സൗജന്യം അവസാനിക്കുമോ? UPI സേവനത്തിന്റെ ചെലവുകൾ ആരെങ്കിലുമൊക്കെ വഹിക്കേണ്ടി വരും– റിസർവ് ബാങ്ക് ഗവർണർ

മുംബൈ: ഡിജിറ്റൽ പെയ്‌മന്റ് രംഗത്ത് വിപ്ലവമായി മാറിയ യു.പി.ഐ.യുടെ ചെലവുകൾ ആരെങ്കിലുമൊക്കെ വഹിക്കേണ്ടതായിവരുമെന്ന് റിസർവ് ബാങ്ക് ഗവർണർ. ആത്യന്തികമായി ഈ ചെലവുകൾ പരോക്ഷമായി ഉപഭോക്താക്കളിലെത്തും. ഒരേ ഉപഭോക്താവ് തന്നെയാകില്ല, പൊതു സാമ്പത്തിക വ്യവസ്ഥയുടെ ഭാഗമായിട്ടാകും ഇതു വരിക. പ്രത്യക്ഷത്തിൽ ഇത് ആർക്കും കാണാനാകില്ലെന്നും ഗവർണർ സഞ്ജയ് മൽഹോത്ര സൂചിപ്പിച്ചു.
ഡിജിറ്റൽ പെയ്‌മന്റ് സംവിധാനത്തിനുള്ള ചെലവുകൾ ഇതിനകം വിപണിയിലേക്ക് കൈമാറിത്തുടങ്ങിയിട്ടുണ്ട്. നേരിട്ട് ഉപഭോക്താവിൽനിന്നല്ല ഇത് ഈടാക്കുന്നത്. ആരെങ്കിലുമൊക്കെ ചെലവുകൾ വഹിക്കുന്നു.
വ്യാപാരി കമ്മിഷനോ അല്ലെങ്കിൽ മറ്റേതെങ്കിലും സംവിധാനമോ ആണ് ഉണ്ടാവുകയെന്ന് ഇപ്പോൾ പറയാനാകില്ല. നിക്ഷേപവുമായി മുന്നോട്ടുപോകുകയെന്നതാണ് പ്രധാനമെന്നും ഗവർണർ കൂട്ടിച്ചേർത്തു.
നിയമത്തിൽ മാറ്റം കൊണ്ടുവരുന്നതിന് സർക്കാർ നിർദേശം മുന്നോട്ടുവെച്ചിട്ടുണ്ട്. 2007-ലെ പെയ്‌മന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് നിയമത്തിലാണ് സർക്കാർ ഭേദഗതിക്കു നിർദേശം വെച്ചിട്ടുള്ളത്. ഇലക്‌ട്രോണിക് പെയ്‌മന്റ് സംവിധാനങ്ങളിൽ വ്യാപാരി കമ്മിഷൻ ഈടാക്കുന്നതിൽ ബാങ്കുകൾക്കും പെയ്‌മന്റ് സേവന കമ്പികൾക്കും നിയന്ത്രണം കൊണ്ടുവന്നുള്ള ചട്ടങ്ങൾ നീക്കുന്നതിനാണ് ഭേദഗതി നിർദേശം. ഇതംഗീകരിച്ചാൽ 2000 രൂപയ്ക്കു മുകളിലുള്ള ബിസിനസ് ഇടപാടുകൾക്കു വ്യാപാരി കമ്മിഷൻ ബാധകമായേക്കാം. 2000 രൂപയുടെ ഇടപാടുകൾ മൊത്തം യു.പി.ഐ. ഇടപാടുകളുടെ അഞ്ചു ശതമാനം മാത്രമാണ്.
Content Highlights: Reserve Bank of India Governor Sanjay Malhotra stated that someone must bear the costs of sustaining the UPI infrastructure, as proposed legal amendments to the Payment and Settlement Systems Act may reintroduce merchant fees on digital transactions above ₹2,000.