ChatGPT-യിലെ പരസ്യം 26 രാജ്യങ്ങളിലേക്കുകൂടി; ചോദ്യങ്ങൾക്കുള്ള മറുപടിയെ സ്വാധീനിക്കില്ലെന്ന് കമ്പനി

പരസ്യ വിഭാഗം കൂടുതൽ വിപുലീകരിക്കാൻ നിർമിതബുദ്ധി കമ്പനിയായ ഓപ്പൺഎഐ. ചാറ്റ്ജിപിടി പരസ്യങ്ങൾ 26 രാജ്യങ്ങളിൽ കൂടി അവതരിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ഉപയോക്താക്കളുടെ ചോദ്യങ്ങൾക്ക് ചാറ്റ്ജിപിടി നൽകുന്ന മറുപടികളിൽ നിന്ന് പരസ്യം വേറിട്ടുനിൽക്കുമെന്നും അവ ഉത്തരങ്ങളെ ഒരുതരത്തിലും സ്വാധീനിക്കില്ലെന്നും കമ്പനി പറയുന്നു.
ഇതോടെ ചാറ്റ്ജിപിടി പരസ്യങ്ങൾ ലോകമെമ്പാടുമുള്ള 89 രാജ്യങ്ങളിലേക്കാണ് വ്യാപിച്ചിരിക്കുന്നത്. അർജന്റീന, പെറു, നൈജീരിയ, ദക്ഷിണാഫ്രിക്ക, യുക്രെയ്ൻ തുടങ്ങിയ രാജ്യങ്ങളിലെ സൗജന്യ ഉപയോക്താക്കൾക്കും ഗോ (Go) സബ്സ്ക്രൈബർമാർക്കും ചാറ്റ്ജിപിടിയിൽ പരസ്യങ്ങൾ കണ്ടുതുടങ്ങുമെന്ന് ഓപ്പൺഎഐ അറിയിച്ചു.
ഗൂഗിളിനെയും മെറ്റയേയും പിന്തുടരാൻ ഒപ്പൺഎഐ
എഐ ബിസിനസിന്റെ സുപ്രധാന ഭാഗമായി പരസ്യങ്ങളെയും ഉപയോഗിക്കാനുള്ള കമ്പനിയുടെ തന്ത്രത്തിന്റെ ഭാഗമാണ് നീക്കം. എന്റർപ്രൈസ് കരാറുകൾ, സബ്സ്ക്രിപ്ഷനുകൾ, ആപ്ലിക്കേഷൻ പ്രോഗ്രാമിങ് ഇന്റർഫേസുകൾ എന്നിവയ്ക്കൊപ്പം പരസ്യങ്ങളെയും കമ്പനി പ്രധാന വരുമാന സ്രോതസായാണ് പരിഗണിക്കുന്നത്. ഗൂഗിൾ, മെറ്റ തുടങ്ങിയ പ്രമുഖ ടെക് കമ്പനികൾക്ക് ഡിജിറ്റൽ പരസ്യങ്ങൾ എക്കാലത്തും വലിയൊരു വരുമാന സ്രോതസ്സാണ്. ഏതേ തന്ത്രമാണ് ഓപ്പൺഎഐയും പിന്തുടരുന്നത്.
വരുമാനം ഉയർത്തി പരസ്യങ്ങൾ
മാർച്ചിൽ 100 മില്യൺ (10 കോടി) ഡോളർ ആയിരുന്ന ഓപ്പൺഎഐയുടെ പരസ്യ വരുമാനം ഓഗസ്റ്റിൽ 1 ബില്യൺ (100 കോടി) ഡോളറായി ഉയർന്നതായി സിഎൻബിസി റിപ്പോർട്ട് ചെയ്തിരുന്നു. പ്ലാറ്റ്ഫോമിൽ 100,000-ത്തിലധികം പരസ്യദാതാക്കൾ കാമ്പെയ്നുകൾ നടത്തിയിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കുന്നു.
പരിഹസിച്ച് ആന്ത്രോപിക്
ഫെബ്രുവരിയിൽ അമേരിക്കയിലാണ് കമ്പനി പരസ്യങ്ങൾ പരീക്ഷിച്ചുതുടങ്ങിയത്. എന്നാൽ എഐ രംഗത്തെ മുഖ്യ എതിരാളിയായ ആന്ത്രോപിക് ഈ തീരുമാനത്തെ പരിഹസിച്ചിരുന്നു. തങ്ങളുടെ എഐ ചാറ്റ്ബോട്ട് ക്ലോഡ് പരസ്യരഹിതമായി നിലനിർത്തുമെന്ന് കമ്പനി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
Content Highlights: OpenAI rolls out ChatGPT Ads to 26 additional countries, bringing the total to 89., Ads will be shown to free users and Go subscribers in countries like Argentina, Peru, and Nigeria., OpenAI's ad business reached $1 billion in annualized revenue run rate in August., Over 100,000 advertisers have run campaigns on the ChatGPT platform so far., Rival Anthropic continues to keep its Claude chatbot completely ad-free.