ബലൂചിസ്താനിലടക്കം അതിവേഗ ഇന്റർനെറ്റ് എത്തും; സ്റ്റാർലിങ്കിന് അനുമതി വൈകിച്ച് പാകിസ്താൻ

#ടെക്‌നോളജി ഡെസ്‌ക്
1. പ്രതീകാത്മകചിത്രം 2. ഇലോണ്‍ മസ്‌ക് | Photo - AP, starlink
1. പ്രതീകാത്മകചിത്രം 2. ഇലോണ്‍ മസ്‌ക് | Photo - AP, starlink

ഉപഗ്രഹ ഇന്റർനെറ്റ് എത്തിക്കാൻ ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്കിന് ലൈസൻസ് നൽകുന്നത് സംബന്ധിച്ച പാകിസ്താന്റെ തീരുമാനം ഡാറ്റാ സുരക്ഷാ ആശങ്കകൾ കാരണം വൈകുന്നു. സ്റ്റാർലിങ്കടക്കം അഞ്ച് കമ്പനികൾ പാകിസ്താനിൽ പ്രവർത്തനാനുമതി തേടുന്നുണ്ട്. എന്നാൽ സുരക്ഷാ പരിഗണനകളും ഭൗമരാഷ്ട്രീയ ഘടകങ്ങളും അംഗീകാരം നൽകുന്നത് മന്ദഗതിയിലാക്കിയതായി ഉദ്യോഗസ്ഥർ പറയുന്നു. ഡാറ്റാ കൈമാറ്റങ്ങൾക്കുമേലുള്ള പാകിസ്താന്റെ നിരീക്ഷണം, നിയന്ത്രണം, സുരക്ഷാ പരിശോധനകൾ എന്നിവയെ സ്റ്റാർലിങ്ക് മറികടന്നേക്കുമെന്ന ആശങ്ക പാക് സർക്കാർ ഉന്നയിച്ചിട്ടുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

ഡാറ്റാ സുരക്ഷ അടക്കമുള്ളവ ഉറപ്പാക്കുന്നതിനായി പരിശോധന നടത്താതെ സ്റ്റാർലിങ്കിന് ലൈസൻസ് നൽകാൻ കഴിയില്ലെന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എക്‌സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ടുചെയ്തു. പാകിസ്താനിൽനിന്ന് സുപ്രധാന വിവരങ്ങൾ സ്റ്റാർലിങ്ക് ശേഖരിക്കുമോ എന്ന ആശങ്ക പാക് ഭരണാധികാരികൾക്ക് മുന്നിലുണ്ട്. ഇത്തരം ആശങ്കകൾ പരിഹരിക്കാൻ പാക് സർക്കാർ ശ്രമിക്കുന്നുണ്ടെന്നും എന്നാൽ അനുമതി വൈകുമെന്നും ഉദ്യോഗസ്ഥർ പറയുന്നു.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇലോൺ മസ്‌കും തമ്മിലുള്ള ബന്ധത്തിലെ വിള്ളൽ അടക്കമുള്ളവയും പാകിസ്താൻ ഗൗരവമായി കണക്കിലെടുക്കുന്നുണ്ടെന്ന് മാധ്യമ റിപ്പോർട്ടിൽ പറയുന്നു. ഉപഗ്രഹ ഇന്റർനെറ്റ് സേവനങ്ങൾ ബലൂചിസ്ഥാൻ പോലുള്ള ബ്രോഡ്ബാൻഡ് ഇൻഫ്രാസ്ട്രക്ചർ പരിമിതമായ സ്ഥലങ്ങളിൽ ഇന്റർനെറ്റ് കണക്ടിവിറ്റി ലഭ്യമാക്കും. സ്വാതന്ത്ര്യ പോരാട്ടങ്ങൾ നടക്കുന്ന ബലൂചിസ്താനിൽ അവശ്യ ഘട്ടങ്ങളിൽ ഇന്റർനെറ്റ് ട്രാഫിക് നിരീക്ഷിക്കാനും സേവനങ്ങൾ താത്കാലികമായി നിർത്തിവെക്കാനും അധികൃതർക്ക് സാധിക്കുന്നുണ്ട്. സാറ്റലൈറ്റ് നെറ്റ്വർക്കുകളിൽ സമാനമായ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത് വെല്ലുവിളിയാകുമെന്ന ആശങ്ക ഉദ്യോഗസ്ഥർക്കുണ്ട്.

സ്റ്റാർലിങ്കിന് പുറമെ ചൈന ആസ്ഥാനമായുള്ള ഷാങ്ഹായ് സ്‌പേസ്‌കോം സാറ്റലൈറ്റ് ടെക്‌നോളജി ലിമിറ്റഡ് ഉൾപ്പെടെ അഞ്ച് കമ്പനികൾ പാകിസ്താനിലെ സാറ്റലൈറ്റ് ഇന്റർനെറ്റ് വിപണിയിൽ പ്രവേശിക്കാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. നിലവിൽ ചൈനീസ് സ്ഥാപനങ്ങൾക്ക് പാക് ടെലികോം മേഖലയിൽ ശക്തമായ സാന്നിധ്യമാണ് ഉള്ളത്. സ്റ്റാർലിങ്ക് പോലുള്ള യുഎസ് ആസ്ഥാനമായുള്ള കമ്പനികളെ മത്സര രംഗത്തെ എതിരാളികളായാണ് അവർ കണക്കാക്കുന്നത്.

അതിനിടെ മസ്‌കിന്റെ കമ്പനിയായ സ്‌പേസ്എക്‌സിന്റെ ഏറ്റവും പ്രധാന വരുമാന സ്രോതസ്സുകളിൽ ഒന്നായി സ്റ്റാർലിങ്ക് മാറിയിട്ടുണ്ട്. ലോകമെമ്പാടും ദശലക്ഷക്കണക്കിന് വരിക്കാരാണ് നിലവിൽ ഈ ഉപഗ്രഹ ഇന്റർനെറ്റ് സേവന ദാതാക്കൾക്കുള്ളത്. ഒറ്റപ്പെട്ട സ്ഥലങ്ങളിലും വിദൂര മേഖലകളിലും ഇൻർനെറ്റ് ലഭ്യമല്ലാത്ത പ്രദേശങ്ങളിലും ഉയർന്ന വേഗതയുള്ള ഇന്റർനെറ്റ് ലഭ്യമാക്കുകയാണ് അവർ ചെയ്യുന്നത്. എന്റർപ്രൈസ് - സർക്കാർ മേഖലകളിലേക്കും അവർ സർവീസുകൾ വിപുലീകരിക്കുകയാണ്.

Content Highlights: Pakistan has postponed Starlink`s satellite internet license due to data security, geopolitical concerns, and competition from Chinese firms.