമിനി നോട്ട്ബുക്ക് (മുമ്പ് നോട്ട്ബുക്ക്എൽഎം) സാംസങ്ങിന്റെ ഫോൾഡബിൾ ഫോണുകളിൽ പ്രീ-ഇൻസ്റ്റാൾ ചെയ്ത ആപ്പായി ഇപ്പോൾ മാറ്റിയിട്ടുണ്ട്. ഗാലക്‌സി Z Fold8 സീരീസിന്റെ വലിയ ഇന്റേണൽ സ്‌ക്രീനുകൾക്കായി ഇതിനെ ഒപ്റ്റിമൈസ് ചെയ്തിട്ടുണ്ട്. ഓരോ പുതിയ ഗാലക്‌സി Z Fold8 അൾട്ര, Fold8, Flip8 വാങ്ങുമ്പോഴും ഗൂഗിൾ AI Pro യുടെ ആറ് മാസത്തെ ട്രയൽ ലഭ്യമാകും. ഓഡിയോ, വീഡിയോ ഓവർവ്യൂസ് പോലുള്ള നൂതന മൾട്ടിമോഡൽ ഫീച്ചറുകളിലേക്ക് പ്രവേശനം നൽകുന്നതാണിത്.
Content Highlights: Introduction of Galaxy Z Fold8 series and Z Flip8 with deep Gemini AI integration., Gemini Intelligence now handles task automation across 40+ apps., New Multimodal Screen Reasoning and Background Execution for foldables., Preinstalled Gemini Notebook optimized for Z Fold8 inner screens., Expansion of Gemini to Galaxy Watch 9 and new AI-powered smart glasses.