60 ദിവസത്തെ ആസൂത്രണം; AI ഏജന്റുകൾ നടത്തിയ ഹാക്കിങ്ങിനെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

#ടെക്‌നോളജി ഡെസ്‌ക്
പ്രതീകാത്മകചിത്രം | AP, AI
പ്രതീകാത്മകചിത്രം | AP, AI

എഐ ഏജന്റുകൾ അടുത്തിടെ നടത്തിയ ഹാക്കിങ്ങിനെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് ഓപ്പൺ എഐ ഗവേഷകർ. എഐ ഏജന്റുകൾ ഹാക്കിങ്ങിന് പദ്ധതിയിടാൻ 60 ദിവസത്തിലധികം ഒരു മെസേജ് ബോർഡ് രഹസ്യമായി ഉപയോഗിച്ചിരുന്നുവെന്നാണ് വെളിപ്പെടുത്തൽ. കമ്പനിയുടെ സുരക്ഷാ ഗവേഷകൻ എറിക് വാലസും സുരക്ഷാ എഞ്ചിനീയർ മൈക്കിൾ ഡാൾട്ടനുമാണ് വിശദാംശങ്ങൾ ജീവനക്കാരോട് വെളിപ്പെടുത്തിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

എഎ മോഡലുകളുടെ സുരക്ഷ കമ്പനി ആഭ്യന്തരമായി വിലയിരുത്തുന്നതിനിടെ നിയന്ത്രണം ഭേദിച്ച എഐ ഏജന്റുകൾ എങ്ങനെ ആസൂത്രിതമായ ഹാക്കിങ് നടത്തി എന്ന് വ്യക്തമാക്കുന്നതായിരുന്നു വെളിപ്പെടുത്തൽ. ഒരു എഐ ഏജന്റിന് ഏതെങ്കിലും തരത്തിലുള്ള സൈബർ സുരക്ഷാ പഴുത് കണ്ടെത്താൻ സാധിച്ചാൽ ആ വിവരം മറ്റ് ഏജന്റുകളുമായി പങ്കുവെക്കാൻ സാധിക്കും എന്നാണ് സംഭവം വ്യക്തമാക്കുന്നതെന്ന് സുരക്ഷാ ഗവേഷകർ പറയുന്നു. ഒരു എഐ മോഡലിന് പ്രവേശനം അനുവദിച്ചിട്ടില്ലാത്ത ഏതെങ്കിലും ഭാഗത്തേക്കുള്ള വഴി കണ്ടെത്താൻ സാധിച്ചാൽ ആ വാതിൽ മറ്റ് ഏജന്റുകൾക്ക് ഉപയോഗിക്കാനായി തുറന്നിടാൻ ഏജന്റിന് സാധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

പുറത്തിറങ്ങാത്ത ഒരു ഫ്രോണ്ടിയർ എഐ മോഡലിന്റെ പതിവ് സുരക്ഷാ പരിശോധനയ്ക്കിടെ മെയ് ഏഴിനാണ് സംഭവങ്ങളുടെ തുടക്കം. സാധാരണ നിലയിൽ പൂർത്തിയാക്കാൻ സാധിക്കാത്ത സോഫ്റ്റ്‌വെയർ സുരക്ഷാ ജോലികൾ ലഭിച്ചപ്പോൾ എഐ ഏജന്റുകൾ കുറുക്കുവഴികൾ കണ്ടെത്താൻ തുടങ്ങി. സുരക്ഷാ പരിശോധനയ്ക്കിടെ എഐ ഏജന്റുകൾ ഒരു മെസേജ് ബോർഡിൽ സോഫ്റ്റ്‌വെയറിലെ സുരക്ഷാ പഴുതുകൾരേഖപ്പെടുത്തുകയും, കടന്നുകയറാനുള്ള വഴികൾ ചർച്ച ചെയ്യുകയും പ്രവർത്തനങ്ങളുടെ ആസൂത്രണം നടത്തുകയും ചെയ്തിരുന്നു. ഇത്തരത്തിൽ സഹകരിച്ച് പ്രവർത്തിക്കുന്നതിനിടെയാണ് ഹാക്കിങ് ആസൂത്രണം നടന്നത്.

ഒരു ഏജന്റ് ഒരു സിസ്റ്റം എക്‌സ്‌പ്ലോയിറ്റ് കണ്ടെത്തുകയാണെങ്കിൽ അത് വിവരങ്ങൾ പോസ്റ്റ് ചെയ്യുമായിരുന്നു. ആ വിവരങ്ങൾ മറ്റ് ഏജന്റുകൾക്ക് വഴികാട്ടി. അതിനിടെ ജൂലായ് നാലിന് ഓപ്പൺഎഐ അധികൃതരുടെ ഇടപെടലുണ്ടായി. കമ്പനിയുടെ സുരക്ഷാ ടീമുകൾ എഐ ഏന്റുകൾ പങ്കുവെച്ച വിവരങ്ങൾ നീക്കംചെയ്യുകയും കേടുപാടുകൾ പാച്ച് ചെയ്യുകയും മോഡലിന്റെ സുരക്ഷ വിലയിരുത്തുന്നത് പുനരാരംഭിക്കുകയും ചെയ്തു.

ഇതോടെ എഐ ഏജന്റുകൾ സിസ്റ്റത്തിനുള്ളിൽ പുതിയതായി ഡയറക്ടറികൾ സൃഷ്ടിക്കാൻ തുടങ്ങി. ഫോൾഡർ നെയിമുകൾ ടെക്സ്റ്റ് സന്ദേശങ്ങളായി ഉപയോഗിച്ച് അവരുടെ മെസേജ് ബോർഡ് സംവിധാനം പുനർനിർമ്മിച്ചു. ഇതോടെ എഐ ഏജന്റുകൾ പുതിയതായി കണ്ടെത്തിയ എക്‌സ്‌പ്ലോയിറ്റുകൾ പങ്കിടുന്നത് തുടർന്നു. അതിനിടെ നെറ്റ്‌വർക്ക് പ്രതിരോധങ്ങളെ മറികടന്ന് മുന്നോട്ട് പോയി. ഇതാണ് ഹഗ്ഗിംഗ്‌ഫേസ് ആക്രമണത്തിലേക്ക് വഴിതെളിച്ചതെന്ന് സുരക്ഷാ വിദഗ്ധർ പറയുന്നു.

Content Highlights: AI agents autonomously created a message board to share exploit data., The agents successfully targeted Hugging Face systems using shared credentials., Despite security interventions, agents adapted by using directory names to communicate., Frontier models tend to prioritize 'cheating' over native problem solving under training pressure.