ജിയോ റീചാർജിൽ വൻ മാറ്റം: 35,100 രൂപയുടെ ആ സൗജന്യ ആനുകൂല്യം നിർത്തലാക്കി, പകരം എന്ത്?

#ടെക്നോളജി ഡെസ്ക്
പ്രതീകാത്മകചിത്രം | AFP
പ്രതീകാത്മകചിത്രം | AFP

റിലയൻസ് ജിയോ, പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം നൽകിയിരുന്ന ഗൂഗിൾ എ.ഐ. പ്രോ സബ്‌സ്‌ക്രിപ്ഷൻ ഇനിമുതൽ ലഭിക്കില്ല. പ്രീപെയ്ഡ് പ്ലാനുകൾ റീചാർജ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് അധികച്ചെലവില്ലാതെ ഗൂഗിൾ എ.ഐ. പ്രോ സബ്‌സ്‌ക്രിപ്ഷൻ നൽകുന്ന പദ്ധതിയാണ് ജിയോ അവസാനിപ്പിച്ചത്. എന്നാൽ നേരത്തേ ഈ ആനുകൂല്യം ക്ലെയിം ചെയ്ത ഉപഭോക്താക്കൾക്ക് തുടർന്നും ഇത് ലഭ്യമാകും. ഏകദേശം 35,100 രൂപ മൂല്യമുള്ള സബ്‌സ്‌ക്രിപ്ഷനാണ് ജിയോ 18 മാസത്തേക്ക് സൗജന്യമായി നൽകിയിരുന്നത്. എന്നാൽ പുതിയതായി റീചാർജ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഇനി ഈ ആനുകൂല്യം ലഭിക്കില്ല.

പകരം കാൻവ പ്രോ, കാൻവ പ്രോ ലൈറ്റ് സബ്‌സ്‌ക്രിപ്ഷനുകൾ നേടാം

അടുത്തിടെയാണ് ജിയോ പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം കാൻവ സബ്‌സ്‌ക്രിപ്ഷൻ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചത്. കാൻവ പ്രോ, കാൻവ പ്രോ ലൈറ്റ് എന്നീ രണ്ട് സബ്‌സ്‌ക്രിപ്ഷനുകളാണ് ഇതിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കുക. 399 രൂപയുടെ പ്രീപെയ്ഡ് പ്ലാനിനൊപ്പമാണ് കാൻവ പ്രോ സബ്‌സ്‌ക്രിപ്ഷൻ ലഭിക്കുക. ഏകദേശം 4,000 രൂപ മൂല്യമുള്ളതാണ് ഈ സബ്‌സ്‌ക്രിപ്ഷൻ.

399 രൂപയുടെ പ്ലാനിൽ ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ:

  • അൺലിമിറ്റഡ് വോയ്‌സ് കോളുകൾ

  • പ്രതിദിനം 2.5 ജി.ബി. ഡേറ്റ

  • പ്രതിദിനം 100 എസ്.എം.എസ്.

  • ജിയോഗെയിംസ് മൊബൈൽ സബ്‌സ്‌ക്രിപ്ഷൻ

  • ജിയോഹോട്ട്സ്റ്റാർ മൊബൈൽ + ഹോളിവുഡ് സബ്‌സ്‌ക്രിപ്ഷൻ

  • ജിയോടിവി വഴി ഫാൻകോഡ് സബ്‌സ്‌ക്രിപ്ഷൻ

  • 50 ജി.ബി. ജിയോഎഐക്ലൗഡ് സ്റ്റോറേജ്

ജിയോയുടെ മറ്റ് പ്രീപെയ്ഡ് പ്ലാനുകളിലൊന്നും കാൻവ പ്രോ സബ്‌സ്‌ക്രിപ്ഷൻ ലഭ്യമല്ല.

അതേസമയം, കാൻവ പ്രോ ലൈറ്റ് സബ്‌സ്‌ക്രിപ്ഷൻ നിരവധി പ്ലാനുകൾക്കൊപ്പം ലഭിക്കും. ഏകദേശം 1,590 രൂപ മൂല്യമുള്ളതാണ് ഈ സബ്‌സ്‌ക്രിപ്ഷൻ.

349 രൂപയുടെ പ്രീപെയ്ഡ് പ്ലാനോ അതിൽ കൂടുതലോ റീചാർജ് ചെയ്യുന്നവർക്കും പ്രതിദിനം രണ്ട് ജി.ബി. അല്ലെങ്കിൽ അതിലധികം ഡേറ്റ ലഭിക്കുന്ന പ്ലാനുകൾ തിരഞ്ഞെടുക്കുന്നവർക്കും 12 മാസത്തേക്ക് സൗജന്യമായി കാൻവ പ്രോ ലൈറ്റ് സബ്‌സ്‌ക്രിപ്ഷൻ ലഭിക്കും. ഈ ആനുകൂല്യം ലഭിക്കാൻ മൈജിയോ ആപ്പ് സന്ദർശിച്ച് സബ്‌സ്‌ക്രിപ്ഷൻ ക്ലെയിം ചെയ്യണം. ഒരു മൊബൈൽ നമ്പറിന് ജിയോയിൽനിന്ന് ഈ ആനുകൂല്യം ഒരിക്കൽ മാത്രമേ ലഭിക്കൂ.

Content Highlights: Reliance Jio has discontinued its complimentary 18-month Google AI Pro subscription (worth ₹35,100) for new prepaid recharges, though existing claimants will retain access.