ഗൂഗിളും മെറ്റയും അടക്കമുള്ളവയ്‌ക്കെതിരെ നിയമപോരാട്ടത്തിന് പ്രീതി സിന്റ; 'നഷ്ടപരിഹാരം വേണം'

#ടെക്‌നോളജി ഡെസ്‌ക്
1. പ്രീതി സിന്റ 2. പ്രതീകാത്മകചിത്രം | AFP, PTI
1. പ്രീതി സിന്റ 2. പ്രതീകാത്മകചിത്രം | AFP, PTI

ഗൂഗിൾ, മെറ്റ, എക്‌സ് എന്നിവ അടക്കമുള്ള സാമൂഹിക മാധ്യമ കമ്പനികൾക്കെതിരെ സിവിൽ കേസ് ഫയൽ ചെയ്യാൻ നടി പ്രീതി സിന്റയ്ക്ക് അനുമതി നൽകി ബോംബെ ഹൈക്കോടതി. എഐ (നിർമിതബുദ്ധി) നിർമ്മിത ഡീപ്ഫേക്കുകൾക്കും കൃത്രിമ ഉള്ളടക്കങ്ങൾക്കും എതിരെയാണ് നടി നിയമയുദ്ധത്തിന് ഒരുങ്ങുന്നത്. ഡീപ്‌ഫേക്കുകൾ അടക്കമുള്ളവ തന്റെ അവകാശങ്ങളെ ലംഘിക്കുന്നതായി അവർ ആരോപിക്കുന്നു.

സോഷ്യൽ മീഡിയ കമ്പനികൾ രാജ്യത്തിന് പുറത്തുള്ളവയാണെങ്കിലും ബോംബെ ഹൈക്കോടതിയിൽ സിവിൽ വ്യവഹാരം ഫയൽ ചെയ്യാൻ നടിക്ക് അനുമതിയുണ്ടെന്ന് ജസ്റ്റിസ് അഭയ് അഹുജ ഉത്തരവിൽ വ്യക്തമാക്കി. തെറ്റായ ഉള്ളടക്കം ഹോസ്റ്റ് ചെയ്യുന്നതിൽ നിന്ന് പ്ലാറ്റ്ഫോമുകളെ വിലക്കണം എന്നതിനൊപ്പം സാമ്പത്തിക നഷ്ടപരിഹാരവും നടിയുടെ നിയമസംഘം ആവശ്യപ്പെടുന്നുണ്ട്.

എഐ നിർമ്മിത ഡീപ്ഫേക്ക് വീഡിയോകൾ, കൃത്രിമമായി സൃഷ്ടിച്ച ചിത്രങ്ങൾ, മീമുകൾ, മറ്റ് ഡിജിറ്റൽ ഉള്ളടക്കങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടതാണ് നടിയുടെ ഹർജി. ഇവ തന്റെ വ്യക്തിപരമായ അവകാശങ്ങൾ, പകർപ്പവകാശം എന്നിവ ലംഘിക്കുന്നതായും തന്റെ പ്രതിച്ഛായയ്ക്കും സൽപേരിനും കളങ്കം വരുത്തുന്നതായും അവർ ആരോപിക്കുന്നു.

കുറ്റാരോപിതർ നടിയുമായി ബന്ധപ്പെട്ട തെറ്റായ ഉള്ളടക്കം ഓൺലൈനിൽ വ്യാപകമായി ലഭ്യമാക്കിയിട്ടുണ്ടെന്ന് സിന്റയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകൻ രോഹൻ കദം വാദിച്ചു. സിന്റ ഒരു ഇന്ത്യൻ പൗരയാണെന്നും മുംബൈയിലാണ് താമസിക്കുന്നതും പ്രവർത്തിക്കുന്നതുമെന്നും കദം കോടതിയെ അറിയിച്ചു. അവരുടെ സൽപേര്, പ്രതിച്ഛായ, വാണിജ്യ വ്യക്തിത്വം എന്നിവ ബോംബെ ഹൈക്കോടതിയുടെ അധികാരപരിധിയിൽ വേരൂന്നിയതുകൊണ്ട് ഈ കേസ് പരിഗണിക്കാൻ ഉചിതമായ വേദി ഇതാണെന്നും അദ്ദേഹം വാദിച്ചു.

തെറ്റായ ഉള്ളടക്കം മുംബൈയിൽ മാത്രമല്ല ലോകമെമ്പാടും ലഭ്യമാണെന്ന് കോടതി നിരീക്ഷിച്ചു. കേസിന്റെ ഒരു ഭാഗം ബോംബെ ഹൈക്കോടതിയുടെ അധികാരപരിധിയിൽ വരുന്നുണ്ടെങ്കിലും, പല കമ്പനികളും മുംബൈക്ക് പുറത്താണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ ഉള്ളടക്കം ഓൺലൈനിൽ പങ്കുവെക്കപ്പെടുകയും ചെയ്തു എന്ന് സിന്റയുടെ അഭിഭാഷകൻ വാദിച്ചു.

കോടതിയുടെ അനുമതി ലഭിച്ചതോടെ സിന്റയ്ക്ക് ഇനി ബഹുരാഷ്ട്ര കമ്പനികൾക്കെതിരെ നിയമ പോരാട്ടം ആരംഭിക്കാം. 'ബട്വാര 1947' എന്ന ചിത്രത്തിലൂടെ പ്രീതി സിന്റ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുന്നതിനിടെയാണ് നിയമ പോരാട്ടത്തിനുള്ള നീക്കം. ഓഗസ്റ്റ് 14-ന് ഈ ചിത്രം തിയേറ്ററുകളിലെത്തും.

Content Highlights: Bombay High Court permits Preity Zinta to file a civil suit against tech giants., Legal action targets AI-generated deepfakes and personality rights violations., Court acknowledges jurisdiction based on Zinta's residence and professional base., Plaintiff seeks permanent injunctions and financial damages from platforms., Preity Zinta is returning to cinema with the upcoming film Batwara 1947.