ബഹിരാകാശ വേഷവും സ്റ്റൈലാവും; നാസയുമായി കൈകോര്‍ത്ത് ആഡംബര ഫാഷന്‍ ഡിസൈനര്‍ പ്രാഡ

നാസയുടെ ബഹിരാകാശ സഞ്ചാരിയുടെ വേഷത്തിൽ ഒരു കുട്ടി (പ്രതീകാത്മക ചിത്രം) | Photo: Gettyimages
നാസയുടെ ബഹിരാകാശ സഞ്ചാരിയുടെ വേഷത്തിൽ ഒരു കുട്ടി (പ്രതീകാത്മക ചിത്രം) | Photo: Gettyimages

ബഹിരാകാശ സഞ്ചാരികളുടെ വേഷത്തില്‍ വലിയ മാറ്റങ്ങള്‍ ഇക്കാലംകൊണ്ട് സംഭവിച്ചിട്ടുണ്ട്. ശരീരചലനത്തിന് വലിയ പ്രയാസമുള്ള കുപ്പായങ്ങളില്‍നിന്ന് മാറി ഏറെ ഫ്‌ളക്‌സിബിളായ വസ്ത്രങ്ങളാണ് ഇപ്പോള്‍ സഞ്ചാരികള്‍ യാത്രകള്‍ക്കായി ധരിക്കുന്നത്. ഭാവിയിലേക്കായി ഒട്ടേറെ ബഹിരാകാശ ദൗത്യങ്ങള്‍ക്കൊരുങ്ങുന്ന നാസയുടെ സഞ്ചാരികള്‍ താമസിയാതെ ബഹിരാകാശ യാത്രകള്‍ക്കായി കൂടുതല്‍ സ്റ്റൈലിഷ് ആയ വസ്ത്രം ധരിച്ചേക്കും.

2025-ലെ നാസയുടെ ചാന്ദ്രദൗത്യത്തിനായി പുറപ്പെടുന്ന ബഹിരാകാശ സഞ്ചാരികള്‍ക്ക് ധരിക്കുന്നതിനുള്ള സ്‌പേസ് സ്യൂട്ടുകളുടെ രൂപകല്‍പനയില്‍ ആഡംബര ഫാഷന്‍ ഡിസൈനറായ പ്രാഡയും പങ്കാളിയാണെന്ന് ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്‌സിയം സ്‌പേസുമായി ചേര്‍ന്നാണ് ഇറ്റാലിയന്‍ ഫാഷന്‍ ബ്രാന്‍ഡായ പ്രാഡ സ്‌പേസ് സ്യൂട്ട് രൂപകല്‍പനയില്‍ പങ്കാളികളാവുക. 

ആർട്ടെമിസ് 2 ദൗത്യത്തിൽ യാത്ര ചെയ്യുന്ന സഞ്ചാരികൾ

വസ്ത്ര നിര്‍മാണവസ്തുക്കളിലുള്ള പ്രാഡയുടെ വൈദഗ്ദ്യവും നിര്‍മാണ മികവും ഇതിനായി പ്രയോജനപ്പെടുത്തുമെന്ന് ആക്‌സിയം സ്‌പേസ് ഒരു വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. 

ആഗോളതലത്തില്‍ പ്രചാരമുള്ള ഫാഷന്‍ ബ്രാന്‍ഡാണ് പ്രാഡ. വിവിധ ഫാഷന്‍ വേദികളില്‍ തിളങ്ങാറുള്ള പ്രാഡയുടെ വസ്ത്രനിര്‍മാണ വൈദഗ്ദ്യ ബഹിരാകാശ വസ്ത്രനിര്‍മാണത്തിനായി പ്രയോജനപ്പെടുത്തുകയാണ് ഇവിടെ. 

വിവിധ തരം തുണിത്തരങ്ങളില്‍ പ്രാഡയ്ക്കുള്ള പരിചയം ബഹിരാകാശ വസ്ത്രത്തിന്റെ പുറംപാളികളുടെ നിര്‍മാണത്തിന് സാങ്കേതികമായ സംഭാവന ചെയ്യാന്‍ സാധിക്കുമെന്ന് നാസയുടെ വിവിധ ദൗത്യങ്ങളില്‍ ഭാഗമായിട്ടുള്ള പ്രൊഫ. ജെഫ്രി ഹോഫ്മാന്‍ പറഞ്ഞു. 

സ്പേസ് എക്സിന്റെ ഡ്രാഗണ്‍ ക്രൂ കാപ്സ്യൂളിൽ സഞ്ചരിക്കുന്നവരുടെ വേഷം

എങ്കിലും ബഹിരാകാശ സഞ്ചാരികളെ ഫാഷന്‍ മോഡലുകളെ പോലുള്ള ഫാന്‍സി ലുക്കില്‍ കാണുമെന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്‌പേസ് സ്യൂട്ടിന്റെ അടിസ്ഥാന സ്വഭാവം ഉറപ്പാക്കേണ്ടതുണ്ട്. ബഹിരാകാശ പേടകത്തിന്റെ ഒരു ചെറുരൂപമാണ് സ്‌പേസ് സ്യൂട്ട് എന്നും ആവശ്യമായ മര്‍ദ്ദം, ഓക്‌സിജന്‍, ആവശ്യമായ താപനില എന്നിവയെല്ലാം അത് ഉറപ്പാക്കേണ്ടതുണ്ടെന്നും ഹോഫ്മാന്‍ പറഞ്ഞു. 

ആര്‍ട്ടെമിസ് 3 ദൗത്യത്തിന് ഉപയോഗിക്കുന്ന സ്‌പേസ് സ്യൂട്ട് ഈ വര്‍ഷം ആദ്യം ആക്‌സിയം സ്‌പേസ് പുറത്തിറക്കിയിരുന്നു. 55 കിലോഗ്രാം ഭാരമുള്ള ഈ സ്യൂട്ട് വനിതാ യാത്രികര്‍ക്കും അനുയോജ്യമാണ്. 

അടുത്ത വര്‍ഷം അവസാനമോ 2025 ആദ്യമോ വിക്ഷേപിക്കാനിരിക്കുന്ന ആര്‍ട്ടെമിസ് 3 ദൗത്യത്തിന് ഉപയോഗിക്കുന്ന വസ്ത്രത്തിന്റെ രൂപകല്‍പനയിലാണ് പ്രാഡ പങ്കാളിയാവുക. ആര്‍ട്ടെമിസ് 2 ദൗത്യത്തില്‍ ആദ്യമായി ഒരു വനിതയും ഒരു ആഫ്രോ വംശജനും പങ്കെടുക്കും. 

Content Highlights: Prada to design Nasa's new Moon suit